ന്യൂയോര്‍ക്ക്: ചൈനയുടെ തെക്കന്‍ പ്രവിശ്യയായ ഷിന്‍ജിയാങില്‍ നിന്നുള്ള മനുഷ്യാവകാശ ലംഘന ആരോപണങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ട് ഐക്യരാഷ്ട്രസഭ.
ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങളും മറ്റ് മുസ്‌ലിം എത്‌നിക് ഗ്രൂപ്പുകളും നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
യു.എന്നിന്റെ മനുഷ്യാവകാശ ഓഫീസ് മേധാവി മിഷേല്‍ ബഷേലെറ്റ് (Michelle Bachelet) ആണ് ബുധനാഴ്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഏറെക്കാലമായി ഈ റിപ്പോര്‍ട്ടിനെ കുറിച്ച് പല തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടുന്നതിന് ചൈനയുടെ ഭാഗത്ത് നിന്നും വലിയ എതിര്‍പ്പും നിലനിന്നിരുന്നു.
റിപ്പോര്‍ട്ട് മാസങ്ങളായി തയാറായിരുന്നെന്നും എന്നാല്‍ ഇപ്പോള്‍ മാത്രമാണ് പുറത്തുവിടാന്‍ സാധിച്ചതെന്നും മിഷേല്‍ ബഷേലെറ്റ് പറഞ്ഞു. റിപ്പോര്‍ട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് മാസങ്ങളായി തനിക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.
യു.എന്നിന്റെ മനുഷ്യാവകാശ ഓഫീസ് മേധാവി സ്ഥാനം ഒഴിയുന്നതിന് തൊട്ടുമുമ്പായാണ് മിഷേല്‍ ബഷേലെറ്റിന്റെ നേതൃത്വത്തില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത് എന്ന പ്രത്യേകതയുമുണ്ട്.
ഷിന്‍ജിയാങില്‍ ഉയിഗ്വര്‍ മുസ്‌ലിങ്ങളെയും മറ്റ് മുസ്‌ലിം എത്‌നിക് ഗ്രൂപ്പുകളെയും ചൈനീസ് ഭരണകൂടം തടവിലിട്ട് പീഡിപ്പിക്കുകയാണെന്നും ഇത് മനുഷ്യരാശിക്ക് തന്നെ എതിരായ കുറ്റകൃത്യമാണെന്നും യു.എന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളും ചൂഷണങ്ങളുമാണ് ഉയിഗ്വറുകള്‍ക്കെതിരെ നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിഷയത്തില്‍ ഐക്യരാഷ്ട്ര സഭയുടെ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
”റിപ്പോര്‍ട്ട് ഇതുവരെ ഞങ്ങള്‍ കണ്ടിട്ടില്ല. എന്നാല്‍ ഇത്തരമൊരു റിപ്പോര്‍ട്ടിന് ഞങ്ങള്‍ പൂര്‍ണമായും എതിരാണ്. ഇത് ആര്‍ക്കെങ്കിലും എന്തെങ്കിലും ഗുണം ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല.
ഈ റിപ്പോര്‍ട്ടിന് ഞങ്ങള്‍ എതിരാണെന്ന് മുമ്പും പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ കെട്ടിച്ചമച്ച ഒരു നുണയാണ് ഷിന്‍ജിയാങ് പ്രശ്‌നം എന്ന് നമുക്കെല്ലാം വ്യക്തമായി അറിയാം.