ജനീവ: കര്‍ഷക പ്രതിഷേധത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സംഘടന. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രതിഷേധക്കാരും സര്‍ക്കാരും നിയന്ത്രണം പാലിക്കണമെന്നും മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
‘ഇപ്പോള്‍ ഇന്ത്യയില്‍ നടക്കുന്ന കര്‍ഷക പ്രതിഷേധത്തില്‍ സര്‍ക്കാരിനോടും പ്രതിഷേധക്കാരോടും പരമാവധി നിയന്ത്രണം നടപ്പില്‍ വരുത്തണമെന്ന് ആവശ്യപ്പെടുകയാണ്. സമാധാനപരമായി ഒത്തുച്ചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം, ഓഫ്‌ലൈനിലും ഓണ്‍ലൈനിലും സംരക്ഷിക്കപ്പെടേണ്ടതാണ്. എല്ലാവരുടെയും മനുഷ്യാവകാശങ്ങള്‍ സംരക്ഷിച്ചുകൊണ്ട് ഈ വിഷയത്തില്‍ എത്രയും വേഗം പരിഹാരം കണ്ടെത്തണം,’ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് എന്ന ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയാണ് ഐക്യരാഷ്ട്ര സഭ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് രണ്ട് മാസത്തിലേറെയായി കര്‍ഷകര്‍ ദല്‍ഹി അതിര്‍ത്തികളില്‍ സമരത്തിലാണ്. നിയമങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരത്തില്‍ നിന്നും പിന്നോട്ടുപോകില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
നിയമം പിന്‍വലിക്കാനാകില്ലെന്നും ഭേദഗതിയെ കുറിച്ച് ചിന്തിക്കാമെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഇതേ തുടര്‍ന്ന് കര്‍ഷകരുമായി നടത്തിയ എല്ലാ ചര്‍ച്ചകളും പരാജയപ്പെടുകയായിരുന്നു.
ശനിയാഴ്ച രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകള്‍ ഉപരോധിക്കാനൊരുങ്ങുകയാണ് കര്‍ഷകര്‍. മൂന്നു മണിക്കൂര്‍ നേരത്തേക്കായിരിക്കും ഉപരോധം. ഉച്ചയ്ക്ക് 12 മണിമുതല്‍ മൂന്ന് മണിവരെയാണ് വാഹനങ്ങള്‍ ഉപരോധിക്കുക. സമാധാനപരമായിരിക്കണം ഉപരോധമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കര്‍ഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും ദല്‍ഹിയിലും വഴിതടയല്‍ ഉണ്ടാവില്ലെന്ന് ഭാരതീയ കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടികായത് അറിയിച്ചു. സ്‌കൂള്‍ ബസുകള്‍, ആംബുലന്‍സുകള്‍, അവശ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങള്‍ എന്നിവ കടത്തിവിടുമെന്നാണ് സംയുക്തകിസാന്‍ മോര്‍ച്ച അറിയിച്ചത്. മൂന്ന് മണിക്ക് ഒരു മിനിറ്റ് വാഹനങ്ങളുടെ സൈറണ്‍ മുഴക്കി ആയിരിക്കും സമരം സമാപിക്കുക.
റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘര്‍ഷം കണക്കിലെടുത്ത് പ്രദേശത്ത് അതീവ സുരക്ഷ ഏര്‍പ്പെടുത്തുമെന്നാണ് ദല്‍ഹി പൊലീസ് അറിയിച്ചത്. അതേസമയം ദല്‍ഹിയിലേക്ക് കടക്കില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പ്രവേശിക്കാതിരിക്കാനായി നിരകളായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: UN Human Rights asks Central govt to protect the rights to protest in Farmers Protest