| Monday, 26th December 2022, 2:35 pm

ഈ വര്‍ഷവും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് മോശപ്പെട്ട വര്‍ഷം: യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ധാക്ക: 2022ഉം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ചിടത്തൊളം ഏറ്റവും മോശപ്പെട്ട വര്‍ഷമെന്ന് യു.എന്‍. ഇരുന്നൂറോളം റോഹിങ്ക്യന്‍സ് ഈ വര്‍ഷം മരിക്കുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ടെന്ന് യു.എന്‍ പറയുന്നു.

കഴിഞ്ഞ നവംബര്‍ അവസാനത്തില്‍ 180തോളം അഭയാര്‍ത്ഥികളെ വഹിച്ചുകൊണ്ട് ബംഗ്ലാദേശില്‍ നിന്ന് യാത്ര തുടങ്ങിയ ബോട്ട് കടലില്‍വെച്ച് കാണാതായിരുന്നു. ഈ ബോട്ട് മുങ്ങിയിട്ടുണ്ടെങ്കില്‍ 2022 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ സംബന്ധിച്ച് മോശപ്പെട്ട വര്‍ഷമാകുമെന്ന് അഭയാര്‍ത്ഥി ഏജന്‍സി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

എന്നാല്‍ ഈ 180 പേര്‍ എവിടെയെങ്കിലും ജീവിച്ചിരിക്കുന്നതായി പ്രത്യാശിക്കുന്നുവെന്നും യു.എന്‍ വക്താവ് ബാബര്‍ ബലോച്ച് പറഞ്ഞു.

അതേസമയം, ഈ മാസം ഇന്ത്യന്‍ മഹാസമുദ്ര ദ്വീപിന്റെ വടക്കന്‍ തീരത്ത് അപകടത്തില്‍പ്പെട്ട 104 റോഹിങ്ക്യരെ ശ്രീലങ്കന്‍ നാവികസേന രക്ഷപ്പെടുത്തിയിരുന്നു.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ബംഗ്ലാദേശില്‍ നിന്ന് ബോട്ടില്‍ പലായനം ചെയ്തവരുടെ എണ്ണത്തില്‍ അഞ്ച് മടങ്ങിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും യു.എന്‍ പറയുന്നു.

നിലവില്‍ ഏകദേശം ഒരു ദശലക്ഷത്തോളം റോഹിങ്ക്യകള്‍ ബംഗ്ലാദേശ് ക്യാമ്പുകളിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരക്കണക്കിന് പേര്‍ ഇതിനകം മരിച്ചു. ഇതില്‍ പകുതിയും 18 വയസിന് താഴെയുള്ളവരാണ്. വൃത്തിഹീനമായ ക്യാമ്പുകളിലെ കുടിലുകളിലാണ് ഇവര്‍ താമസിക്കുന്നത്.

റോഹിങ്ക്യകള്‍ക്കെതിരെ നടന്നത് വംശീയ ഉന്‍മൂലനമാണെന്നും ഇക്കാര്യത്തില്‍ ആങ് സാങ് സൂചി ഭരണകൂടത്തിന്റേത് കുറ്റകരമായ മൗനമാണെന്നും മനുഷ്യാവകാശ സംഘടനകളും ഐക്യരാഷ്ട്രസഭയും കുറ്റപ്പെടുത്തിയിരുന്നു.

യു.എന്നിന്റെ കണക്കുകള്‍ പ്രകാരം 2013 മുതല്‍ 2014 വരെ 1600റോളം റോഹിന്‍ങ്ക്യന്‍സാണ് ആന്‍ഡമാന്‍ കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി മരിക്കുകയോ കാണാതാവുകയോ ചെയ്തത്.

Content Highlight:  UN says 2022 was  Another bad year for Rohingya refugees

We use cookies to give you the best possible experience. Learn more