ജനീവ: ഫെബ്രുവരി ഒന്നിന് നടന്ന പട്ടാള അട്ടിമറിക്ക് ശേഷം മ്യാന്‍മര്‍ മനുഷ്യാവകാശ ദുരന്തത്തില്‍ മുങ്ങിപ്പോയെന്ന് യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍. മ്യാന്‍മറിലുടനീളം അക്രമം വര്‍ദ്ധിച്ചുവരികയാണെന്നും വെറും നാല് മാസത്തിനുള്ളില്‍ രാജ്യം ദുര്‍ബലമായ ജനാധിപത്യത്തില്‍ നിന്ന് മനുഷ്യാവകാശ ദുരന്തത്തിലേക്ക് മാറിയെന്നും യു.എന്‍. മനുഷ്യാവകാശ കമ്മീഷണര്‍ മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.
വംശീയവും മതപരവുമായ ന്യൂനപക്ഷ വിഭാഗങ്ങളുള്ള പ്രദേശങ്ങളില്‍ അക്രമം തീവ്രമാണെന്നും അവര്‍ പറഞ്ഞു. സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ 860 പ്രതിഷേധക്കാര്‍ കൊല്ലപ്പെട്ടെന്നും യു.എന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഓഫീസ് വെള്ളിയാഴ്ച അറിയിച്ചു.
‘കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മാത്രം 108,000ല്‍ അധികം ആളുകള്‍ കയാ സംസ്ഥാനത്തില്‍ മാത്രം വീടുകളില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. പലരും വനമേഖലയിലേക്കാണ് പലായനം ചെയ്തത്. അവിടെ ഭക്ഷണം, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളില്ലാതെ അവര്‍ പ്രയാസപ്പെടുകയാണ്,’ മിഷേല്‍ ബാച്ചലെറ്റ് പറഞ്ഞു.
ഭരണാധികാരികള്‍, പത്രപ്രവര്‍ത്തകര്‍, ഭരണകൂട വിമര്‍ശകര്‍ എന്നിവര്‍ക്ക് നേരെ രാജ്യത്ത് നടന്ന അറസ്റ്റിനെ ബാച്ചലെറ്റ് അപലപിച്ചു.
വിശ്വസനീയമായ വൃത്തങ്ങളെ ഉദ്ധരിച്ച് 4,804 പേര്‍ അനിയന്ത്രിതമായി രാജ്യത്ത് തടങ്കലില്‍ കഴിയുന്നുവെന്നും അവര്‍ പറഞ്ഞു.
അതേസമയം, മുന്‍ മ്യാന്‍മര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ആങ് സാന്‍ സൂചിയ്ക്കെതിരെ പട്ടാളഭരണകൂടം കഴിഞ്ഞ ദിവസം
അഴിമതിക്കുറ്റം ചുമത്തിയിരുന്നു.അനധികൃതമായി പണവും സ്വര്‍ണ്ണവും കൈവശം വെച്ചെന്നാരോപിച്ചാണ് സൂചിയ്ക്കെതിരെ കേസെടുത്തത്.
പതിനൊന്ന് കിലോഗ്രാം സ്വര്‍ണ്ണം അര മില്ല്യണ്‍ ഡോളര്‍ എന്നിവ സൂചി അനധികൃതമായി കൈവശം വെച്ചുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.