| Tuesday, 30th June 2020, 4:49 pm

ലോകത്ത് കാണാതായ 14 കോടി സ്ത്രീകളില്‍ നാലര കോടിയിലധികവും ഇന്ത്യയിലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: കഴിഞ്ഞ 50 വര്‍ഷത്തിനിടെ ലോകത്ത് കാണാതായ 14.26 കോടി സ്ത്രീകളില്‍ 4.58 കോടിയും ഇന്ത്യയില്‍ നിന്നുള്ളവരെന്ന് യു.എന്നിന്റെ പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ചൈനയ്‌ക്കൊപ്പം തന്നെ സ്ത്രീ പ്രാതിനിധ്യം ഉള്ള രാജ്യമാണ് ഇന്ത്യ എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2020 ലെ ലോക ജനസംഖ്യാ റിപ്പോര്‍ട്ട് ചെവ്വാഴ്ചയാണ് യുണൈറ്റഡ് പോപുലേഷന്‍ ഫണ്ട് പുറത്തുവിട്ടത്. യു.എന്നിന്റെ സെക്ഷ്വല്‍ ആന്‍ഡ് റിപ്രൊഡക്ടീവ് ഹെല്‍ത്ത് ഏജന്‍സിയാണ് പോപുലേഷന്‍ ഫണ്ട്.

കഴിഞ്ഞ അമ്പത് വര്‍ഷത്തിനിടെ കാണാതായ സ്ത്രീകളുടെ എണ്ണം ഇരട്ടിച്ചതായും ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

1970ല്‍ 6.11 കോടിയായിരുന്നു കാണാതായവരുടെ നിരക്കെങ്കില്‍ 2020ല്‍ 14.26 കോടിയായി ഉയര്‍ന്നു. ആഗോളതലത്തില്‍ നോക്കുമ്പോള്‍ ഇന്ത്യയില്‍ നിന്ന് മാത്രം 4.58 കോടി സ്ത്രീകളെയാണ് കാണാതായത്. ചൈനയില്‍ 7.23 കോടി സ്ത്രീകളെയും കാണാതായി.

2013 നും 2017നുമിടയിലുള്ള കാലത്ത് 460,000 പെണ്‍കുട്ടികളെയാണ് ഓരോ വര്‍ഷവും അവരുടെ ജനനത്തോടെ കാണാതായിട്ടുള്ളത്. ഗര്‍ഭാവസ്ഥയില്‍ കുട്ടികളുടെ ലിംഗനിര്‍ണയം നടത്തുന്നതാണ് മൂന്നില്‍ രണ്ടു ഭാഗം പെണ്‍കുട്ടികളെയും കാണാതായതിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജനിച്ചതിന് ശേഷമുള്ള പെണ്‍കുട്ടികളുടെ മരണ നിരക്ക് മൂന്നിലൊരു ഭാഗമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓരോ വര്‍ഷവുമുണ്ടാവുന്ന ജനന നിരക്കിലും മുന്നിലുള്ളത് ഇന്ത്യയും ചൈനയുമാണ്.

ആഗോള തലത്തില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് പെണ്‍കുട്ടികളാണ് അവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും അറിവോടെയും സമ്മതത്തോടെയും കൂടെ ശാരീരികമായും വൈകാരികമായും ഉപദ്രവിക്കപ്പെടുന്നതെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more