| Saturday, 25th August 2018, 3:20 pm

'ജീവിതത്തില്‍ ഇത്രയും നല്ല ദുരിതാശ്വാസ ക്യാംപ് കണ്ടിട്ടില്ല'; സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് യു.എന്‍ സംഘം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: പ്രളയബാധിത മേഖലയായ ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാംപുകളില്‍ മികച്ച സൗകര്യമാണ് സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നതെന്ന് യൂണിസെഫ് സംഘം. ന്യൂയോര്‍ക്കില്‍ നിന്നെത്തിയ മൂന്നംഗ സംഘമാണ് ക്യാംപുകള്‍ സന്ദര്‍ശിച്ചത്. ആലപ്പുഴ ജില്ലാ കലക്ടറാണ് സന്ദര്‍ശന വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

ക്യാംപുകളിലെ വൃത്തി, ക്ഷണത്തിന്റെ ഗുണമേന്മ ,സുരക്ഷിതത്വം, വേസ്റ്റ് മാനേജ്മെന്റ് എന്നിവയൊക്കെയാണ് മുഖ്യമായും സംഘം പരിശോധിച്ചതെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ പറഞ്ഞു.

എസ്.എന്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന ക്യാ സന്ദര്‍ശിച്ച ടീം അംഗങ്ങള്‍ അവിടെയൊരുക്കിയ സൗകര്യങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തി. തന്റെ 20 വര്‍ഷത്തെ പ്രൊഫഷണല്‍ ജീവിതത്തില്‍ വൃത്തിയിലും ആരോഗ്യ പരിപാലനത്തിലും ഗുണമേന്മയുള്ള ഭക്ഷണത്തിന്റെ കാര്യത്തിലും ഇത്രയും നന്നായി പരിപാലിക്കുന്ന ദുരിതാശ്വാസ ക്യാമ്പ് കണ്ടിട്ടില്ലായെന്ന് സംസ്ഥാന സര്‍ക്കാരിനെയും ജില്ലാ ഭരണകൂടത്തെയും പ്രകീര്‍ത്തിച്ചു കൊണ്ട് സംഘാംഗവും യുണിസെഫ് എമര്‍ജന്‍സി ഓഫീസറുമായ ബങ്കു ബിഹാരി സര്‍ക്കാര്‍ ക്യാംപിലെ സന്ദര്‍ശക ഡയറിയില്‍ എഴുതിയെന്നും കലക്ടര്‍ വ്യക്തമാക്കി.

ക്യാംപിലെ ഹെല്‍ത്ത് ആന്‍ഡ് സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങളെ പറ്റി വിശദമായി ചോദിച്ചറിഞ്ഞ അംഗങ്ങള്‍ അവിടത്തെ വേസ്റ്റ് ഡിസ്‌പോസല്‍ സംവിധാനങ്ങളില്‍ പൂര്‍ണതൃപ്തി രേഖപ്പെടുത്തുകയും കണിച്ചുകുളങ്ങരയിലെ വേസ്റ്റ് മാനേജ്മെന്റ് യൂണിറ്റിലെത്തി പ്രവര്‍ത്തങ്ങള്‍ കാണുകയും വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. ഭക്ഷണ വേസ്റ്റുകള്‍ ഫലപ്രദമായി നടപ്പിലാക്കിയതിന് ക്യാമ്പിലെ ഹെല്‍ത്ത് സാനിറ്റേഷന്‍ ടീമിനെ പ്രത്യേകം അഭിനന്ദിച്ച ശേഷമാണ് സംഘം മടങ്ങിയത്

Latest Stories

We use cookies to give you the best possible experience. Learn more