| Monday, 19th June 2023, 7:22 pm

ഇന്ത്യയിലും ചൈനയിലും യു.എന്‍. മനുഷ്യാവകാശ ഓഫീസ് തുറക്കണം: വോള്‍ക്കര്‍ ടര്‍ക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ചൈനയിലും ഇന്ത്യയിലും ഓഫീസ് തുറക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ അധ്യക്ഷന്‍ വോള്‍ക്കര്‍ ടര്‍ക്ക്.
അതിന് വേണ്ടി തനിക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും ജനീവയില്‍ വെച്ച് നടന്ന മനുഷ്യാവകാശ കൗണ്‍സിലിന്റെ നാലാഴ്ചത്തെ സെഷന്റെ ഉദ്ഘാടന വേളയില്‍ അദ്ദേഹം ആഹ്വാനം ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

നിലവില്‍ 95 രാജ്യങ്ങളിലാണ് യു.എന്‍. മനുഷ്യാവകാശത്തിന്റെ ഓഫീസുള്ളത്.

മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം അംഗീകരിച്ച് 75 വര്‍ഷത്തിന് ശേഷവും ലോകം നിര്‍ണായക ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നതെന്നെന്നും അദ്ദേഹം പറഞ്ഞു.

‘ചൈനയിലും ഇന്ത്യയിലും ആദ്യമായി ഒരു സാന്നിധ്യം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ അദ്ദേഹം പറഞ്ഞു.

നിരവധി രാജ്യങ്ങള്‍ ജനങ്ങളെ ശ്വാസം മുട്ടിക്കുകയാണെന്ന് പേരെടുത്ത് പറയാതെ ടര്‍ക് പറഞ്ഞു.

വംശീയ വിവേചനത്തില്‍ അടിയന്തരമായി ഇടപെടാനും ബാലാവകാശങ്ങള്‍ ഉള്‍പ്പെടെ ആറ് മനുഷ്യാവകാശ ഉടമ്പടികള്‍ അംഗീകരിക്കാനും ടര്‍ക്ക് അമേരിക്കയോടും ആവശ്യപ്പെട്ടിട്ടുണ്ട്.

പല രാജ്യങ്ങളും പരമാധികാരത്തിന്റെ അടിസ്ഥാനത്തില്‍ സൂക്ഷ്മപരിശോധനയെ എതിര്‍ക്കുന്നതിനാല്‍ ആഗോള നിരീക്ഷണം ശക്തമാക്കുന്നതിന് തന്റെ ഓഫീസിന്റെ ബജറ്റ് ഇരട്ടിയാക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും ടര്‍ക്ക് പറഞ്ഞു.

ഐക്യരാഷ്ട്ര സഭയുടെ നാല് തൂണുകളിലൊന്നാണ് മനുഷ്യാവകാശം. എന്നാല്‍ ആകെ ബജറ്റിന്റെ നാല് ശതമാനം മാത്രമാണ് മനുഷ്യാവകാശത്തിന് ലഭിക്കുന്നത്.

എന്നാല്‍ ചൈനയില്‍ നിന്നോ ജനീവയിലെ ഇന്ത്യയുടെ നയതന്ത്ര ദൗത്യത്തില്‍ നിന്നോ ഇതുവരെ പ്രതികരണമൊന്നുമുണ്ടായില്ല. അതേസമയം ചൈനയില്‍ ഓഫീസ് സജ്ജീകരിക്കുന്നതിന് ടര്‍ക്കിന് ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

ഉയ്ഗുര്‍ മുസ്‌ലിങ്ങളോടുള്ള ബെയ്ജിങ്ങിന്റെ പെരുമാറ്റത്തെക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ചതിനാല്‍ അദ്ദേഹത്തിന്റെ മുന്‍ഗാമിയായ മിഷേല്‍ ബാച്ചലെറ്റിന് നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 2022ല്‍ അവിടേക്ക് സന്ദര്‍ശിക്കാന്‍ സാധിച്ചത്.

അതേസമയം ഇന്ത്യയില്‍ നടക്കുന്ന അവകാശ ലംഘനങ്ങള്‍ നിരീക്ഷിക്കുകയാണെന്ന് അമേരിക്കയും അറിയിച്ചു.

ഗവണ്‍മെന്റുകളുമായുള്ള കൂടിക്കാഴ്ചകളില്‍ ടര്‍ക് രണ്ട് പുതിയ ഓഫീസുകളുടെ ആശയം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അവരുടെ പ്രതികരണം അറിയിച്ചില്ലെന്നും യു.എന്‍ അവകാശ വക്താവും പറഞ്ഞു.

CONTENT HIGHLIGHTS: UN in India and China Human rights office should be opened: Volker Turk

We use cookies to give you the best possible experience. Learn more