ന്യൂയോര്‍ക്ക്: അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തെഹരീക് ഇ താലിബാന്‍ പാകിസ്ഥാന്‍ (ടി.ടി.പി) പാകിസ്ഥാന് നിരന്തര സുരക്ഷാ ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭാ സെക്യൂരിറ്റി കൗണ്‍സില്‍ റിപ്പോര്‍ട്ട്.
ടി.ടി.പിയുമായി നിരന്തരം നടത്തിവരുന്ന സമാധാന ചര്‍ച്ചകള്‍ ഫലം കാണുന്നില്ലെന്നും ‘1988 താലിബാന്‍ സാങ്ഷന്‍ കമ്മിറ്റി മോണിറ്ററിങ്ങ് ടീം’ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരോധിത സംഘടനയായ ടി.ടി.പിക്ക് താലിബാനുമായുള്ള ബന്ധത്തെക്കുറിച്ചും അഫ്ഗാനിസ്ഥാന്‍- പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കിഴക്ക്, വടക്കുകിഴക്ക് മേഖലകളിലായി അവര്‍ക്ക് 4000ലധികം ഫൈറ്റേഴ്‌സുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അഫ്ഗാന്‍ മുന്‍ പ്രസിഡന്റ് അഷ്‌റഫ് ഗനിയുടെ സര്‍ക്കാര്‍ വീണപ്പോള്‍ ടി.ടി.പി അത് മുതലെടുത്തതായും അഫ്ഗാനിലെ മറ്റ് ഭീകരവാദ സംഘങ്ങളുമായി ഇവര്‍ ബന്ധങ്ങള്‍ സൃഷ്ടിച്ചെടുത്തതായും യു.എന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്ത പ്രകാരം വിദേശ ഫൈറ്റേഴ്‌സ് ഏറ്റവുമധികമുള്ള അഫ്ഗാനി ഭീകരവാദ സംഘടനയാണ് ടി.ടി.പി.
2021 ഓഗസ്റ്റില്‍ താലിബാന്‍ അഫ്ഗാന്റെ ഭരണം പിടിച്ചെടുത്തതിന് ശേഷം യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് വേണ്ടി താലിബാന്‍ സാങ്ഷന്‍ കമ്മിറ്റി മോണിറ്ററിങ്ങ് ടീം പുറത്തുവിടുന്ന ആദ്യത്തെ റിപ്പോര്‍ട്ടാണ് ഇത്.
താലിബാന്റെ ആഭ്യന്തര പൊളിറ്റിക്‌സ്, സാമ്പത്തിക മേഖല, അല്‍ ഖ്വയിദ പോലുള്ള ഭീകരവാദ സംഘടനകളുമായുള്ള ബന്ധം എന്നിവയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അതേസമയം, പാകിസ്ഥാന്‍ സര്‍ക്കാരും ടി.ടി.പിയും തമ്മില്‍ ഇക്കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മൂന്നാം റൗണ്ട് ചര്‍ച്ച ആരംഭിച്ച സാഹചര്യത്തില്‍ കൂടിയാണ് യു.എന്നിന്റെ റിപ്പോര്‍ട്ടും പുറത്തുവിട്ടിരിക്കുന്നത്.
Content Highlight: UN Security Council report says Afghanistan Tehreek-e-Taliban Pakistan is a persistent threat to Pakistan