കീവ്: റഷ്യന്‍ സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ ഉക്രേനിയന്‍ നഗരങ്ങളില്‍ നിന്നും സാധാരണ പൗരന്മാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഞെട്ടിച്ചുവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സംഭവത്തില്‍ സ്വതന്ത്രമായി അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ നിന്ന് റഷ്യ സൈന്യത്തെ തിരിച്ചു വിളിച്ചിരുന്നു. സൈന്യത്തിന്റെ പിന്മാറ്റത്തിന് പിന്നാലെ കീവിന് അടുത്തുള്ള നഗരമായ ബുച്ചയില്‍ നിന്നും 410 പൗരന്മാരുടെ മൃദേഹങ്ങള്‍ കണ്ടെത്തിയെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
സ്ത്രീകളും കുട്ടികള്‍മുള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നും സംപ്രേഷണം ചെയ്ത ഗ്രാമി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി സാധ്യമാകുന്ന വഴികളില്‍ തന്റെ രാജ്യത്തെ സഹായിക്കണമെന്നും നിശബ്ദരായിരിക്കരുതെന്നും അഭ്യര്‍ത്ഥിച്ചു.
ഇര്‍പിന്‍, ബുച്ച, ഗോസ്റ്റോമെല്‍ ഉള്‍പ്പെടെ 30 ചെറുപട്ടണങ്ങള്‍ ഉക്രൈന്‍ തിരിച്ചുപിടിച്ചതായി പ്രസിഡന്റിന്റെ ഉപദേശകന്‍ ഒലെക്‌സി അരിസ്റ്റോവിച് അറിയിച്ചിരുന്നു.
റഷ്യന്‍ സേന പിന്‍വാങ്ങുന്ന പ്രദേശങ്ങളില്‍ കുഴിബോംബുകള്‍ നിക്ഷേപിച്ചതായി സെലെന്‍സ്‌കി ആരോപിച്ചു. ബ്രോവറി നഗരം ഉള്‍പ്പെടെ പ്രദേശങ്ങള്‍ ഉക്രൈന്‍ തിരിച്ചുപിടിച്ചെങ്കിലും കുഴിബോംബുകള്‍ നീക്കംചെയ്താല്‍ മാത്രമേ ഇവിടം വിട്ടവര്‍ക്കു തിരിച്ചുവരാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
ബുച്ചയിലെ ഒരു കുഴിയില്‍ 280നടുത്ത് മൃതദേഹങ്ങള്‍ മറവ് ചെയ്തതായി ബുച്ച മേയര്‍ അനറ്റോലി ഫെഡോറുക്ക് വാര്‍ത്താ ഏജന്‍സിയായ എ.എഫ്.പിയോട് പറഞ്ഞു. നഗരത്തിന്റെ പല ഭാഗങ്ങളിലും മൃതദേഹങ്ങള്‍ ചിതറിക്കിടക്കുകയാണ്.
Content Highlight: UN Secretary – General Antonio Guterres says he is shocked by the discovery of civilian bodies in Ukrainian cities