2020ല്‍ ഖത്തറില്‍ 50 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചെന്ന് യു.എന്‍ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട്; പരിക്കേറ്റവരിലധികവും ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍ സ്വദേശികള്‍
ദോഹ: 2020ല്‍ ഖത്തറില്‍ 50 കുടിയേറ്റ തൊഴിലാളികള്‍ മരിച്ചതായി ഐക്യരാഷ്ട്രസഭയുടെ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട്. യു.എന്നിന്റെ ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ വര്‍ഷം ഖത്തറില്‍ 500ലധികം കുടിയേറ്റ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റതായും റിപ്പോര്‍ട്ട് പറയുന്നു. വെള്ളിയാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.
ജോലിസ്ഥലങ്ങളില്‍ സംഭവിക്കുന്ന വീഴ്ചകളാണ് ഭൂരിഭാഗം തൊഴിലാളികളുടേയും മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ട് പറയുന്നു.
വീഴ്ചയിലൂടെയും റോഡപകടങ്ങളിലൂടെയും ശരീരത്തിലേയ്ക്ക് മെഷീനോ മറ്റ് സാധനങ്ങളോ വീഴുന്നതിലൂടെയുമാണ് അധികം പേര്‍ക്കും പരിക്കേറ്റതെന്നും ഐ.എല്‍.ഒ പറയുന്നുണ്ട്.
50 പേരില്‍ 20 പേര്‍ ആശുപത്രിയില്‍ വെച്ചും 30 പേര്‍ ആശുപത്രിയിലെത്തുന്നതിന് മുമ്പും മരിച്ചെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. യഥാര്‍ത്ഥത്തില്‍ മരിച്ച തൊഴിലാളികളുടെ എണ്ണം റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ അധികമാകാമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കുന്നു.
2022 ഫുട്‌ബോള്‍ ലോകകപ്പിന് ആതിഥ്യം വഹിക്കാന്‍ ഖത്തര്‍ തയാറെടുക്കുന്നതിനിടെയാണ് റിപ്പോര്‍ട്ട് പുറത്ത് വന്നതെന്നതും ശ്രദ്ധേയമാണ്.
ലോകകപ്പിന് വേണ്ടിയുള്ള സ്റ്റേഡിയം നിര്‍മാണങ്ങളടക്കമുള്ള ജോലികള്‍ക്ക് വേണ്ടി നിയോഗിക്കപ്പെടുന്ന ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ മോശം സാഹചര്യങ്ങളിലാണ് ജോലി ചെയ്യുന്നത് എന്ന വിമര്‍ശനം ശക്തമാകുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോര്‍ട്ട്.