ബ്ലിങ്കന്‍: ഉക്രൈനില്‍ നിന്നുള്ള ധാന്യങ്ങളുടെ ആഗോള കയറ്റുമതി സുഗമമാക്കാനുള്ള ഒത്തുതീര്‍പ്പില്‍ നിന്ന് റഷ്യന്‍ സര്‍ക്കാര്‍ പിന്മാറിയതായി പരാതി. ഇതിന് പിന്നാലെ റഷ്യയെ വിമര്‍ശിച്ച് ഐക്യരാഷ്ട്ര സഭ രംഗത്തെത്തി.
റഷ്യയുടെ തീരുമാനം മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്ന് യു.എന്‍ വിമര്‍ശിച്ചു. ആഗോള ഭക്ഷ്യസുരക്ഷയോടുള്ള വെല്ലുവിളിയാണ് റഷ്യ നടത്തുന്നതെന്നും യു.എന്‍ അധ്യക്ഷന്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി നിലനില്‍ക്കുന്ന കരാര്‍ റഷ്യ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ആവശ്യപ്പെട്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
‘ആഹാരം ആയുധമാക്കുന്ന റഷ്യയുടെ ഇന്നത്തെ നീക്കത്തിന്റെ ഫലമായി അത്യന്തം ആവശ്യമുള്ള സ്ഥലങ്ങളില്‍ ഭക്ഷണം കൊണ്ടുവരുന്നത് ബുദ്ധിമുട്ടുള്ളതാകും. അതോടൊപ്പം വില ഉയരുകയും ചെയ്യും. ഇത് മനസ്സാക്ഷിക്ക് നിരക്കാത്തതാണ്.
ക്രിമിയയെ തെക്കന്‍ റഷ്യയുമായി ബന്ധിപ്പിക്കുന്ന റോഡ് ബ്രിഡ്ജിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമുള്ള സ്ഥിതിഗതികള്‍ വാഷിങ്ടണ്‍ നിരീക്ഷിച്ചു വരികയാണ്. യുദ്ധം എങ്ങനെ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ഉക്രൈനാണ്,’ ബ്ലിങ്കെന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ഉക്രൈനില്‍ നിന്നുള്ള നിരവധി കര്‍ഷകരും ഭക്ഷ്യ കയറ്റുമതിക്കാരും തങ്ങളുടെ വിളകള്‍ കയറ്റുമതി ചെയ്യാന്‍ മറ്റ് വഴികള്‍ തേടുകയാണ്. ട്രെയിന്‍ മാര്‍ഗവും രാജ്യാതിര്‍ത്തികളിലൂടെയും ഡാന്യൂബ് നദിയിലെ തുറമുഖങ്ങളും ഉപയോഗിച്ച് ധാന്യം കയറ്റുമതി ചെയ്യാനാണ് ശ്രമം തുടരുന്നത്.
ഇന്ത്യയിലേക്കുള്ള ഗോതമ്പ് കയറ്റുമതിയുടെ ഭൂരിഭാഗവും ഉക്രൈനില്‍ നിന്നാണെന്നതിനാല്‍ രാജ്യത്ത് ഗോതമ്പ് ഉത്പന്നങ്ങള്‍ക്ക് വൈകാതെ വില കൂടും.