World News
ഹമാസ് തലവന്‍ ഹനിയെയുടെ കൊലപാതകത്തില്‍ അപലപിച്ച് യു.എന്‍ രക്ഷാസമിതി
ന്യൂയോര്‍ക്ക്: ഫലസ്തീനിലെ സായുധസംഘടനയായ ഹമാസിന്റെ രാഷ്ട്രീയകാര്യ തലവനായ ഇസ്മായില്‍ ഹനിയെയുടെ കൊലപാതകത്തില്‍ അപലപിച്ച് യു.എന്‍ രക്ഷാസമിതി. ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെസഷ്‌കിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ തലസ്ഥാന നഗരമായ ടെഹ്റാനിലെ ഔദ്യോഗിക വസതിയിലെത്തിയതായിരുന്നു ഹനിയെ. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കകം ഇറാന്റെ അഭ്യര്‍ത്ഥന മാനിച്ച് സുരക്ഷാസമിതി അടിയന്തരയോഗം വിളിക്കുകയായിരുന്നു.
ഹനിയെയുടെ കൊലപാതകത്തെ ബെയ്ജിങ് ശക്തമായി അപലപിക്കുന്നതായി യോഗത്തില്‍ സംസാരിച്ച യു.എന്നിലെ ചൈനീസ് സ്ഥാനപതി ഫു കോങ് പറഞ്ഞു. ഈ സംഭവം പശ്ചിമേഷ്യയിലെ പ്രക്ഷോഭം രൂക്ഷമാക്കുമെന്നതിനാല്‍ ചൈന ഈ വിഷയത്തില്‍ ആശങ്കാകുലരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹനിയെയുടെ കൊലപാതകം സമാധാനശ്രമങ്ങള്‍ അട്ടിമറിക്കാനുള്ള നഗ്‌നമായ ശ്രമമാണെന്ന് കൗണ്‍സില്‍ വിലയിരുത്തി.
അള്‍ജീരിയയും കൊലപാതകത്തിനെതിരെ ശക്തമായി പ്രതികരിച്ചു. ഇസ്രഈലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവും ഇറാന്റെ പരമാധികാരം ലംഘിക്കുന്ന ‘ഭീകരപ്രവര്‍ത്തനവുമാണന്ന്’ അള്‍ജീരിയന്‍ പ്രതിനിധി അമര്‍ ബെന്‍ജമ പറഞ്ഞു. ഇത് കേവലം ഒരു വ്യക്തിക്ക്മേല്‍ നടത്തിയ ആക്രമണമല്ല, മറിച്ച് നയതന്ത്രബന്ധങ്ങളുടെ അടിത്തറയ്ക്കും രാജ്യങ്ങളുടെ പരമാധികാരങ്ങളുടെയും മേലുള്ള ഹീനമായ ആക്രമണമാണ്.
ഇസ്രഈലിന്റെ ഈ ‘തീക്കളി’ ഗസ, വെസ്റ്റ് ബാങ്ക്, യെമന്‍, ലെബനന്‍, സിറിയ ഇപ്പോള്‍ ഇറാനെയും അക്രമത്തിലേക്ക് നയിച്ചു. ഈ ഭ്രാന്ത് എവിടെ ചെന്നവസാനിക്കും? ബെന്‍ജമ ചോദിക്കുന്നു. നിരപരാധികളുടെ രക്തം ചൊരിയുകയും അന്താരാഷ്ട്ര നിയമം ലംഘിക്കുകയും ചെയ്യുന്ന ഇത്തരം പ്രവണതകളോട് ലോകസമൂഹം നിശബ്ദത പാലിക്കരുത്. കൂടാതെ അടിയന്തരമായി ഗസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നും ബെന്‍ജമ ആവശ്യപ്പെട്ടു.
റഷ്യയും കൊലപാതകത്തെ അപലപിച്ചു. ഇതിനകം തന്നെ തിളച്ച് മറിയുന്ന പശ്ചിമേഷ്യയിലെ യുദ്ധാന്തരീക്ഷത്തിലേക്ക് ഇറാനെ വലിച്ചിഴയ്ക്കാനുള്ള ശ്രമമാണ് ഈ കൊലപാതകമെന്ന് യു.എന്നിലെ റഷ്യയുടെ ഡെപ്യൂട്ടി സ്ഥിരം പ്രതിനിധി ദിമിത്രി പോളിയാന്‍സ്‌കി പ്രതികരിച്ചു. ഉന്നത രാഷ്ട്രീയ -സൈനിക വ്യക്തിത്വങ്ങളെ ഉന്നംവെച്ചുള്ള ഇത്തരം കൊലപാതകങ്ങള്‍ പശ്ചിമേഷ്യയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. അതിനാല്‍ സുരക്ഷാ സമിതിയുടെ പ്രമേയം 1701ന്റെ സമഗ്രമായ നടപ്പാക്കല്‍ ഈ മേഖലയില്‍ ആവശ്യമാണെന്നും പോളിയാന്‍സ്‌കി യോഗത്തില്‍ ആവശ്യപ്പെട്ടു.
വിഷയത്തില്‍ യു.എന്നിലെ ഫലസ്തീനിന്റെ സ്ഥിരം പ്രതിനിധിയും പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രഈല്‍ പതിറ്റാണ്ടുകളായി ഫലസ്തീനികളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണ്. ഗസയില്‍ കഴിഞ്ഞ 300 ദിവസങ്ങളിലായി സ്ത്രീകളും കുട്ടികളുമടക്കം 130000ലധികം കൊല്ലപ്പെട്ടിട്ടുണ്ട്. ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രഈല്‍ ഏറ്റെടുത്തെ മതിയാകൂ. ഫലസ്തീന്‍ പ്രതിനിധി ഫെദ അബ്ദുല്‍ഹാദി നാസര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
Content Highlight: UN Security Council Condemns Killing Of Hamas Chief Ismail Haniyeh