| Thursday, 15th August 2024, 10:51 pm

ഗസയിൽ 40000കടന്ന് മരണം; യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥനയുമായി യു.എൻ മനുഷ്യാവകാശ മേധാവി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഇസ്രഈൽ വംശഹത്യയിൽ മരണം 40000 കടന്നതോടെ യുദ്ധം അവസാനിപ്പിക്കാൻ അഭ്യർത്ഥനയുമായി യു.എൻ മനുഷ്യാവകാശ മേധാവി വോൾക്കാർ ടക്ക്. കഴിഞ്ഞ പത്ത് മാസത്തിനിടെ ഗസയിൽ പ്രതിദിനം 130 പേരെങ്കിലും കൊല്ലപ്പെട്ടെന്നും യുദ്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ന് ലോകം അതി കഠിനമായ ഒരു ദിനത്തിലൂടെ കടന്ന് പോവുകയാണ്. 40000 ഫലസ്തീനികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഗസയിലെ ജനങ്ങൾ ഇപ്പോൾ ദുഖിക്കുകയാണെന്ന് ഗസയിലെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗം പേരും സ്ത്രീകളും കുട്ടികളുമാണ്. യുദ്ധ നിയമങ്ങൾ പാലിക്കുന്നതിൽ ഇസ്രഈലിന്റെ ആവർത്തിച്ചുള്ള പരാജയമാണ് ഈ അവസ്ഥക്ക് കാരണം.

കഴിഞ്ഞ മാസത്തിനിടെ ഗസയിൽ പ്രതിദിനം ശരാശരി 130 പേർ കൊല്ലപ്പെട്ടു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വീടുകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളുമടക്കം ഇസ്രഈൽ സൈന്യം ഗസയിൽ നശിപ്പിച്ച കെട്ടിടങ്ങളുടെ വ്യാപ്തി വളരെ ഞെട്ടിക്കുന്നതാണ്,’ അദ്ദേഹം പറഞ്ഞു.

സിവിലിയൻമാരുടെയും അവരുടെ സ്വത്തുക്കളുടെയും സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര മാനുഷിക നിയമം വ്യക്തമായി പ്രതിപാദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇസ്രാഈൽ സൈന്യവും ഹമാസിന്റെ സായുധവിഭാഗവും അന്താരാഷ്ട്ര മാനുഷിക നിയമം ലംഘിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ കൂട്ടക്കൊലയെ തടയാനുള്ള കഴിവില്ലായ്മയെക്കുറിച്ച് ലോകം സംസാരിക്കുമ്പോൾ ഉടനടി വെടിനിർത്തലിന് സമ്മതിക്കാനും ഈ കൊലപാതകങ്ങൾ എന്നെന്നേക്കുമായി നിർത്താനും ഞാൻ എല്ലാ കക്ഷികളോടും അഭ്യർത്ഥിക്കുന്നു. ബന്ദികളെ മോചിപ്പിക്കണം. ഏകപക്ഷീയമായി തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിക്കണം. ഇസ്രാഈലിന്റെ അനധികൃത അധിനിവേശം അവസാനിപ്പിക്കുകയും അന്താരാഷ്ട്രതലത്തിൽ അംഗീകരിച്ച ദ്വിരാഷ്ട്ര പരിഹാരം യാഥാർത്ഥ്യമാകുകയും വേണം,’ വോൾക്കാർ ടക്ക് പറഞ്ഞു.

ഗസയിൽ ഇസ്രഈൽ ആക്രമണത്തിൽ ഇതുവരെ 40,000 ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടുവെന്ന് പ്രാദേശിക ആരോഗ്യ മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു.

ഇസ്രഈലിന്റെ ആക്രമണത്തിൽ 92,401 പേർക്ക് പരിക്കേൽക്കുകയും ജനസംഖ്യയുടെ 85 ശതമാനത്തിലധികം ആളുകൾക്ക് അവരുടെ വീടുകളിൽ താമസം മാറേണ്ട അവസ്ഥ വരികയും ചെയ്തതായി ഗസ ആരോഗ്യമന്ത്രാലയം പറഞ്ഞു.

ഒക്‌ടോബർ 7ന് ഹമാസ് തെക്കൻ ഇസ്രഈലിലേക്ക് പ്രത്യാക്രമണം നടത്തുകയും 1,200 ഓളം പേർ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെയായിരുന്നു ഇസ്രാഈൽ യുദ്ധം ആരംഭിച്ചത്.

Content Highlight: UN human rights chief laments ‘grim milestone’ as Gaza death toll exceeds 40,000

We use cookies to give you the best possible experience. Learn more