ഗസയിൽ സ്ഥിരീകരിച്ച മരണങ്ങളിൽ 80 ശതമാനവും പാർപ്പിട കെട്ടിടങ്ങളിൽ: യു.എൻ
World News
ഗസയിൽ സ്ഥിരീകരിച്ച മരണങ്ങളിൽ 80 ശതമാനവും പാർപ്പിട കെട്ടിടങ്ങളിൽ: യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd November 2024, 7:44 pm

ഗസ: ഗസയിലെ സ്ഥിരീകരിച്ച മരണങ്ങളിൽ 80 ശതമാനം പേരും കൊല്ലപ്പെട്ടത് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ വെച്ചെന്ന് യു.എൻ റിപ്പോർട്ട്.

യുഎൻ ഏജൻസിയായ ഉൻവ ആണ് റിപ്പോർട്ട് പുറത്ത് വിട്ടത്. റസിഡൻഷ്യൽ കെട്ടിടങ്ങളെയാണ് ഇസ്രഈൽ ബോംബാക്രമണത്തിനായി കൂടുതലും ലക്ഷ്യമിടുന്നതെന്ന് ഉൻവ പറഞ്ഞു.

‘ഗസയിൽ, ഇസ്രഈലി സേനയുടെ ആക്രമണങ്ങൾ തുടരുകയാണ്. അവർ സാധാരണ ജനങ്ങൾ താമസിക്കുന്ന ഇടങ്ങളാണ് ആക്രമിക്കുന്നത്,’ ഏജൻസി എക്‌സിൽ പറഞ്ഞു.

ഇസ്രഈൽ സൈന്യം ആരോഗ്യ സേവനങ്ങൾ നശിപ്പിച്ചതിൻ്റെ ഫലമായി വടക്കൻ ഗസയിൽ പ്രവർത്തനക്ഷമമായ ആശുപത്രികൾ ഒന്നുമില്ല. ഇത് മൂലം പരിക്കേറ്റവർക്ക് വേണ്ട വിധത്തിലുള്ള ചികിത്സ നൽകാൻ സാധിക്കുന്നില്ലെന്നും പരിക്കേറ്റവർ മരിക്കുന്നതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏകദേശം 13 മാസം മുമ്പ് ഗസയ്‌ക്കെതിരായ യുദ്ധം ആരംഭിച്ചതിനുശേഷം, ഇസ്രായേൽ സൈന്യം 43,000 ഫലസ്തീനികളെ കൊലപ്പെടുത്തിയതായാണ് റിപ്പോർട്ട്. ആക്രമണത്തിൽ 100,000ത്തിലധികം പേർക്ക് പരിക്കേൽക്കുകയും പതിനായിരത്തിലധികം പേരെ കാണാതാവുകയും നിരവധിപേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന് മരിച്ചതായും അനുമാനിക്കുന്നു.

ആക്രമണത്തിൽ കുറഞ്ഞത് 17,000 കുട്ടികളും 12,000 സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നുവെന്ന് ഗസ ആസ്ഥാനമായുള്ള സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു.

 

Content Highlight: UN says 80 percent of verified Gaza deaths were killed in residential buildings