| Tuesday, 7th May 2024, 5:14 pm

മാധ്യമപ്രവര്‍ത്തകര്‍ നേരിടുന്നത് കടുത്ത ഭീഷണി; കൊല്ലപ്പെട്ടവരുടേയും അറസ്റ്റിലാക്കപ്പെട്ടവരുടേയും കണക്കുമായി യു.എന്‍ ഹൈക്കമ്മീഷണര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: ലോകം മുഴുവന്‍ മാധ്യമ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും ശക്തമായ ഭീഷണികളെ നേരിടേണ്ടി വരികയാണ് മാധ്യമ പ്രവര്‍ത്തകരെന്ന് യു.എന്‍ ഹൈക്കമ്മീഷണര്‍. ആവിഷ്‌കാര സ്വാതന്ത്ര്യം കേവലം അവകാശമല്ല, മറിച്ച് അത് മഹത്തായ സ്വാതന്ത്ര്യങ്ങളിലൊന്നാണെന്നും യു.എന്‍ ഹൈക്കമ്മീഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ആ സ്വാതന്ത്ര്യത്തെ ഹനിക്കും വിധം ലോകത്താകമാനം അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മെയ് മൂന്നിന് ലോക പത്രസ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ജനീവയിലെ മനുഷ്യാവകാശ കൗണ്‍സിലിന്റെ മീഡിയ സെന്റര്‍ പ്രസിദ്ധീകരിച്ച പ്രസംഗത്തിലാണ് ടര്‍ക്കിന്റെ പ്രസ്താവന.

ലോകം മുഴുവന്‍ പത്ര പ്രവര്‍ത്തന സ്വാതന്ത്ര്യം ആഘോഷിക്കുമ്പോഴും അവര്‍ക്കു മുന്നില്‍ കൊട്ടിയടക്കപ്പെടുന്ന വാതിലുകളെ കുറിച്ചാണ് നാം ചിന്തിക്കേണ്ടതെന്നും വോള്‍ക്കര്‍ ടര്‍ക്ക് പറയുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്ന പ്രവണതകളെ ഗൗരവത്തോടെ കണക്കിലെടുക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മാധ്യമ പ്രവര്‍ത്തകര്‍ ഏറ്റവും നിര്‍ണായകമായ വഴികളിലാണെന്നും, അതിശക്തമായ തരത്തില്‍ ഭീഷണികളെ നേരിടേണ്ടി വരുന്നുവെന്നും വാള്‍ക്കര്‍ പറഞ്ഞു. പത്രപ്രവര്‍ത്തനത്തിന്റെ സത്യസന്ധതയിലാണ് താന്‍ വിശ്വസിക്കുന്നത്. അതിക്രമങ്ങളെ ചോദ്യം ചെയ്യാന്‍ ധൈര്യപ്പെടുന്ന ആളുകളെ കുറിച്ചും താന്‍ ചിന്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘2023 മാധ്യമ പ്രവര്‍ത്തനത്തിന്റെ വിനാശകരമായ വര്‍ഷമാണ്. ലോകത്താകമാനം 2023 ല്‍ മാത്രമായി 71 പേരും 2022 ല്‍ 87 മാധ്യമ പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. ഇതില്‍ 13% കൊലപാതകക്കേസുകള്‍ മാത്രമാണ് അന്വേഷിച്ചത്. 320 പത്രപ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും തടവിലാക്കപ്പെട്ടു. ഇത് എക്കാലത്തെയും ഉയര്‍ന്ന സംഖ്യയാണ്.

ഒരു പത്രപ്രവര്‍ത്തകന്‍ ആക്രമിക്കപ്പെടുമ്പോള്‍ ലോകത്തിന്റെ ശബ്ദമാണ് ഇല്ലാതാവുന്നത്. പുറം ലോകത്തിലേക്കുള്ള നമ്മുടെ കാഴ്ചയെ അതില്ലാതാക്കും. പത്രപ്രവര്‍ത്തകനെ നഷ്ടപ്പെടുക എന്ന് പറയുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകനെ കൂടിയാണ്. പത്രപ്രവര്‍ത്തനം ഒരു കുറ്റകൃത്യമല്ല, എന്നിട്ടും പുതിയ നിയമങ്ങളുടെയും വ്യവഹാരങ്ങളുടെയും പീരങ്കികള്‍ മറ്റൊരു കഥ പറയുന്നു,’വാള്‍ക്കര്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ സംരക്ഷണത്തിനായുള്ള കമ്മിറ്റിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജോഡി ഗിന്‍സ്ബെര്‍ഗും മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് യു.എന്‍ പോഡ്കാസ്റ്റില്‍ സംസാരിച്ചു. നമ്മുടെ അവകാശങ്ങള്‍ വിനിയോഗിക്കാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതില്‍ മാധ്യമപ്രവര്‍ത്തകര്‍ തികച്ചും നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നിയമം ഉപയോഗിച്ചും അല്ലാതെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന പീഡനങ്ങള്‍, വനിതാ മാധ്യമ പ്രവര്‍ത്തകരുടെ സുരക്ഷ, പാരിസ്ഥിതിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന തരത്തിലുള്ള പത്രപ്രവര്‍ത്തനം എന്നിവയെ കുറിച്ചും യു.എന്‍ പോഡ്കാസ്റ്റില്‍ പറയുന്നു.

Content Highlight:  UN High Commissioner for human rights, delivered a video address about the freedom of journalist

We use cookies to give you the best possible experience. Learn more