ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇരട്ടി ശ്രമം വേണം; മണിപ്പൂർ, നൂഹ് കലാപങ്ങളിൽ യു.എൻ മനുഷ്യാവകാശ കൗൺസിലിൽ മേധാവി
ജനീവ: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഇരട്ടി ശ്രമം നടത്തണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യു.എൻ മനുഷ്യാവകാശ കൗൺസിൽ മേധാവി വോൾക്കർ ടർക്ക്. ഹരിയാനയിലെയും മണിപ്പൂരിലെയും കലാപങ്ങൾ ഉന്നയിച്ചുകൊണ്ട് യു.എൻ മനുഷ്യാവകാശ കൗൺസിലിന്റെ അമ്പത്തിനാലാം സെഷന്റെ ഉദ്ഘാടനപ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാഹെൽ മുതൽ പാകിസ്ഥാൻ വരെയും ഇന്ത്യ മുതൽ പെറു വരെയുമുള്ള മനുഷ്യാവകാശ പ്രശ്നങ്ങൾ അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഇന്ത്യയിലെ അവസ്ഥയെ കുറിച്ച് സംസാരിക്കുന്നതിനിടയിൽ ഇന്ത്യയിലെ ന്യൂനപക്ഷ സമുദായങ്ങൾ ആക്രമണങ്ങൾക്കും വിവേചനങ്ങൾക്കും വിധേയരാകുന്നതായി തന്റെ ഓഫീസിൽ നിരന്തരം വിവരം ലഭിക്കാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘മുസ്‌ലിങ്ങൾക്ക് നേരെയാണ് ഇത്തരത്തിലുള്ള ആക്രമണങ്ങൾ കൂടുതൽ നടക്കുന്നത്, ഏറ്റവും ഒടുവിൽ ഉണ്ടായത് വടക്കൻ ഇന്ത്യയിലെ ഹരിയാനയിലെ ഹുരുഗ്രാമിലായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ആഗസ്റ്റിൽ, വിശ്വ ഹിന്ദു പരിഷത് നടത്തിയ ജാഥയ്ക്കിടയിലായിരുന്നു കലാപം പൊട്ടിപ്പുറപ്പെട്ടത്. ഒരാഴ്ചയോളം നീണ്ടുനിന്ന സംഘർഷത്തിൽ എഴ് പേർ മരിച്ചുവെന്നും 200 പേർക്ക് പരിക്ക് പറ്റിയെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ നാല് മാസമായി വടക്ക് കിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ വംശഹത്യ നടന്നുകൊണ്ടിരിക്കുകയാണെന്നും ടർക്ക് ചൂണ്ടിക്കാട്ടി.
‘മണിപ്പൂരിൽ മേയ് മാസം മുതൽ ന്യൂനപക്ഷ സമുദായത്തിൽപെട്ടവർ അരക്ഷിതാവസ്ഥയും ആക്രമണങ്ങളും നേരിട്ടുവരികയാണ്,’ അദ്ദേഹം പറഞ്ഞു.
റിപ്പോർട്ടുകൾ പ്രകാരം മണിപ്പൂരിൽ 200ലധികം ആളുകൾ മരണപ്പെടുകയും 70,000ത്തോളം പേർ പലായനം ചെയ്യുകയുമുണ്ടായി.
‘അസഹിഷ്ണുത, വിദ്വേഷ പ്രസംഗം, മതതീവ്രവാദം, വിവേചനം എന്നിവയെ കൈകാര്യം ചെയ്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് ഇരട്ടി പരിശ്രമം നടത്തണം,’ ഇന്ത്യയോട് ടർക്ക് ആവശ്യപ്പെട്ടു.
Content Highlight: In Opening Session Speech, UN Human Rights Chief Raises Manipur and Nuh Violence