| Monday, 26th July 2021, 1:50 pm

അഫ്ഗാന്‍- താലിബാന്‍ സംഘര്‍ഷം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 2400 അഫ്ഗാന്‍ പൗരന്‍മാര്‍, സ്ഥിതി ഗുരുതരമെന്ന് യു.എന്‍.

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ആക്രമണത്തില്‍ 2400 ലധികം അഫ്ഗാന്‍ പൗരന്‍മാര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്ര സംഘടന. മെയ് മുതല്‍ ജൂണ്‍ വരെയുള്ള രണ്ട് മാസത്തിനുള്ളിലാണ് ഇത്രയധികം പേര്‍ കൊല്ലപ്പെട്ടതെന്ന് യു.എന്‍. വൃത്തങ്ങള്‍ അറിയിച്ചു.

സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമങ്ങള്‍ ഒഴിവാക്കാന്‍ താലിബാന്‍, അഫ്ഗാന്‍ നേതാക്കളോട് അഭ്യര്‍ത്ഥിക്കുന്നതായി അഫ്ഗാനിസ്ഥാനിലെ യു.എന്‍. പ്രത്യേക പ്രതിനിധി ഡെബോറ ലിയോണ്‍സ് പറഞ്ഞു. സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയില്ലെങ്കില്‍ മരണസംഖ്യ ഇനിയുമുയരുമെന്നും ലിയോണ്‍സ് പറഞ്ഞു.

അതേസമയം സംഘര്‍ഷം രൂക്ഷമായ കാണ്ഡഹാര്‍ മേഖലയില്‍ നിന്നും 22000ലധികം കുടുംബങ്ങളാണ് പലായനം ചെയ്തതെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച ആക്രമണങ്ങള്‍ ഉച്ചസ്ഥായില്‍ എത്തിയിരിക്കുകയാണ്. കാണ്ഡഹാര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ താലിബാന്‍ പിടിമുറുക്കിയ സാഹചര്യത്തിലാണ് ആയിരക്കണക്കിന് കുടുംബങ്ങള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

സംഘര്‍ഷം ആരംഭിച്ചത് മുതല്‍ നിരവധി കുടുംബങ്ങളാണ് ഈ പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോയത്. കഴിഞ്ഞ ഒരു മാസത്തിനിടെ 22,000 കുടുംബങ്ങളാണ് അവരവരുടെ വീട് വിട്ട് പലായനം ചെയ്തതെന്ന് പ്രവിശ്യാ അഭയാര്‍ഥി വിഭാഗം മേധാവി ദോസ്ത് മുഹമ്മദ് ദര്യാബ് പറഞ്ഞു.

അതേസമയം സംഘര്‍ഷത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി നാല് ക്യാംപുകള്‍ കാണ്ഡഹാര്‍ മേഖലകളില്‍ ഒരുക്കിയിട്ടുണ്ടെന്ന് പ്രാദേശിക ഭരണകൂടം അറിയിച്ചു. ഒരു ലക്ഷത്തിലധികം പേരാണ് വിവിധ ക്യാംപുകളിലായി കഴിയുന്നതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അതേസമയം അഫ്ഗാനിസ്ഥാനെ പിന്തുണച്ച് അമേരിക്ക നടത്തുന്ന വ്യോമാക്രമണത്തിനെതിരെ താലിബാന്‍ രംഗത്തെത്തിയിരിക്കുകയാണ്. കാണ്ഡഹാറിലും ഹെല്‍മന്ത് പ്രവിശ്യയിലും യു.എസ്. നടത്തുന്ന വ്യോമാക്രമണത്തിനെതിരെ ശക്തമായി തിരിച്ചടിയ്ക്കുമെന്നും താലിബാന്‍ മുന്നറിയിപ്പ് നല്‍കി.

അഫ്ഗാനിലെ പ്രവിശ്യകളില്‍ നിന്ന് യു.എസ്. സൈന്യത്തെ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറിന്റെ ലംഘനമാണ് വ്യോമാക്രമണത്തിലൂടെ അമേരിക്ക ചെയ്തതെന്ന് താലിബാന്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ പരിണതഫലങ്ങള്‍ അനുഭവിക്കാന്‍ തയ്യാറായിക്കോളുവെന്നും താലിബാന്‍ വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

താലിബാനെതിരെ പോരാടുന്ന അഫ്ഗാന്‍ ഭരണകൂടത്തെ സഹായിച്ച് നിരവധി തവണയാണ് യു.എസ്. കാണ്ഡഹാര്‍ മേഖലയില്‍ വ്യോമാക്രമണം നടത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: UN says Afghan civilian deaths toll rise

We use cookies to give you the best possible experience. Learn more