ജെറുസലേം: ഗസ മുനമ്പില്‍ നടന്ന് കൊണ്ടിരിക്കുന്ന എല്ലാ യുദ്ധക്കുറ്റങ്ങള്‍ക്കും ഇസ്രഈല്‍ ഉത്തരവാദികളാണെന്ന് യു.എന്‍. ഇസ്രഈലിലേക്കുള്ള ആയുധ വില്‍പ്പന നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പ്രമേയം പാസാക്കി. വെള്ളിയാഴ്ചയാണ് വിഷയത്തില്‍ കൗണ്‍സില്‍ പ്രമേയം പാസാക്കിയത്.
47 അംഗ കൗണ്‍സിലില്‍ 28 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. അമേരിക്കയും ജര്‍മനിയും ഉള്‍പ്പടെ ആറ് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തു. ഫ്രാന്‍സും അല്‍ബേനിയയും ഉള്‍പ്പടെ 11 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ട് നിന്നു.
ഗസയില്‍ സിവിലിയന്‍മാരെ പട്ടിണിക്കിടുന്ന യുദ്ധ രീതിയാണ് ഇസ്രഈല്‍ തുടരുന്നതെന്ന് കൗണ്‍സില്‍ പ്രമേയത്തില്‍ പറഞ്ഞു. യു.എന്‍ ഉത്തരവിട്ട അന്വേഷണങ്ങളോട് സഹകരിക്കാന്‍ ഇസ്രഈല്‍ തയ്യാറാകുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.
ആറ് മാസങ്ങള്‍ പിന്നിടുകയും 33,000ത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും ചെയ്ത യുദ്ധത്തില്‍ ഇതാദ്യമായാണ് യു.എന്‍ ഇസ്രഈലിനെതിരെ ശക്തമായ നടപടി സ്വീകരിക്കുന്നത്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ തുടര്‍ച്ചയായ ലംഘനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയുന്നതിന് വോട്ടെടുപ്പ് അത്യാവശ്യമാണെന്ന് കൗണ്‍സില്‍ വ്യക്തമാക്കി.
ഗസയില്‍ വംശഹത്യക്ക് സാധ്യത ഉണ്ടെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ജനുവരിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതില്‍ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചും യുദ്ധക്കുറ്റങ്ങളെ കുറിച്ചും കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അടിസ്ഥാന ഭക്ഷ്യ സാധനങ്ങള്‍ അടിയന്തരമായി ഗസയില്‍ എത്തിക്കണമെന്ന് മാര്‍ച്ചില്‍ ഐ.സി.ജെ ഉത്തരവിട്ടു. ഗസയില്‍ പട്ടിണി മരണങ്ങള്‍ വര്‍ധിക്കുന്നതിനിടെയാണ് വിഷയത്തില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഇടപെട്ടത്.
യു.എന്‍ നടപടി മനുഷ്യാവകാശ കൗണ്‍സിലിനേറ്റ കളങ്കമാണെന്നാണ് ജനീവയിലെ യു.എന്നിലെ ഇസ്രഈല്‍ അംബാസഡര്‍ മീരവ് ഐലോണ്‍ ഷഹര്‍ പ്രതികരിച്ചത്. കാനഡ, നെതര്‍ലാന്‍ഡ്‌സ്, ജപ്പാന്‍, സ്‌പെയിന്‍, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രഈലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തിയെങ്കിലും അമേരിക്ക ഉള്‍പ്പടെയുള്ള പാശ്ചാത്യ രാജ്യങ്ങള്‍ ആയുധം നല്‍കുന്നത് ഇപ്പോഴും തുടരുന്നുണ്ട്.
Content Highlight: UN rights body demands Israel be held accountable for possible ‘war crimes’