| Monday, 23rd May 2022, 10:14 am

മങ്കിപോക്‌സ് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഫ്രിക്കയെ മോശമാക്കിക്കൊണ്ട്; ഹോമോഫോബിയയും വംശീയ പരാമര്‍ശവും; മുന്നറിയിപ്പുമായി യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജനീവ: യൂറോപ്യന്‍ രാജ്യങ്ങളില്‍ മങ്കിപോക്‌സ് പടരുന്നതിനിടെ, രോഗ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വംശീയവും ഹോമോഫോബിക്കുമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരെ മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ.

യു.എന്‍ ഏജന്‍സിയാണ് ചില മാധ്യമങ്ങള്‍ മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന രീതിയെ ശക്തമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്.

എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയില്‍ പെട്ട ആളുകള്‍ക്കെതിരെയും ആഫ്രിക്കയെയും ആഫ്രിക്കക്കാരെയും മോശമായി ചിത്രീകരിക്കുന്ന തരത്തിലും മങ്കിപോക്‌സിനെക്കുറിച്ച് ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെയാണ് യു.എന്‍ അപലപിച്ചത്.

മങ്കിപോക്‌സ് റിപ്പോര്‍ട്ട് ചെയ്തവരില്‍ സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍ ഉണ്ടെന്ന് വാര്‍ത്ത വന്നതിനെ പിന്നാലെയാണ് ഹോമോഫോബികും വംശീയവുമായ പരാമര്‍ശങ്ങളോടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. വൈറസ് ബാധിച്ച ആറുമായും അടുത്തിടപെഴകുന്നത് രോഗം പകരാനിടയാകുമെന്നിരിക്കെ ഗേ, ബൈസെക്ഷ്വല്‍ എന്നിവരിലൂടെയാണ് രോഗം പടരുന്നതെന്ന തെറ്റായ വാര്‍ത്തകളും പ്രചരിക്കപ്പെടുന്നുണ്ട്.

ഇതിനെയാണ് യു.എന്‍ വിമര്‍ശിച്ചത്.

ഇങ്ങനെ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ പരത്തുമെന്നും രോഗത്തിനെതിരായ പോരാട്ടത്തെ മോശമായി ബാധിക്കുമെന്നും യു.എന്‍ വ്യക്തമാക്കി.

ബ്രിട്ടന്‍, സ്പെയ്ന്‍, പോര്‍ചുഗല്‍, ജര്‍മനി, ഇറ്റലി, ബെല്‍ജിയം അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണ് നിലവില്‍ മങ്കിപോക്സ് സ്ഥിരീകരിച്ചിട്ടുള്ളത്. ഒപ്പം യു.എസ്, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലും രോഗം കണ്ടെത്തിയിട്ടുണ്ട്.

12 രാജ്യങ്ങളിലായി 92 മങ്കിപോക്‌സ് കേസുകളുടെ ലബോറട്ടറി സ്ഥിരീകരണവും 28 സംശയമുള്ള കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഡബ്ല്യു.എച്ച്.ഒ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിട്ടുണ്ട്.

കുരങ്ങന്മാരില്‍ ആദ്യം കണ്ടെത്തിയ മങ്കിപോക്സ് പിന്നീട് വൈറസ് കാരിയറുമായി അടുത്തിടപെഴകുന്നതിലൂടെയാണ് മനുഷ്യരിലേക്ക് പടരുക. സാധാരണയായി ആഫ്രിക്കക്ക് പുറത്ത് അപൂര്‍വമായി മാത്രമാണ് മങ്കിപോക്‌സ് പടരാറുള്ളത്.

ഈ പശ്ചാത്തലത്തിലാണ് കുരങ്ങുപനിയുടെ കാര്യത്തില്‍ ആഫ്രിക്കയെ സ്റ്റിഗ്മറ്റൈസ് ചെയ്യുന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കടുത്ത പനിയും ദേഹത്ത് തിണര്‍ത്ത് പൊന്തുന്നതുമാണ് മങ്കിപോക്‌സിന്‍റെ സാധാരണ ലക്ഷണങ്ങള്‍. കൃത്യമായ ചികിത്സയില്ലാത്ത ഈ രോഗം സാധാരണയായി രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്ക് ശേഷം ഭേദമാകാറുണ്ട്.

Content Highlight: UN gives warning against homophobic and racist reporting on monkeypox cases in Europe

We use cookies to give you the best possible experience. Learn more