| Thursday, 16th June 2022, 8:49 am

മതവിദ്വേഷത്തിന്റെ പേരില്‍ ഇന്ത്യയില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണം: ബി.ജെ.പി വക്താവിന്റെ പ്രവാചക നിന്ദാ പരാമര്‍ശത്തില്‍ ഐക്യരാഷ്ട്ര സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: മതവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും പേരില്‍ ഇന്ത്യയില്‍ നടക്കുന്ന എല്ലാ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്ര സഭ.

ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മയുടെ പ്രവാചക നിന്ദാ പരാമര്‍ശത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പശ്ചാത്തലത്തിലാണ് യു.എന്നിന്റെ പ്രതികരണം. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റ വക്താവ് സ്റ്റീഫന്‍ ദുജാറികാണ് വിഷയത്തില്‍ യു.എന്നിന്റെ നിലപാട് വ്യക്തമാക്കിയത്.

യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന് എല്ലാ മതങ്ങളോടും ആദരവാണുള്ളതെന്നും സ്റ്റീഫന്‍ ദുജാറിക് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

”ഈ വിഷയത്തില്‍ ഞങ്ങളുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഞങ്ങള്‍ എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്നു. വിദ്വേഷ പ്രസംഗങ്ങളെയും പ്രകോപനങ്ങളെയും ഞങ്ങള്‍ തള്ളിപ്പറയുന്നു.

എല്ലാ തരത്തിലുള്ള അക്രമങ്ങളും, പ്രത്യേകിച്ച് മതവ്യത്യാസത്തിന്റെയും വിദ്വേഷത്തിന്റെയും പേരില്‍ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നത്,” സ്റ്റീഫന്‍ ദുജാറിക് പറഞ്ഞു.

ഏത് രീതിയിലുള്ള വിദ്വേഷ പ്രസംഗവും അതിന് പ്രേരണ നല്‍കുന്ന കാര്യങ്ങളും നിര്‍ത്തലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടൈംസ് നൗവ് ചാനലില്‍ ഗ്യാന്‍വാപി വിഷയവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയില്‍ വെച്ചായിരുന്നു ബി.ജെ.പി വക്താവ് നുപുര്‍ ശര്‍മ മുസ്‌ലിം വിരുദ്ധ- പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയത്.

ഇതേത്തുടര്‍ന്ന് ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ, ബഹ്‌റൈന്‍ അടക്കമുള്ള ജി.സി.സി രാജ്യങ്ങളും മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളും നിരവധി സംഘടനകളും വിഷയത്തില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പ്രവാചക നിന്ദക്കെതിരെ ഇന്ത്യയ്ക്കകത്തും പുറത്തും വലിയ പ്രതിഷേധസമരങ്ങളും അരങ്ങേറിയിരുന്നു. പ്രതിഷേധം വ്യാപകമായതോടെ ബി.ജെ.പി നേതൃത്വം നുപുര്‍ ശര്‍മയെയും അവരുടെ ദല്‍ഹി വിഭാഗം മീഡിയ ചീഫ് നവീന്‍ കുമാര്‍ ജിന്‍ഡാലിനെയും പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: UN Secretary-General Antonio Guterres’ spokesperson calls for halt to violence in India after prophet remarks row

We use cookies to give you the best possible experience. Learn more