ന്യൂദല്‍ഹി: ഉദയ്പൂരില്‍ യുവാവിനെ രണ്ടംഗ സംഘം ചേര്‍ന്ന് തലയറുത്ത് കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭ. എല്ലാ മതങ്ങളും പരസ്പരം ബഹുമാനിക്കണമെന്നും ലോകത്ത് സമാധാനപരമായി ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാക്കണമെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞതായി വക്താവ് സ്റ്റീഫന്‍ ഡുജാറിക് വ്യക്തമാക്കി. ഉദയ്പൂര്‍ കൊലപാതകത്തെ അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കൊലപാതവുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ നടക്കുന്ന മതപരമായ പ്രശ്‌നങ്ങളില്‍ യു.എന്‍ മേധാവിയുടെ പ്രതികരണം എന്താണ് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പ്രവാചക നിന്ദ നടത്തിയ ബി.ജെ.പി മുന്‍ വക്താവ് നുപുര്‍ ശര്‍മയെ അനുകൂലിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ടതിനാണ് യുവാവിനെ രണ്ടംഗ സംഘം തലയറുത്ത് കൊലപ്പെടുത്തിയത്.
ഉദയ്പൂരിലെ മാല്‍ദാസ് എന്ന സ്ഥലത്താണ് സംഭവം നടന്നത്. തയ്യല്‍ക്കട നടത്തിവരുന്ന കനയ്യ ലാല്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
കടയിലേക്ക് തുണി തയ്പ്പിക്കാനെന്ന വ്യാജേന എത്തിയ രണ്ട് പേര്‍ ചേര്‍ന്നാണ് കനയ്യ ലാലിനെ വെട്ടിക്കൊലപ്പെടുത്തിയത്. പിന്നീട് ഇയാളുടെ തല അറുത്തുമാറ്റിയെന്നും രാജസ്ഥാന്‍ പൊലീസ് പറഞ്ഞു. ആക്രമികളെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.
കനയ്യ ലാല്‍ ബി.ജെ.പി നേതാവ് നുപുര്‍ ശര്‍മ്മയ്ക്ക് അനുകൂല പോസ്റ്റിട്ടിരുന്നുവെന്ന് രാജസ്ഥാനിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും ഗെലോട്ട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. അക്രമികളെന്ന് കരുതുന്നവരുടെ വീഡിയോയും അതിനിടെ പുറത്തു വന്നിരുന്നു.
Content Highlight: Un says it condems udaipur killing