| Saturday, 7th January 2023, 11:41 am

ബെന്‍ ഗ്വിറിന്റെ അല്‍ അഖ്‌സ സന്ദര്‍ശന വിവാദം; മസ്ജിദില്‍ തല്‍സ്ഥിതി തുടരണമെന്ന് യു.എന്‍ രക്ഷാസമിതി; നടപടിയില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിഫോര്‍ണിയ: അധിനിവേശ കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദില്‍ തല്‍സ്ഥിതി തുടരണമെന്ന് യു.എന്‍ രക്ഷാസമിതി.

പുതിയ ഇസ്രഈലി സര്‍ക്കാരിലെ തീവ്ര വലതുപക്ഷ മന്ത്രിയായ ഇറ്റാമര്‍ ബെന്‍ ഗ്വിറിന്റെ (Itamar Ben-Gvir) അല്‍ അഖ്സ പള്ളി (al-Aqsa Mosque) സന്ദര്‍ശനം വലിയ വിവാദമാകുകയും ഇതിനെതിരെ വ്യാപകമായി പ്രതിഷേധമുയരുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിലാണ് സെക്യൂരിറ്റി കൗണ്‍സില്‍ പ്രത്യേകം യോഗം ചേരുകയും തല്‍സ്ഥിതി തുടരണമെന്ന് പ്രസ്താവനയിറക്കുകയും ചെയ്തത്.

അതേസമയം, ഇസ്രഈല്‍ മന്ത്രിയുടെ സന്ദര്‍ശനത്തിനെതിരെ ഏതെങ്കിലും തരത്തിലുള്ള നടപടിയെടുക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തയ്യാറായില്ല.

കുറച്ച് ദിവസം മുമ്പായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാരിലെ ദേശീയ സുരക്ഷാ വിഭാഗം മന്ത്രിയായ ബെന്‍ ഗ്വിര്‍ അല്‍ അഖ്‌സ പള്ളി കോമ്പൗണ്ടില്‍ പ്രവേശിച്ചത്.

ഇസ്രഈലിലെ യു.എസ്, ഫ്രഞ്ച്, യൂറോപ്യന്‍ യൂണിയന്‍ എംബസികളും ഫലസ്തീന്‍, സൗദി അറേബ്യ, യു.എ.ഇ അടക്കമുള്ള രാജ്യങ്ങളും സന്ദര്‍ശനത്തെയും ഇസ്രഈല്‍ മന്ത്രിയുടെ കടന്നുകയറ്റത്തെയും അപലപിച്ചുകൊണ്ട് പ്രസ്താവന പുറത്തിറക്കി രംഗത്തെത്തിയിരുന്നു.

തീവ്ര വലതുപക്ഷ മന്ത്രിയുടെ അല്‍ അഖ്സ സന്ദര്‍ശനം അങ്ങേയറ്റം പ്രകോപനപരമാണെന്നാണ് വിഷയത്തില്‍ ഫലസ്തീന്‍ പ്രതികരിച്ചത്.

ബെന്‍ ഗ്വിറിന്റെ സന്ദര്‍ശനത്തെ അപലപിച്ച സൗദി വിദേശകാര്യ മന്ത്രാലയം ഇസ്രഈല്‍ മന്ത്രിയുടെ നടപടി അങ്ങേയറ്റം പ്രകോപനപരമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

യു.എ.ഇയും സംഭവത്തെ അപലപിച്ചു. അല്‍-അഖ്സ മസ്ജിദ് അങ്കണത്തിലേക്ക് അതിക്രമിച്ച് കയറിയതിനെ അപലപിക്കുന്നുവെന്നും ഗുരുതരവും പ്രകോപനപരവുമായ നിയമലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നുവെന്നും യു.എ.ഇ പ്രതികരിച്ചു.

ജൂതര്‍ ഏറ്റവും പവിത്രമായി കണക്കാക്കുന്ന സ്ഥലവും ഇസ്ലാമിലെ മൂന്നാമത്തെ വിശുദ്ധ സ്ഥലവുമാണ് (മക്കക്കും മദീനക്കും ശേഷം) ഹില്‍ടോപ് സൈറ്റ് (hilltop site). ജൂതര്‍ ഇതിനെ ടെമ്പിള്‍ മൗണ്ട് (Temple Mount) (രണ്ട് ബൈബിള്‍ ക്ഷേത്രങ്ങളുടെ സ്ഥലം) എന്നും മുസ്‌ലിങ്ങള്‍ ഹറാം അല്‍-ഷരീഫ് (Haram al-Sharif) (മുഹമ്മദിന്റെ സ്വര്‍ഗാരോഹണ സ്ഥലം) എന്നുമാണ് വിളിക്കുന്നത്. മൊത്തം കോമ്പൗണ്ടിനെ അല്‍-അഖ്സ മസ്ജിദായാണ് മുസ്ലിങ്ങള്‍ കണക്കാക്കുന്നത്.

ഈസ്റ്റ് ജെറുസലേം, വെസ്റ്റ് ബാങ്ക് അധിനിവേശങ്ങള്‍ ആരംഭിച്ചത് മുതല്‍ ഇസ്രഈല്‍ അധികൃതരുടെ കീഴിലാണ് അല്‍ അഖ്‌സ പള്ളി സ്ഥിതി ചെയ്യുന്ന പ്രദേശം.

അല്‍-അഖ്സ പള്ളിയുടെ കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന, ഫലസ്തീന്‍ പൗരന്മാരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള അല്‍-യൂസുഫിയ ശ്മശാനം പൊളിച്ചുമാറ്റി പാര്‍ക്ക് സ്ഥാപിക്കാനുള്ള നീക്കവും ഇതിനിടെ ഇസ്രഈലി അതോറിറ്റി നടത്തുന്നുണ്ട്.

ജൂതര്‍ക്ക് വേണ്ടി 1.4 ഏക്കര്‍ വ്യാപിച്ച് കിടക്കുന്ന നാഷനല്‍ പാര്‍ക്ക് സ്ഥാപിക്കാനാണ് അതോറിറ്റി ലക്ഷ്യമിടുന്നത്. ശ്മശാനത്തെ മൂടുന്ന രീതിയിലായിരിക്കും പാര്‍ക്ക് വരിക. നീക്കത്തിനെതിരെ ഫലസ്തീന്‍ പൗരന്മാര്‍ ശക്തമായ പ്രതിഷേധത്തിലാണ്.

1967 മുതല്‍ നിലനില്‍ക്കുന്ന ഇസ്രഈല്‍ കരാറിലെ നിയമപ്രകാരം പള്ളിക്കുള്ളില്‍ മുസ്‌ലിങ്ങള്‍ക്ക് മാത്രമേ പ്രാര്‍ത്ഥിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍ അല്‍ അഖ്സ പ്രദേശത്ത് ജൂതര്‍ക്ക് പ്രാര്‍ത്ഥനക്ക് സൗകര്യമൊരുക്കുന്ന തരത്തില്‍ നിയമങ്ങളില്‍ മാറ്റം കൊണ്ടുവരണമെന്ന് നേരത്തെ ബെന്‍ ഗ്വിര്‍ പറഞ്ഞിരുന്നു.

പ്രദേശം നിയന്ത്രിക്കുന്നത് ഇസ്രഈലി സൈനികരാണ്.

Content Highlight: UN Security Council Over Al Aqsa Visit by Israeli minister Itamar Ben Gvir

Latest Stories

We use cookies to give you the best possible experience. Learn more