മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ തടവ് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം: യു.എൻ
Worldnews
മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ തടവ് അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധം: യു.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd July 2024, 11:45 am

ഇസ്‌ലാമാബാദ്: മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ തടവ് ഏകപക്ഷീയവും അന്താരാഷ്ട്ര നിയമത്തിന് വിരുദ്ധവുമാണെന്ന് ഐക്യരാഷ്ട്രസഭ. അദ്ദേഹത്തെ ഉടൻ മോചിപ്പിക്കുകയും വേണ്ട നഷ്ടപരിഹാരം നൽകണമെന്നും യു.എൻ വ്യക്തമാക്കി.

Also Read: എന്റെ ആ രണ്ട് സിനിമകള്‍ ഇഷ്ടമാണെന്ന് നാഗ് അശ്വിന്‍; കല്‍ക്കിയിലേക്ക് വിളിച്ചതിന്റെ കാരണവും പറഞ്ഞു: അന്ന ബെന്‍

‘ഇമ്രാൻ ഖാൻ്റെ തടങ്കൽ ഏകപക്ഷീയമായിരുന്നു. അദ്ദേഹം അഭിപ്രായത്തിനും ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും രാഷ്ട്രീയ പങ്കാളിത്തത്തിനും സംഘടനാ സ്വാതന്ത്ര്യത്തിനും ഉള്ള അവകാശം ഉൾപ്പെടെയുള്ള മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിനിയോഗിച്ചതിൻ്റെ ഫലമാണ് ഈ അറസ്റ്റ്. ഇമ്രാൻ ഖാനെ ഉടൻ മോചിപ്പിക്കുകയും അന്താരാഷ്ട്ര നിയമത്തിന് അനുസൃതമായി നഷ്ടപരിഹാരം നൽകുകയും വേണം,’ യു.എൻ വിദഗ്ദ്ധർ വ്യക്തമാക്കി.

സംസ്ഥാന രഹസ്യങ്ങൾ ചോർത്തിയെന്നാരോപിച്ച് ജനുവരിയിലാണ് ഇമ്രാൻ ഖാനെ കോടതി 10 വർഷത്തെ തടവിന് ശിക്ഷിച്ചത്. 2022 ഏപ്രിലിൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കം ചെയ്തതുമുതൽ, 71 കാരനായ ഖാൻ 200-ലധികം നിയമ കേസുകളിൽ കുടുങ്ങുകയും കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുകയുമാണ്.

എന്നാൽ വിചാരണയിലുടനീളം അദ്ദേഹം തന്റെ നിരപരാധിത്വത്തെ കുറിച്ച് പരാമർശിക്കുകയും പാകിസ്ഥാൻ സൈന്യം രാഷ്ട്രീയ എതിരാളികളുമായി ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയാണെന്നും പറഞ്ഞു.

പതിറ്റാണ്ടുകളായി നേരിട്ട് ഭരിക്കുകയും ഇപ്പോഴും വമ്പിച്ച അധികാരം കൈയാളുകയും ചെയ്ത പാകിസ്ഥാൻ്റെ ശക്തമായ സൈന്യമാണ് കേസുകൾക്ക് പിന്നിലെന്നും യു.എൻ വിദഗ്ദർ പറഞ്ഞു.

പി.ടി ഐയെ പിന്തുണക്കുന്നരുൾപ്പെടെയുള്ള വ്യക്തികളുടെ വ്യാപകമായ അറസ്റ്റുകൾ, തടങ്കലുകൾ, തിരോധാനങ്ങൾ എന്നിവയുടെ കാര്യത്തിൽ യു.എൻ ആശങ്ക രേഖപ്പെടുത്തുകയും ഇക്കാര്യത്തിൽ വേഗത്തിലും ഉചിതമായ നടപടിയെടുക്കാൻ അധികാരികളോട് ആവശ്യപ്പെടുകയും ചെയ്തു.

സൈന്യത്തിൻ്റെ പിന്തുണയോടെയുള്ള അടിച്ചമർത്തലുകൾ ഉണ്ടായിരുന്നിട്ടും, ഫെബ്രുവരി 8 ലെ വോട്ടിൽ ഇമ്രാൻ്റെ പാർട്ടി(പി.ടി.ഐ) ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയിരുന്നു.

പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫും യു.എൻ വർക്കിംഗ് ഗ്രൂപ്പിൻ്റെ കണ്ടെത്തലുകളെ പ്രശംസിക്കുകയും മുൻ പ്രധാനമന്ത്രിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന ആവശ്യം ആവർത്തിക്കുകയും ചെയ്തു.

എന്നാൽ യു.എൻ വിദഗ്ധരുടെ പ്രസ്താവനയിൽ പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയം ഇതുവരെയും പ്രതികരിച്ചിട്ടില്ല.

Content Highlight: UN panel declares former Pakistan PM Imran Khan’s detention arbitrary