ജനീവ: ഗസയിലെ മാനുഷിക സഹായം എത്തിക്കുന്നത് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കരട് പ്രമേയം പാസാക്കി ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി.
അടിയന്തിര വെടിനിർത്തൽ ആവശ്യപ്പെടാത്ത പ്രമേയം അപര്യാപ്തമാണെന്ന് ഹമാസ് പറഞ്ഞു.
യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനുള്ള വ്യവസ്ഥകൾ സൃഷ്ടിക്കണമെന്ന് ആഹ്വാനം ചെയ്തെങ്കിലും പ്രമേയം യുദ്ധം ഉടൻ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നില്ല.
15 അംഗ സമിതിയിൽ 13 രാജ്യങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. യു.എസും റഷ്യയും വോട്ടെടുപ്പിൽ നിന്ന് വിട്ട് നിന്നു.
യുദ്ധം നിർത്തിവെക്കണമെന്ന റഷ്യൻ ഭേദഗതി യു.എസ് വീറ്റോ ചെയ്തതിന് പിന്നാലെയായിരുന്നു പ്രമേയത്തിൽ വോട്ടെടുപ്പ് നടന്നത്. റഷ്യ അവതരിപ്പിച്ച പ്രമേയം 10 പേർ അനുകൂലിച്ചപ്പോൾ യു.എസ് എതിർക്കുകയും നാല് രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു.
യു.എ.ഇ അവതരിപ്പിച്ച പ്രമേയം ദിവസങ്ങളുടെ ചർച്ചക്ക് ശേഷം, യു.എസ് ആവശ്യപ്രകാരം വാചകങ്ങളിൽ മാറ്റം വരുത്തിയാണ് രക്ഷാ സമിതിയിൽ വോട്ടെടുപ്പിനിട്ടത്.
നേരത്തെ രണ്ട് പ്രമേയങ്ങൾ യു.എസ് വീറ്റോ ചെയ്തിരുന്നു.
യു.എന്നിലെ റഷ്യൻ അംബാസിഡർ വാസിലി നെബെൻസ്യ പ്രമേയത്തെ പല്ലില്ലാത്തത് എന്ന് കുറ്റപ്പെടുത്തി. ഭീഷണിപ്പെടുത്തി കാര്യം നടത്തിയെടുക്കുക എന്ന തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട തന്ത്രമാണ് യു.എസ് പ്രയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Content Highlight: UN Security Council passes resolution demanding more Gaza aid deliveries