ചൈന പിന്മാറി; മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാകാതെ യു.എന്‍
World News
ചൈന പിന്മാറി; മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന ഇറക്കാനാകാതെ യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd February 2021, 1:07 pm

നായ്പിടോ: മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ സംയുക്ത പ്രസ്താവന അംഗീകരിക്കുന്നതില്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ പരാജയപ്പെട്ടു. മ്യാന്‍മറിന്റെ പ്രധാന സഖ്യകക്ഷിയും യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ സ്ഥിരാംഗവുമായ ചൈന വിട്ടുനിന്നതിനെ തുടര്‍ന്നാണ് സംയുക്ത പ്രസ്താവന ഇറക്കാന്‍ യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലിന് സാധിക്കാതിരുന്നത്.

സെക്യൂരിറ്റി കൗണ്‍സിലില്‍ വീറ്റോ അധികാരമുള്ള അംഗം കൂടിയാണ് ചൈന. ഫെബ്രുവരി ഒന്നിന് മ്യാന്‍മറില്‍ പട്ടാളം അട്ടിമറി നടത്തിയതിനെ തുടര്‍ന്നാണ് വെര്‍ച്ച്വലായി യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ യോഗം ചേര്‍ന്നത്.

ആങ് സാന്‍ സൂചിയും പ്രസിഡന്റ് വിന്‍ മിന്‍ടും നിരവധി പ്രവിശ്യാ മുഖ്യമന്ത്രിമാരുമുള്‍പ്പെടെയുള്ളവരെ സൈന്യം തടവിലാക്കിയതിന് പിന്നാലെയാണ് യു.എന്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചേര്‍ന്നത്.

ജനാധിപത്യത്തെ പിന്തുണച്ച് മ്യാന്‍മറില്‍ പ്രസ്താവന ഇറക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ മ്യാന്‍മര്‍ പ്രതിനിധിയുടെ ആവശ്യം പരിഗണിച്ചാണ് പതിനഞ്ചംഗ സുരക്ഷാ കൗണ്‍സിലില്‍ യു.കെ, എഴുതി തയ്യാറാക്കിയ പ്രമേയം പരിഗണിച്ചത്.

തങ്ങള്‍ ഭരണഘടനാപരമായേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും ജനാധിപത്യപരമായി തെരഞ്ഞെടുപ്പ് നടത്തുമെന്നുമാണ് അട്ടിമറി നീക്കങ്ങള്‍ക്കൊടുവില്‍ സൈന്യം പറഞ്ഞത്.നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്നും സൈന്യം ആരോപിച്ചു.

അതേസമയം സൈന്യത്തിന്റെ വാദങ്ങള്‍ തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു.നൂറോളം പാര്‍ലമെന്ററി അംഗങ്ങളെ തുറന്ന ജയിലില്‍ തടങ്കലിലാക്കിയിരിക്കുകയാണ്. ഒരു വര്‍ഷത്തേക്ക് അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്.

മ്യാന്‍മറിലെ പട്ടാള അട്ടിമറിക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.സൈന്യം ഉടന്‍ നടപടി പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം മ്യാന്‍മറിനുമേല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തണമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞിരുന്നു.

മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചിയേയും ഭരണകക്ഷിയിലെ മുതിര്‍ന്ന നേതാക്കളെയും അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്നതിന്റെ ഭാഗമായി കൂടിയാണ് സൈന്യം അടിയന്തരമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.

2015ലാണ് സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാര ജേതാവു കൂടിയായ ആങ് സാന്‍ സൂചി അധികാരത്തിലെത്തുന്നത്. പിന്നീട് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളോടുള്‍പ്പെടെയുള്ള അവരുടെ നയങ്ങള്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Security Council fails to agree statement condemning Myanmar coup