യു.എസ് സുപ്രീംകോടതി വിധി ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരായ തിരിച്ചടി; യു.എന്‍ മനുഷ്യാവകാശ മേധാവി
World News
യു.എസ് സുപ്രീംകോടതി വിധി ലിംഗനീതിക്കും സ്ത്രീകളുടെ അവകാശങ്ങള്‍ക്കുമെതിരായ തിരിച്ചടി; യു.എന്‍ മനുഷ്യാവകാശ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th June 2022, 9:44 am

വാഷിങ്ടണ്‍: ഗര്‍ഭഛിദ്രം നടത്താനുള്ള ഭരണഘടനാപരമായ അവകാശം റദ്ദാക്കിയ യു.എസ് സുപ്രീംകോടതിയുടെ വിധിയെ അപലപിച്ച് ഐക്യരാഷ്ട്രസഭ. കോടതിവിധി സ്ത്രീകളുടെ മനുഷ്യാവകാശങ്ങള്‍ക്കും ലിംഗ സമത്വത്തിനും തിരിച്ചടിയാണെന്ന് യു.എന്‍ മനുഷ്യാവകാശ മേധാവി പ്രതികരിച്ചു.

യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഹൈക്കമ്മീഷണര്‍ മിഷേല്‍ ബാചലെറ്റാണ് വിഷയത്തില്‍ പ്രതികരിച്ചത്. സുരക്ഷിതവും നിയമാനുസൃതവുമായ ഗര്‍ഭഛിദ്രം അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളില്‍ പ്രതിപാദിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അബോര്‍ഷന് അനുമതി നല്‍കുന്നത് നിഷേധിച്ചു എന്നുകരുതി അത് നടത്തുന്നതില്‍ നിന്നും ആളുകള്‍ പിന്മാറില്ലെന്നും പകരം സ്ഥിതി കൂടുതല്‍ വഷളാവുകയാണ് ഉണ്ടാവുകയെന്നും യു.എന്‍ പറഞ്ഞു.

ലോകാരോഗ്യ സംഘടനയും വിഷയത്തില്‍ പ്രതികരിച്ചിരുന്നു. ഓരോ വര്‍ഷവും ലോകത്ത് 195 കോടിയിലധികം സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രം നടക്കുന്നുണ്ടെന്നും 37,000ഓളം സ്ത്രീകള്‍ മരിക്കുന്നുണ്ടെന്നും, ഗര്‍ഭഛിദ്രത്തിനുള്ള അവകാശം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നതിലൂടെ അത് സുരക്ഷിതമല്ലാത്ത ഗര്‍ഭഛിദ്രത്തിലേക്ക് നയിക്കുമെന്നും ഡബ്ല്യു.എച്ച്.ഒ ട്വീറ്റ് ചെയ്തു.

ഏകദേശം 50 വര്‍ഷം പഴക്കമുള്ള കേസിലെ വിധി തിരുത്തിക്കൊണ്ടായിരുന്നു സുപ്രീംകോടതി പുതിയ വിധി പ്രസ്താവിച്ചത്. കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ക്ക് ഭൂരിപക്ഷമുള്ള യു.എസ് സുപ്രീംകോടതി ആറിനെതിരെ ഒമ്പത് വോട്ടുകള്‍ക്കാണ് 1973ലെ നിയമം റദ്ദാക്കിയത്.

1973ല്‍ രാജ്യത്തുടനീളം ഗര്‍ഭഛിദ്രം നിയമവിധേയമാക്കിയ റോയ് v/s വേഡ് എന്ന സുപ്രധാന കേസിലെ വിധിയാണ് സുപ്രീംകോടതി റദ്ദാക്കിയത്.

ഇതോടെ യു.എസിലെ സംസ്ഥാനങ്ങള്‍ക്ക് ഇനിമുതല്‍ ഗര്‍ഭഛിദ്ര നിയമം നിര്‍മിക്കാന്‍ അനുമതിയുണ്ടാകും. പകുതിയോളം വരുന്ന സംസ്ഥാനങ്ങള്‍ ഉടന്‍ നിയമനിര്‍മാണത്തിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ടെക്‌സസ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ 30 ദിവസത്തിനകം നിരോധനം നടപ്പിലാകും.

നോര്‍മ മക്കോര്‍വ് എന്ന 22കാരിയായ യു.എസ് വനിത നടത്തിയ നിയമപോരാട്ടങ്ങളിലാണ് യു.എസില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കിക്കൊണ്ടുള്ള വിധി വന്നത്.

ഗര്‍ഭച്ഛിദ്രത്തിലൂടെ ഗര്‍ഭം അവസാനിപ്പിക്കാനുള്ള സ്ത്രീയുടെ അവകാശം അമേരിക്കന്‍ ഭരണഘടന അംഗീകരിക്കുന്നുണ്ടോ എന്നതായിരുന്നു യു.എസ് സുപ്രീം കോടതിയുടെ മുമ്പിലെ പ്രധാന ചോദ്യം. ഹരജി ഫയല്‍ ചെയ്തതോടെ ഗര്‍ഭം ധരിച്ച് ആദ്യ മൂന്ന് മാസങ്ങളില്‍ ഗര്‍ഭച്ഛിദ്രം നടത്താനുള്ള തീരുമാനം സ്ത്രീയ്ക്കും അവരെ പരിചരിക്കുന്ന ഡോക്ടര്‍ക്കും വിടണമെന്നായിരുന്നു 1973ലെ കോടതിവിധി.

എന്നാല്‍ നിലവിലെ വിധി പ്രകാരം രാജ്യത്ത് ഓരോ സംസ്ഥാനത്തിനും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതും അനുവദിക്കാതിരിക്കുന്നതും സംബന്ധിച്ച് തീരുമാനിക്കാം എന്നാണ്.

സുപ്രീംകോടതി വിധിക്കെതിരെ പ്രതിഷേധവുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. യു.എസ് പ്രസിഡന്റ് ജോ ബൈഡനും മുന്‍ യു.എസ് പ്രസിഡന്റ് ബറാക് ഒബാമയും വിധിയെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

50 വര്‍ഷം നിലനിന്ന ചരിത്രവിധി തിരുത്തുക മാത്രമല്ല, ഒരാളുടെ വ്യക്തിപരമായ തീരുമാനത്തെ ചോദ്യം ചെയ്യുക കൂടിയാണ് സുപ്രീംകോടതി ചെയ്തതെന്നായിരുന്നു ഒബാമ ട്വിറ്ററില്‍ കുറിച്ചത്. രാജ്യവ്യാപകമായി വിധിക്കെതിരെ പ്രതിഷേധപ്രകടനങ്ങളും അരങ്ങേറുന്നുണ്ട്.

അതേസമയം, വിധിയെ സ്വാഗതം ചെയ്തുകൊണ്ടായിരുന്നു മുന്‍ യു.എസ് പ്രസിഡന്റും റിപബ്ലിക്കന്‍ നേതാവുമായ ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

Content Highlight: UN human rights chief says US Supreme Court ruling on abortion is a huge blow to women’s human rights and gender equality