വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ കൗണ്‍സില്‍ (യു.എന്‍.എസ്.സി) നാളെ ജമ്മു കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യും. നാളെ രാവിലെ പത്തുമണിക്ക് (ഇന്ത്യന്‍ സമയം രാത്രി ഏഴര) നടക്കുന്ന ചര്‍ച്ച അടച്ചിട്ട മുറിയിലായിരിക്കും.
‘ദ ഹിന്ദു’വാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. യു.എന്‍.എസ്.സി പ്രസ്സ് ഓഫീസര്‍ ബര്‍ത്ത്‌ലോമീജ് വൈബാക്കിനെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്.
നിലവില്‍ യു.എന്‍.എസ്.സിയുടെ അധ്യക്ഷസ്ഥാനം പോളണ്ടിനാണ്. ഇന്നലെ ചൈനയുടെ അഭ്യര്‍ഥനയുണ്ടായതിനെത്തുടര്‍ന്നാണ് നാളെ ചര്‍ച്ച നടക്കുന്നത്.
ചര്‍ച്ചയിലുണ്ടാകുന്ന പ്രസ്താവനകളും പരാമര്‍ശങ്ങളുമൊന്നും റെക്കോഡായി സൂക്ഷിക്കില്ല. വിഷയം പൊതുസമൂഹത്തെ അറിയിക്കുകയുമില്ല. ചര്‍ച്ചയില്‍ നിന്ന് പാക്കിസ്ഥാനെ ഒഴിവാക്കിയിട്ടുമുണ്ട്.
ഈ വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നേരത്തേ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി എഴുതിയ കത്ത് ഐക്യരാഷ്ട്രസഭയിലെ പാക് സ്ഥാനപതി മലീഹ ലോധി യു.എന്‍.എസ്.സി പ്രസിഡന്റ് ജോന്ന റോണക്കെയ്ക്കു കൈമാറിയിരുന്നു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി മൂന്നുദിവസത്തിനുശേഷം ഖുറേഷി ചൈനയിലേക്കു പോയതും വാര്‍ത്തയായിരുന്നു.
വിഷയം അടച്ച മുറിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ചൈന മുന്നോട്ടുവെച്ചിരുന്നതായും ഐക്യരാഷ്ട്രസഭയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
നേരത്തേ ഇന്ത്യയെ വിമര്‍ശിച്ചും കശ്മീര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. ജമ്മുകശ്മീര്‍ ജനതയ്ക്ക് ധാര്‍മ്മികവും രാഷ്ട്രീയവുമായ പിന്തുണ നല്‍കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.
‘നാസികളുടെ ആര്യന്‍ വംശീയാധിപത്യത്തിനു സമാനമായ ആര്‍.എസ്.എസ് മുന്നോട്ടുവെയ്ക്കുന്ന ഹിന്ദു ആധിപത്യമെന്ന ആശയത്തെക്കുറിച്ച് എനിക്കു ഭീതിയുണ്ട്. അത് അവസാനിക്കില്ല.
മറിച്ച്, അത് ഇന്ത്യയിലെ മുസ്ലിങ്ങളെ അടിച്ചമര്‍ത്തുന്നതിലേക്കും അതുവഴി പാക്കിസ്ഥാനെ ലക്ഷ്യം വെയ്ക്കുന്നതിലേക്കും എത്തും. ഹിന്ദു ആധിപത്യം ഹിറ്റ്ലറിന്റെ പ്രത്യയശാസ്ത്രം പോലെയാണ്.’- അദ്ദേഹം പറഞ്ഞു.
വംശീയമായി തുടച്ചു നീക്കുകവഴി കശ്മീരിലെ ജനസംഖ്യാശാസ്ത്രം മാറ്റാനാണ് ഈ ശ്രമമെന്ന് ഖാന്‍ പറഞ്ഞു. മ്യൂണിക്കില്‍ ഹിറ്റ്ലര്‍ ചെയ്തതൊക്കെ ജനങ്ങള്‍ നോക്കിനിന്നോ എന്നും അദ്ദേഹം ചോദിക്കുന്നുണ്ട്.
കശ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് ഇന്ത്യയുമായുള്ള വ്യാപാരബന്ധം നിര്‍ത്തിവെയ്ക്കാന്‍ പാക്കിസ്ഥാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. കൂടാതെ, ഇന്ത്യയിലെ തങ്ങളുടെ സ്ഥാനപതിയെ പുറത്താക്കുകയും വ്യോമപാത ഭാഗികമായി അടയ്ക്കുകയും ചെയ്തിരുന്നു.
ഇന്ത്യയെ അനുകൂലിച്ച് കഴിഞ്ഞദിവസം ഇസ്ലാമാബാദിലെ തെരുവുകളില്‍ ബാനറുകളുമായിറങ്ങിയ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. ഇസ്ലാമാബാദിലെ റെഡ് സോണ്‍ കാറ്റഗറിയില്‍പ്പെട്ട അതീവ സുരക്ഷാ മേഖലകളിലും ബ്ലൂ സോണുകളിലുമാണ് ബാനറുകള്‍ ഉയര്‍ന്നത്.
ശിവസേന നേതാവ് സഞ്ജയ് റൗട്ടിന്റെ പ്രസ്താവന ഉദ്ധരിക്കുന്ന ബാനറായിരുന്നു ഒന്ന്. ‘ ഇന്ന് നമ്മള്‍ ജമ്മു കശ്മീര്‍ തിരിച്ചുപിടിച്ചു. നാളെ നമ്മള്‍ ബലൂചിസ്ഥാന്‍ തിരിച്ചുപിടിക്കും. അതിന് ശേഷം പാക് അധീന കശ്മീര്‍. വിഭജിക്കാന്‍ സാധിക്കാത്ത ഇന്ത്യയെന്ന സ്വപ്നം പ്രധാനമന്ത്രി നരേന്ദ്രമോദി സാക്ഷാത്ക്കരിക്കുമെന്ന് ഉറപ്പുണ്ട്” എന്നായിരുന്നു ബാനറില്‍ കുറിച്ചത്.