'ഷിറീൻ അബു അഖ്ലേയുടെ കൊലപാതകം ന്യായീകരണമില്ലാത്തത് ' ഇസ്രഈൽ സൈന്യത്തിനെതിരെയുള്ള യു.എൻ റിപ്പോർട്ട് പുറത്ത്
World News
'ഷിറീൻ അബു അഖ്ലേയുടെ കൊലപാതകം ന്യായീകരണമില്ലാത്തത് ' ഇസ്രഈൽ സൈന്യത്തിനെതിരെയുള്ള യു.എൻ റിപ്പോർട്ട് പുറത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 17th October 2023, 12:15 pm

വാഷിംങ്‌ടൺ : ഇസ്രഈൽ സുരക്ഷാസേനയുടെ ഇരയാണ് അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലേ എന്ന് യു.എൻ.
2022ൽ ഇസ്രഈൽ സൈന്യത്തിൽ നിന്ന് തലയ്ക്ക് വെടിയേറ്റ് അൽ ജസീറയുടെ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്ലേ കൊല്ലപ്പെട്ടിരുന്നു. വെസ്റ്റ് ബാങ്കിൽ വെച്ചാണ് അമേരിക്കൻ-ഫലസ്തീനിയൻ പൗരയായ മാധ്യമപ്രവർത്തകയ്ക്ക് വെടിയേൽക്കുന്നത്.

മാധ്യമപ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിയിട്ടും സൈന്യം അഖ്ലേക്കെതിരെ വെടി ഉതിർക്കുകയായിരുന്നുവെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവാഹ് അൽഖത്തേർ ആരോപിച്ചിരുന്നു.
ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഷിറീൻ.

തിങ്കളാഴ്ച പുറത്തിറക്കിയ യു.എൻ പ്രസ്താവനയിൽ ഷിറീൻ അബു അഖ്ലേക്കു നേരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇസ്രഈലി സൈന്യം ന്യായീകരണമില്ലാത്ത അടിച്ചമർത്തലാണ് നടത്തുന്നതെന്നും യു.എൻ ഇൻഡിപെൻഡസ് ഇന്റെർനാഷണൽ കമ്മീഷൻ ഓഫ് എൻക്വയറി സ്ഥിരീകരിച്ചതായി വ്യക്തമാക്കി.

കിഴക്കൻ ജെറുസലാം ഉൾപ്പെടെ വെസ്റ്റ് ബാങ്കിലെ ഇസ്രഈൽ സൈന്യത്തിന്റെ നേരിട്ടുള്ള അടിച്ചമർത്തലുകൾക്ക് തെളിവാണ് ഷിറീൻ അബു അഖ്ലേ കൊല്ലപ്പെട്ടതെന്ന് യു.എൻ കമ്മീഷൻ അധ്യക്ഷനായ നവി പിള്ള പറഞ്ഞു.

ഇസ്രഈൽ സുരക്ഷാസേനയുടെ ഓപ്പറേഷനുകളെല്ലാം തന്നെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ആയിരുന്നുവെന്ന് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും കമ്മീഷൻ പറഞ്ഞു.

ഷിറീൻ അബു അഖ്ലേയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇസ്രഈൽ ഭരണകൂടം പൂർണമായി സഹകരിക്കണമെന്നും യു.എൻ ബോഡി ശുപാർശ ചെയ്തു.

Content Highlight: UN report on Shireen’s death