ന്യൂയോർക്ക്: ചെങ്കടലിൽ കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഹൂത്തികൾ അവസാനിപ്പിക്കണമെന്നും ഹൂത്തികൾ പിടിച്ചെടുത്ത ഗ്യാലക്സി ലീഡർ എന്ന കപ്പൽ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ട് പ്രമേയം പാസാക്കി യു.എൻ രക്ഷാ സമിതി.
ആഗോള വ്യാപാരത്തെയും ഗതാഗത അവകാശങ്ങളെയും പ്രാദേശിക സമാധാനത്തെയും ഹനിക്കുന്ന ആക്രമണങ്ങൾ ഹൂത്തികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രക്ഷാ സമിതിയിലെ 11 അംഗങ്ങൾ വോട്ട് ചെയ്തു.
അൽജീരിയ, ചൈന, മൊസാംബിക്, റഷ്യ എന്നീ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു. സ്ഥിരാംഗങ്ങളായ ചൈനയും റഷ്യയും വീറ്റോ പ്രയോഗിച്ചില്ല.
ജപ്പാനും യു.എസും ചേർന്നാണ് പ്രമേയം അവതരിപ്പിച്ചത്.
‘ഹൂത്തികളോടുള്ള ലോകത്തിന്റെ സന്ദേശം വളരെ വ്യക്തമാണ്. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കുക.
ഈ പ്രമേയത്തിലൂടെ ചെങ്കടലിലൂടെയുള്ള സ്വതന്ത്രമായ ഗതാഗതം ഉറപ്പാക്കുന്നതിന് സമിതി തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റി,’ യു.എസിന്റെ യു.എൻ അംബാസിഡർ ലിൻഡ തോമസ് ഗ്രീൻഫീൽഡ് പറഞ്ഞു.
ചെങ്കടലിൽ വാണിജ്യ കപ്പലുകൾക്ക് നേരെ 26 പ്രാവശ്യം ഹൂത്തികൾ ആക്രമണം നടത്തിയതായി യു.എസ് അറിയിച്ചിരുന്നു.
നവംബർ 19നാണ് മൊസാദുമായി അടുത്ത ബന്ധമുള്ള ഇസ്രഈലി കോടീശ്വരൻ റാമി ഉൻഗറിന്റെ ഉടമസ്ഥതയിലുള്ള ഗ്യാലക്സി ലീഡർ എന്ന കപ്പൽ ഹൂത്തികൾ പിടിച്ചെടുത്തത്.
പിന്നീട് ഈ കപ്പൽ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റിയതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.
എന്നാൽ ഈ കപ്പലിന് ഇസ്രഈലുമായി ബന്ധമില്ലെന്നും ഇത് ജപ്പാൻ നിർമിത കപ്പലാണെന്നുമാണ് ഇസ്രഈലും അമേരിക്കയും പറയുന്നത്.
Content Highlight: UN Security Council passes resolution to stop attacks by Houthis in Red Sea