ഇസ്രഈല്‍ പട്ടിണിയെ പോലും ആയുധമാക്കി; ഗസയുദ്ധത്തില്‍ ഇസ്രഈലും ഹമാസും കുറ്റക്കാരെന്ന് യു.എന്‍ റിപ്പോര്‍ട്ട്
World News
ഇസ്രഈല്‍ പട്ടിണിയെ പോലും ആയുധമാക്കി; ഗസയുദ്ധത്തില്‍ ഇസ്രഈലും ഹമാസും കുറ്റക്കാരെന്ന് യു.എന്‍ റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 13th June 2024, 8:07 am

ന്യൂയോര്‍ക്ക്: ഗസയുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ ഇസ്രഈലും ഹമാസും കുറ്റങ്ങള്‍ ചെയ്തുവെന്ന് ഐക്യരാഷ്ട്രസഭയുടെ അന്വേഷണ റിപ്പോര്‍ട്ട്. ഇസ്രഈല്‍ ചെയ്ത കുറ്റങ്ങള്‍ മനുഷ്യകുലത്തിനെതിരായതും ക്രൂരവും ഭയാനകവുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം, അതിന് ഇസ്രഈല്‍ കൊടുത്ത തിരിച്ചടി എന്നിവയെ അടിസ്ഥാനമാക്കിയുള്ള രണ്ടു റിപ്പോര്‍ട്ടുകളാണ് അന്വേഷണ കമ്മീഷന്‍ നല്‍കിയത്.

ഒക്ടോബര്‍ 7 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാര്യങ്ങളാണ് കമ്മീഷന്‍ അന്വേഷിച്ചിരിക്കുന്നത്. പീഡനം, കൊലപാതകം, മനുഷ്യന്റെ അന്തസ് തകര്‍ക്കല്‍, കുഞ്ഞുങ്ങളുടെ കൊലപാതകം, മനുഷ്യത്വരഹിതമായ ക്രൂരത തുടങ്ങി ഭീകരമായ കുറ്റങ്ങള്‍ ഇസ്രാഈല്‍ ഗസയില്‍ ചെയ്‌തെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇസ്രഈല്‍ പട്ടിണിയെ പോലും ആയുധമാക്കിയെന്നും, ഭക്ഷണം എത്തിക്കുന്നവരെ പോലും തടയുന്ന സമീപനം ഇസ്രഈലിന്റെ ഭാഗത്തുനിന്നും ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മനുഷ്യന് അടിസ്ഥാനപരമായി നല്‍കേണ്ട വസ്തുവകകള്‍ നല്‍കുന്നതില്‍ നിന്ന് ഇസ്രഈല്‍ പരാജയപ്പെട്ടു. ഗസയിലെ മനുഷ്യരുടെ അടിസ്ഥാന ജീവിത സാഹചര്യം നശിപ്പിക്കപ്പെടുകയും, മനുഷ്യര്‍ കൂട്ടത്തോടെ മരിക്കുന്നതിലേക്ക് ഇതെത്തിച്ചു.

ഒരു ഘട്ടത്തിലും അന്വേഷണ ഏജന്‍സിയുമായി ഇസ്രഈല്‍ സഹകരിച്ചില്ലെന്നും, അന്വേഷണം തടയുന്ന നിലപാടായിരുന്നു അവര്‍ക്കെന്നും കമ്മീഷന്‍ പറയുന്നു. കമ്മീഷന്‍ ഇസ്രഈല്‍ വിരുദ്ധമാണ് എന്ന കാരണമാണ് ഇസ്രഈല്‍ പറഞ്ഞിരുന്നത്. അന്വേഷണ കമ്മീഷനെ തടഞ്ഞ അവര്‍ ഫലസ്തീന്റെ വിവിധ പ്രദേശങ്ങളിലേക്ക് കമ്മീഷന്‍ കടക്കുന്നത് പോലും തടഞ്ഞിരുന്നു.

50 പേജുള്ള ഒക്ടോബര്‍ ആക്രമണത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ ഹമാസ് നടത്തിയ പീഡനങ്ങളെ കുറിച്ചും ബലാത്സംഗങ്ങളെ കുറിച്ചും പറയുന്നുണ്ട്. എന്നാല്‍ ബലാത്സംഗം ചെയ്തു എന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ കമ്മീഷന് കഴിഞ്ഞിട്ടില്ല.

128 പേജുള്ള ഗസ റിപ്പോര്‍ട്ടില്‍ ഉയര്‍ന്ന നശീകരണ ശേഷിയുള്ള ബോംബുകള്‍ ഇസ്രഈല്‍ ഉപയോഗിച്ചിട്ടുണ്ടെന്നു പറയുന്നു. ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ മുതല്‍ പ്രായമായവര്‍ വരെ യുദ്ധത്തിനിരയായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അടുത്തയാഴ്ച നടക്കുന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ആണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക. എന്നാല്‍ ഈ കണ്ടെത്തലുകള്‍ വ്യക്തവും സത്യസന്ധവുമല്ലെന്ന് പറഞ്ഞ് ഇസ്രഈല്‍ തള്ളി.

Content Highlight: UN report on Israel-Hamas war crimes