പകുതി കശ്മീരുള്ള ഭൂപടം; ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യ റിപ്പോര്‍ട്ടില്‍ വിവാദം
national news
പകുതി കശ്മീരുള്ള ഭൂപടം; ഐക്യരാഷ്ട്ര സഭയുടെ ജനസംഖ്യ റിപ്പോര്‍ട്ടില്‍ വിവാദം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 19th April 2023, 3:51 pm

ന്യൂദല്‍ഹി: യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് പുറത്തുവിട്ട വേള്‍ഡ് പോപ്പുല്ഷന്‍ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ ഭൂപടം തെറ്റായി ചിത്രീകരിച്ചെന്ന് പരാതി. ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്ത് നിന്ന് അക്‌സായി ചിന്‍, ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പ്രദേശങ്ങള്‍ ഒരു പ്രത്യേക മേഖലയായി ചിത്രീകരിക്കുകയും പാക് അധീന കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാക്കിയുമാണ് ഭൂപടം പ്രസിദ്ധീകരിച്ചത്.

വെബ്‌സൈറ്റില്‍ ജമ്മു കാശ്മീര്‍, ലഡാക് എന്നീ കേന്ദ്ര ഭരണ പ്രദേശങ്ങള്‍ ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ നിറങ്ങളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ വിദേശ കാര്യ മന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇതിന് മുമ്പും ഐക്യരാഷ്ട്ര സഭ ഇന്ത്യയുടെ ഭൂപടം മാറ്റി ചിത്രീകരിച്ചിട്ടുണ്ട്. 2021ല്‍ ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ കശ്മീരിന്റെ ഭൂപടം തെറ്റായി നല്‍കിയത് ഇന്ത്യയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പോപ്പുലേഷന്‍ റിപ്പോര്‍ട്ടിലും ഭൂപടം മാറ്റി നല്‍കിയിരിക്കുന്നത്.

പുതിയ കണക്കുകള്‍ പ്രകാരം ലോകത്തേറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യം ഇന്ത്യയാണെന്നാണ് റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നത്. ഇന്ത്യയുടെ ജനസംഖ്യ 142.86 കോടിയാണെന്നും ചൈനയുടേത് 142.57 കോടിയാണെന്നുമാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ചൈനയേക്കാള്‍ ഇരുപത്തിയൊന്‍പത് ലക്ഷം ആളുകള്‍ ഇന്ത്യയില്‍ കൂടുതലാണെന്നാണ് പറയപ്പെടുന്നത്.

ഐക്യരാഷ്ട്ര സംഘടന ജനസംഖ്യ സംബന്ധമായ കണക്കുകളെടുക്കാന്‍ തുടങ്ങിയ 1950ന് ശേഷം ആദ്യമായാണ് ഇന്ത്യയുടെ ജനസംഖ്യ ചൈനയെ മറികടന്നതായി കണക്കുകള്‍ വരുന്നത്. എന്നാല്‍ എപ്പോഴാണ് ഈ മറികടക്കല്‍ സംഭവിച്ചതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ലെന്നും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് വക്താവ് അന്ന ജെഫേറിസ് പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷത്തോടെ ചൈനയുടെ ജനസംഖ്യ വളര്‍ച്ച അതിന്റെ പാരമ്യതയിലെത്തിയിരുന്നു, തുടര്‍ന്ന് അത് ഇടിയാന്‍ തുടങ്ങി. എന്നാല്‍ ഇന്ത്യയുടെ ജനസംഖ്യയില്‍ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരുന്നത്,’ അന്ന പറഞ്ഞു.

ഇന്ത്യന്‍ ജനസംഖ്യയുടെ 25 ശതമാനവും 0-14 വയസിനിടയില്‍ പ്രായമുള്ളവരാണ്. 10-19 വയസിനിടയില്‍ പ്രായമുള്ളവര്‍ ജനസംഖ്യയുടെ 18 ശതമാനവും 10-24നുമിടയില്‍ പ്രായമുള്ളവര്‍ 68 ശതമാനവുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 65ന് മുകളില്‍ പ്രായമുള്ളവര്‍ 7 ശതമാനം ജനങ്ങളാണ് രാജ്യത്തുള്ളത്.

ഇന്ത്യന്‍ ജനസംഖ്യയില്‍ യുവജനങ്ങളുടെ എണ്ണം കൂടുതലാണെന്നും ഇത് രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നും യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ടിന്റെ ഇന്ത്യയിലെ പ്രതിനിധി ആന്‍ഡ്രിയ വോജ്നര്‍ അഭിപ്രായപ്പെട്ടു.

അതേസമയം, 2011 മുതല്‍ സെന്‍സസ് നടത്തിയിട്ടില്ലാത്തതിനാല്‍ ഇന്ത്യയിലെ ജനസംഖ്യയെക്കുറിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ല. ഇന്ത്യയുടെ സെന്‍സസ് 2021-ല്‍ നടക്കേണ്ടതായിരുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ പറയുന്നതനുസരിച്ച്, യുഎന്‍ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങിയ 1950 മുതല്‍ ഇന്ത്യയിലെ ജനസംഖ്യ ഒരു ബില്യണിലധികം വര്‍ധിച്ചെന്നാണ് പറയപ്പെടുന്നത്.

Content Highlight: un reports doesnt have full kashmir