| Tuesday, 4th June 2019, 11:46 am

അപ്രവചനീയം ഈ പാകിസ്ഥാന്‍

ഗൗതം വിഷ്ണു. എന്‍

പാകിസ്ഥാന്‍ അതു വീണ്ടും തെളിയിച്ചിരിക്കുകയാണ്. അപ്രവചനീയതക്കൊരു പര്യായമുണ്ടെങ്കില്‍ അതു പാക്കിസ്ഥാന്‍ എന്നാണെന്ന്. എത്ര വലിയ ടീമിനോടും ജയിക്കും എത്ര ചെറിയ ടീമിനോടും തോല്‍ക്കും എന്ന പരമ്പരാഗത രീതി ഇന്നും തുടര്‍ന്നു പോരുന്നു എന്ന സൂചനയാണ് ഇന്നലത്തെ കളിയോടെ പാകിസ്ഥാന്‍ ലോകത്തിനു നല്‍കുന്നത്.

തുടര്‍ച്ചയായ 11 പരാജയങ്ങള്‍. ടീം ഒന്നടങ്കം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയ കുറേ ദിവസങ്ങളാണ് കടന്നു പോയത്. സര്‍ഫ്രാസിന്റെ ക്യാപ്റ്റന്‍സി മുതല്‍ ഇന്‍സമാമിന്റെ സെലക്ടര്‍ പദവി വരെ അനിശ്ചതത്വത്തിലാക്കിയ ആ തുടര്‍തോല്‍വികളില്‍ നിന്നു മുക്തി നേടുമ്പോള്‍ താത്കാലികമായിട്ടെങ്കിലും അവര്‍ക്ക് ആശ്വാസം നല്‍കും. കാരണം ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്പിക്കപെടുന്ന ടീമായ ഇംഗ്ലണ്ടിനെതിരെയാണ് അവരുടെ ഈ വിജയം.

ലോകകപ്പിന്റെ തയ്യാറെടുപ്പ് എന്ന നിലയില്‍ ഒരു മാസം മുന്‍പേ ഇംഗ്ലണ്ടിലെത്തിയ പാകിസ്ഥാന് ആവനാഴിയിലെ അസ്ത്രങ്ങള്‍ രാകി മിനുക്കാന്‍ ഇംഗ്ലണ്ടിനെതിരെ ഒരു പരമ്പര കൂടെയുണ്ടായിരുന്നു. എന്നാല്‍ 5 മത്സരങ്ങളുടെ പരമ്പര 4-0 എന്ന നിലയില്‍ ഏകപക്ഷീയമായി ഇംഗ്ലണ്ട് നേടിയപ്പോള്‍ ഒരു കളി മഴ മുടക്കിയില്ലായിരുന്നെങ്കില്‍ വൈറ്റ് വാഷ് എന്ന നാണക്കേട് കൂടെ സ്വന്തമായേനെ എന്ന നടുക്കം പാകിസ്ഥാന്റെ ലോകകപ്പ് തയ്യാറെടുപ്പുകളെ പ്രതികൂലമായി ബാധിക്കുന്നതായിരുന്നു.

‘വെളുക്കാന്‍ തേച്ചത് പാണ്ടായി’ എന്ന പഴഞ്ചൊല്ല് പാകിസ്ഥാന്റെ കാര്യത്തില്‍ അന്വര്‍ത്ഥമാക്കുന്ന രീതിക്ക് കാര്യങ്ങള്‍ വന്നു. ഇംഗ്ലണ്ടിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ നേരത്തെ എത്തിയ അതിബുദ്ധി ആപത്തായി എന്ന തോന്നലുളവാക്കി. സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് ഏറ്റ അപ്രതീക്ഷിത തോല്‍വിയും ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരം മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തതോടെ പാകിസ്ഥാന്‍ പടുകുഴിയിലായി. അതിന്റെ ബാക്കി പത്രമായിരുന്നു ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനോടേറ്റ ദയനീയ തോല്‍വി.

എന്നാല്‍ ഇന്നലെ തീര്‍ത്തും വ്യത്യസ്തരായ ഒരു പാകിസ്ഥാന്‍ ടീമിനെ ആണ് കണ്ടത്. ഒരു ടീമായി തന്നെ ആണ് പാകിസ്ഥാന്‍ കളിച്ചത്. അതു കൊണ്ട് തന്നെയാണ് ഇംഗ്ലണ്ട് ടീമില്‍ രണ്ടു സെഞ്ചുറിയന്മാരുണ്ടായിട്ടും പാകിസ്ഥാന്റെ വിജയതൃഷ്ണയെ മറികടക്കാന്‍ അവര്‍ക്ക് കഴിയാതിരുന്നത്. ഓപ്പണര്‍മാര്‍ മുതല്‍ പഴയ പടക്കുതിരയായ ഹഫീസ് വരെ മികച്ച പ്രകടനം കാഴ്ച വച്ചപ്പോള്‍ വലിയൊരു ടോട്ടലിലേക്ക് അവര്‍ കുതിച്ചെത്തി.

ഇംഗ്ലണ്ടിന്റെ ആഴമുള്ള ബാറ്റിംഗ് നിരക്ക് ഈ സ്‌കോര്‍ മറികടക്കാന്‍ കഴിയും എന്ന തോന്നല്‍ പലപ്പോഴായി ഉളവാക്കിയെങ്കിലും അവരെ പിടിച്ചു കെട്ടാന്‍ പാകിസ്ഥാന്റെ ബൗളിംഗ് നിരക്കായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ എടുത്ത് ഇംഗ്ലണ്ടിനെ തളക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് മോശം ഫോമിനെ തുടര്‍ന്ന് രണ്ടു കൊല്ലത്തോളം ടീമിനു പുറത്തായിരുന്ന വഹാബ് റിയാസായിരുന്നു. റണ്‍സ് വിട്ടു കൊടുക്കാന്‍ സ്പിന്നര്‍മാര്‍ പിശുക്ക് കാണിച്ചപ്പോള്‍ റിയാസിനെ പിന്തുണക്കാന്‍ ആമിറും ഹസ്സന്‍ അലിയും കൂടെ ചേര്‍ന്നപ്പോള്‍ 11 തുടര്‍തോല്‍വികളെന്ന അവരുടെ നാണം കെട്ട റെക്കോര്‍ഡിന് ഇനി ഒരു തുടര്‍ച്ച ഉണ്ടാകില്ല എന്നവര്‍ ഉറപ്പ് വരുത്തി.

പാകിസ്ഥാന്റെ ഈ തിരിച്ചു വരവില്‍ സന്തോഷിക്കുന്നത് പാകിസ്ഥാന്‍ ആരാധകര്‍ മാത്രമായിരിക്കില്ല കാരണം ‘ശേഖരനില്ലാതെ നീലകണ്ഠനും ഇല്ല’ എന്നു പറയും പോലെ ഇന്ത്യയോട് ഏറ്റുമുട്ടാന്‍ പാകിസ്ഥാന്‍ ആ പഴയ പ്രതാപത്തില്‍ തന്നെ നിലനില്‍ക്കണം, എന്നാലേ അതിന്റെ ആവേശം ഉച്ചസ്ഥായിയിലെത്തൂ.

പാകിസ്ഥാന്റെ തിരിച്ചു വരവിനു കൂടെ ഈ ലോകകപ്പ് സാക്ഷിയായതോടെ ടൂര്‍ണമെന്റ് പുരോഗമിക്കുംതോറും പോരാട്ടം മുറുകും എന്ന സൂചന തന്നെയാണ് അതു നല്‍കുന്നത്. ഒപ്പം ആദ്യ ദിവസങ്ങളില്‍ കണ്ട ഏകപക്ഷീയമായ മത്സരങ്ങള്‍ക്ക് തിരശീലയിട്ടിരിക്കുകയാണ് ഇന്നത്തെ ഈ മത്സരം.

WATCH THIS VIDEO:

ഗൗതം വിഷ്ണു. എന്‍

എറണാകുളം ലോ കോളെജ് വിദ്യാര്‍ത്ഥിയാണ് ഗൗതം

We use cookies to give you the best possible experience. Learn more