ന്യൂയോര്‍ക്ക്: റഷ്യയുടെ ഉക്രൈന്‍ അധിനിവേശം ആരംഭിച്ചതിന് ശേഷമുള്ള ആദ്യത്തെ സംയുക്ത പ്രസ്താവന ഇറക്കാന്‍ തീരുമാനിച്ച് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍. പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ചാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സംയുക്ത പ്രസ്താവന ഇറക്കുന്നത്.
ചൈന, അമേരിക്ക, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍ എന്നീ സ്ഥിര പ്രതിനിധികള്‍ ഉള്‍പ്പെടെ 15 അംഗങ്ങളാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഉള്ളത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ ഉക്രൈന് പുതിയ സുരക്ഷാ സഹായം പ്രഖ്യാപിക്കുകയും കൂടുതല്‍ ഫണ്ട് അനുവദിക്കാന്‍ നിയമനിര്‍മാതാക്കളോട് ആവശ്യപ്പെടുകയും ചെയ്തു.
മരിയോപോളില്‍ ഉപരോധമേര്‍പ്പെടുത്തിയ അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റിന് സമീപത്ത് നിന്നും കൂടുതല്‍ സാധാരണക്കാരെ ഒഴിപ്പിച്ചതായി ഉക്രൈന്‍ അറിയിച്ചു. ഡോണ്‍ബാസില്‍ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി റീജിയണല്‍ ഗവര്‍ണര്‍ പറഞ്ഞിരുന്നു.
അതേസമയം നാസി ജര്‍മനിക്കെതിരായ സോവിയറ്റ് യൂണിയന്റെ 77ാം വിജയ വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് റഷ്യ. എന്നാല്‍ ഉക്രൈനില്‍ യുദ്ധം നടന്നുകൊണ്ടിരിക്കുമ്പോഴുള്ള വിജയാഘോഷത്തെ കരുതലോടെയാണ് നിരീക്ഷകര്‍ നോക്കിക്കാണുന്നത്.
തങ്ങളുടെ അധിനിവേശത്തിന്റെ ചരിത്രം ഉക്രൈനില്‍ തുടരുമെന്നത് സൂചിപ്പിക്കാനാണോ ജര്‍മനിക്ക് മേലുള്ള വിജയത്തിന്റെ വാര്‍ഷികം ആഘോഷിക്കുന്നതിലൂടെ പുടിന്‍ ശ്രമിക്കുന്നതെന്ന് ചില നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.