World News
യു.എൻ രക്ഷാ സമിതി ഇപ്പോൾ മരവിച്ചിരിക്കുന്നു: നമീബിയൻ ഉപപ്രധാനമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jan 23, 05:13 pm
Tuesday, 23rd January 2024, 10:43 pm

ന്യൂയോർക്ക്: യു.എൻ രക്ഷാ സമിതിയിലെ ഭൂരിപക്ഷം അംഗങ്ങളും വടക്കിൽ നിന്നുള്ളവരാണ് എന്നത് യു.എന്നിന്റെ അധികാര സന്തുലിതാവസ്ഥയിൽ ഗുരുതര പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നമീബിയൻ ഉപപ്രധാനമന്ത്രി നതുമ്പോ നന്ദി ദൈത്വ.

താഴ്ന്ന വരുമാനം ഉള്ളതും ഉയർന്ന വരുമാനമുള്ളതുമായ രാജ്യങ്ങളുടെ വികസന ആവശ്യങ്ങളെ അന്താരാഷ്ട്ര സംഘടനകൾ തുല്യമായി പിന്തുണയ്ക്കണമെന്നും അവർ ആർ.ടി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

‘യഥാർത്ഥത്തിൽ യു.എൻ രക്ഷാ സമിതി ഇപ്പോൾ മരവിച്ചിരിക്കുകയാണ്. ഈ കാരണം കൊണ്ട് ചേരിചേരാ പ്രസ്ഥാനം യു.എൻ രക്ഷാ സമിതിയുടെ പരിഷ്കരണം ആവശ്യപ്പെടുന്നത് തുടരും,’ നതുമ്പോ പറഞ്ഞു.

നമീബിയയെ വേൾഡ് ബാങ്ക് ഉയർന്ന മധ്യവർഗ വരുമാനമുള്ള രാജ്യമായാണ് കാണുന്നതെന്നും അതിനാൽ 25 ലക്ഷത്തിലധികം വരുന്ന നമീബിയൻ ജനതക്ക് സാമ്പത്തിക സ്രോതസുകൾ ലഭിക്കുവാൻ പ്രയാസപ്പെടുകയാണെന്നും അവർ പറഞ്ഞു.

വികസ്വര രാജ്യങ്ങളെ ധനകാര്യസ്ഥാപനങ്ങൾ സഹായിക്കുന്നില്ലെന്നും അവർ കുറ്റപ്പെടുത്തി.

ചേരിചേരാ പ്രസ്ഥാനത്തിനും വികസ്വര രാജ്യങ്ങളിലെ പുരോഗമന ശക്തികൾക്കും വിജയിക്കുവാൻ സാധിക്കുമെന്നും ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നും വിശ്വസിക്കുന്നതായി നതുമ്പോ പറഞ്ഞു.

ഉഗാണ്ടയിൽ ജനുവരി 15നും 20നുമിടയിൽ ചേരിചേരാ പ്രസ്ഥാനത്തിന്റെ 19ാമത് ഉച്ചകോടി നടന്നിരുന്നു. ഉച്ചകോടിയിൽ 120 രാജ്യങ്ങളിൽ നിന്നുള്ള 3000ത്തിലധികം പ്രതിനിധികൾ പങ്കെടുത്തിരുന്നു.

Content Highlight: UN Security Council currently paralyzed – African deputy PM