ന്യൂയോര്‍ക്ക്: ലെബനനിലെ ഇസ്രഈല്‍ ആക്രമണം രാജ്യത്തെ സ്ത്രീകളെയും ഗര്‍ഭിണികളെയും സാരമായി ബാധിച്ചതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ ഓഫീസാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
നേരിട്ടും അല്ലാതെയും ആക്രമണത്തിന് ഇരയായ ഗര്‍ഭിണികളില്‍ 1500 ഓളം സ്ത്രീകളുടെ പ്രസവ തീയ്യതി ഈ ആഴ്ചയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപുറമെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്ന ലെബനന്‍ സ്ത്രീകള്‍ ലൈംഗികമായി ചൂഷണം നേരിടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
നിലവിലെ യു.എന്‍ കണക്കുകള്‍ അനുസരിച്ച് ലെബനനിലെ 880,000 ആളുകള്‍ കുടിയിറക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ 470,000 പേരെ അയല്‍രാജ്യമായ സിറിയയിലേക്ക് മാറ്റിപാര്‍പ്പിച്ചതാണ്.
സ്ത്രീകള്‍ക്ക് പുറമെ ലെബനനിലെ ഭിന്നശേഷിക്കാരും ഇസ്രഈലിന്റെ ആക്രമണത്തില്‍ വ്യാപകമായി ഇരയായിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാകുന്നു. ബാധിതരായ വ്യക്തികള്‍ക്ക് ഉള്‍പ്പെടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ആഗോള തലത്തില്‍ നിന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ 426 ദശലക്ഷം ഡോളര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ നിശ്ചയിച്ച ധനസഹായത്തിൽ നാലിലൊന്ന് മാത്രമേ ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളുവെന്നും യു.എന്‍ അറിയിച്ചു. അതേസമയം സിറിയയില്‍ കഴിയുന്ന ഏകദേശം 16.7 ദശലക്ഷം ആളുകള്‍ക്ക് മാനുഷിക സഹായം ആവശ്യമെന്നും യു.എന്‍ പറഞ്ഞു.
2023 ഒക്ടോബര്‍ എട്ടിന് ഗസയില്‍ നിന്ന് ലെബനനിലേക്ക് ഇസ്രഈല്‍ വ്യാപിപ്പിച്ച ആക്രമണത്തില്‍ 3,365 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 14,344 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ 300,000 കുട്ടികളാണ് ലെബനനില്‍ നിന്ന് സിറിയയിലേക്ക് പലായനം ചെയ്തത്.
സെപ്റ്റംബര്‍ 27ന് തെക്കന്‍ ബെയ്‌റൂട്ടില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ ഹിസ്ബുള്ള നേതാവ് ഹസന്‍ നസറുല്ല കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ലെബനനിലെ സ്ഥിതി കൂടുതല്‍ വഷളായത്.
തിരിച്ചടികളും മറുപടി ആക്രമണങ്ങളും രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും വലിയ രീതിയില്‍ ബാധിച്ചുവെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടി.
Content Highlight: UN said 14,000 pregnant women affected by Israeli attacks in Lebanon