| Thursday, 22nd December 2022, 10:38 am

'വെളുത്ത വംശജരുടെ ആധിപത്യം, തീവ്ര വലതുപക്ഷം, നവ നാസികള്‍', ലോകത്തിന് ഭീഷണി: യു.എന്‍ സെക്രട്ടറി ജനറല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പാശ്ചാത്യ രാജ്യങ്ങളിലെ തീവ്ര വലതുപക്ഷ- വൈറ്റ് സുപ്രീമസി ഗ്രൂപ്പുകളാണ് ‘ഭീകരവാദത്തിന്റെ ഏറ്റവും വലിയ ഭീഷണി’ ഉയര്‍ത്തുന്നതെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്.

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ജര്‍മനിയില്‍ തീവ്ര വലതുപക്ഷ സംഘടനയിലെ 25 പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയായിരുന്നു മുന്നറിയിപ്പ് നല്‍കിക്കൊണ്ടുള്ള ഗുട്ടറസിന്റെ പ്രതികരണം.

ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്ത് നടന്ന വര്‍ഷാവസാന പത്രസമ്മേളനത്തിനിടെ തിങ്കളാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു യു.എന്‍ മേധാവി.

ജര്‍മനിയിലെ സംഭവം ലോകമെമ്പാടുമുള്ള ജനാധിപത്യ സമൂഹങ്ങള്‍ക്ക് തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണിയുടെ ഒരു ഉദാഹരണം മാത്രമാണെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.

”ഇന്ന് പാശ്ചാത്യ രാജ്യങ്ങളില്‍ ഭീകരതയുടെ ഏറ്റവും വലിയ ഭീഷണി വരുന്നത് തീവ്ര വലതുപക്ഷത്തുനിന്നും നവ നാസികളില്‍ നിന്നും വെള്ളക്കാരുടെ ആധിപത്യത്തില്‍ നിന്നുമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,” ഗുട്ടറസ് പറഞ്ഞു.

അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘ഭീകരതയ്ക്കെതിരായ പോരാട്ടം’ കാരണം ഇസ്‌ലാമോഫോബിയയും യഹൂദവിരുദ്ധതയും കുത്തനെ ഉയര്‍ന്നതില്‍ ലോകം ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും യു.എന്‍ മേധാവി കൂട്ടിച്ചേര്‍ത്തു.

ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഇസ്‌ലാമിക് കൗണ്‍സില്‍ ഓഫ് വിക്ടോറിയയുടെ (Islamic Council of Victoria) സമീപകാല റിപ്പോര്‍ട്ട് പ്രകാരം സോഷ്യല്‍ മീഡിയയിലെ മുസ്‌ലിം വിരുദ്ധ പോസ്റ്റുകളില്‍ 86 ശതമാനവും വരുന്നത് യു.എസ്, യുകെ, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നാണ്.

അതേസമയം, റീച്ച് സിറ്റിസണ്‍സ് (Reich Citizens) അഥവാ റീച്ച്ബേര്‍ഗര്‍ മൂവ്മെന്റിന്റെ (Reichsbuerger movement) അനുയായികളെ ലക്ഷ്യമിട്ടുകൊണ്ട് ഈ മാസമാദ്യം രാജ്യത്തുടനീളം നടത്തിയ റെയ്ഡുകളില്‍ 25 പേരെ ജര്‍മന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജര്‍മനിയിലെ 11 സംസ്ഥാനങ്ങളിലെ 130 നഗരങ്ങളിലായി 3000 പൊലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് നടത്തിയ റെയ്ഡിലൂടെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്.

സായുധാക്രമണത്തിലൂടെ ജര്‍മന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പദ്ധതിയിട്ടെന്ന് ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. സായുധ സംഘത്തിനൊപ്പം ജര്‍മന്‍ പാര്‍ലമെന്റിലേക്ക് അക്രമാസക്തരായി അതിക്രമിച്ചുകയറാന്‍ ഇവര്‍ ശ്രമിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ ആരോപണം.

ജര്‍മനിയുടെ യുദ്ധാനന്തര ഭരണഘടനയെ അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാരിനെ താഴെയിറക്കണമെന്നും റീച്ച് സിറ്റിസണ്‍സ് പ്രസ്ഥാനത്തിന്റെ അനുയായികള്‍ നേരത്തെ തന്നെ ആഹ്വാനം ചെയ്തിരുന്നു.

അമേരിക്കയിലും യൂറോപ്പിലും പ്രബലമായിക്കൊണ്ടിരിക്കുന്ന ക്വിനോണ്‍ ഗൂഢാലോചന സിദ്ധാന്തത്തെ (QAnon conspiracy theories) പിന്‍പറ്റുന്നവരാണ് ഈ സംഘടനയിലുള്ളവരെന്നാണ് റിപ്പോര്‍ട്ടുകള്‍.

2017ല്‍ അമേരിക്കയിലെ ട്രംപ് അനുകൂലികളായ തീവ്ര വലതുപക്ഷ ഗ്രൂപ്പുകളിലാണ് ഈ സിദ്ധാന്തം ആരംഭിച്ചത്. സാത്താന്‍ ആരാധകരും മനുഷ്യക്കടത്ത് നടത്തുന്നവരുമായ ഒരു ഗ്രൂപ്പാണ് അമേരിക്കയെ നയിക്കുന്നതെന്നും ഇവരില്‍ നിന്നും ഡൊണാള്‍ഡ് ട്രംപിന് മാത്രമേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയൂ എന്നുമായിരുന്നു തിയറിയില്‍ പറഞ്ഞിരുന്നത്.

ജര്‍മന്‍ പാര്‍ലമെന്റായ ബുണ്ടന്‍സ്റ്റാഗിലേക്ക് സായുധാക്രമണം നടത്താനും സര്‍ക്കാരിനെ അട്ടിമറിക്കാനുമായിരുന്നു ഇവര്‍ തീരുമാനിച്ചിരുന്നതെന്ന് ജര്‍മന്‍ പൊലീസിനെ ഉദ്ധരിച്ച് സി.ബി.എസ് ന്യൂസ് അടക്കമുള്ള വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നിലവിലെ സര്‍ക്കാരിനെ അട്ടിമറിച്ച് തങ്ങള്‍ ആഗ്രഹിക്കുന്ന ഭരണസംവിധാനം നിലവില്‍ വരുത്തണമെന്ന് ലക്ഷ്യമിട്ടാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

അതേസമയം, ജര്‍മനിയിലെ കേന്ദ്ര-സംസ്ഥാന സുരക്ഷാവകുപ്പുകളിലെ 327 ഉദ്യോഗസ്ഥര്‍ക്ക് തീവ്രവലതുപക്ഷ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഇക്കഴിഞ്ഞ മെയ് മാസത്തില് ആഭ്യന്തര വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു.

Content Highlight: UN Secretary General Antonio Guterres says ‘biggest terror threat’ is white supremacy in the West

We use cookies to give you the best possible experience. Learn more