പ്രകൃതിയെ ടോയ്‌ലെറ്റ് പോലെയാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത്; 2030 മുതല്‍ ഓരോ വര്‍ഷവും കാത്തിരിക്കുന്നത് വന്‍ നഷ്ടം: ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി
World News
പ്രകൃതിയെ ടോയ്‌ലെറ്റ് പോലെയാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത്; 2030 മുതല്‍ ഓരോ വര്‍ഷവും കാത്തിരിക്കുന്നത് വന്‍ നഷ്ടം: ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 7th December 2022, 9:15 am

മോണ്ട്രിയല്‍: പരിസ്ഥിതി നശീകരണത്തിന് മനുഷ്യര്‍ വലിയ വില നല്‍കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ഐക്യരാഷ്ട്ര സഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗുട്ടറസ്. പ്രകൃതിയെ ഒരു ടോയ്‌ലെറ്റ് പോലെയാണ് മനുഷ്യര്‍ കണക്കാക്കുന്നതെന്നും ആവാസവ്യവസ്ഥകള്‍ നശിക്കുന്നത് കോടികളുടെ നഷ്ടമാണ് വരുത്തിവെക്കുകയെന്നും സി.ഒ.പി15 ജൈവവൈവിധ്യ ഉച്ചകോടിയില്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു.

‘സാമ്പത്തിക വളര്‍ച്ചയോട് തികച്ചും സ്വാര്‍ത്ഥവും അനിയന്ത്രിതവുമായ ആര്‍ത്തിയാണ് മനുഷ്യര്‍ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഈ മനുഷ്യരാശി വംശനാശത്തിനുള്ള ആയുധമായി തീര്‍ന്നിരിക്കുകയാണ്. പ്രകൃതിയെ ടോയ്‌ലെറ്റ് പോലെയാണ് മനുഷ്യര്‍ ഉപയോഗിക്കുന്നത്. നമ്മുടെ തന്നെ ആത്മഹത്യക്കാണ് ഈ പ്രവര്‍ത്തികള്‍ വഴിവെക്കുന്നത്.

പ്രകൃതിയും ആവാസവ്യവസ്ഥയും നശിക്കുന്നത് മനുഷ്യര്‍ക്ക് വലിയ നഷ്ടമാണ് വരുത്തിവെക്കുന്നത്. തൊഴിലുകള്‍ ഇല്ലാതാകുന്നതും പട്ടിണിയും രോഗങ്ങളും മരണങ്ങളുമെല്ലാം ഉള്‍പ്പെടെയുള്ള നഷ്ടമാണത്. 2030 മുതല്‍ മൂന്ന് ട്രില്യണ്‍ ഡോളറിന്റെ നഷ്ടമാണ് ഓരോ വര്‍ഷവും പരിസ്ഥിതി നശീകരണം മൂലം ലോകത്ത് സംഭവിക്കാന്‍ പോകുന്നത്,’ അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രോജക്ടുകള്‍ക്കും അതുമായി ബന്ധപ്പെട്ട് സര്‍ക്കാരുകളും കമ്പനികളും എടുക്കുന്ന തീരുമാനങ്ങള്‍ക്കുമെതിരെയും അദ്ദേഹം ഉച്ചകോടിയില്‍ സംസാരിച്ചു. നികുതി ഇളവുകള്‍ നല്‍കുന്നതിലും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും പരിസ്ഥിതി സംരക്ഷണത്തിന് ഉതകുന്ന മാര്‍ഗങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും ആവാസവ്യവസ്ഥകള്‍ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും ഉടനടി തന്നെ മാറിചിന്തിക്കണമെന്നും അന്റോണിയോ ഗുട്ടറസ് ആവശ്യപ്പെട്ടു.

190 രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ബൃഹത്തായ ഉച്ചകോടിയാണ് മോണ്ട്രിയലില്‍ നടക്കുന്നത്. 13 ദിവസമാണ് സമ്മേളനം നടക്കുക. ആവാസവ്യവസ്ഥകളുടെ നശീകരണം തടയുന്നതിനായി രാജ്യങ്ങളുമായി ഒരു കരാറില്‍ എത്തിച്ചേരുക എന്നതാണ് ജൈവവൈവിധ്യ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം. 2030ഓടെ കടലിലും കരയിലുമുള്ള ആവാസവ്യവസ്ഥകളില്‍ 30 ശതമാനത്തിന്റെ സംരക്ഷണം ഉറപ്പാക്കുക എന്നതും തുല്യ പ്രാധാന്യത്തോടെ ഐക്യരാഷ്ട്ര സഭ കാണുന്ന ലക്ഷ്യമാണ്. 30*30 ടാര്‍ഗെറ്റ് എന്നാണ് ഈ പദ്ധതിക്ക് നല്‍കിയിരിക്കുന്ന പേര്.

പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നതില്‍ എല്ലാവര്‍ക്കും തുല്യമായ അവസരം ഉറപ്പാക്കുക, അതില്‍ നിന്നും ലഭിക്കുന്ന പ്രയോജനങ്ങളിലും തുല്യമായ പങ്കുവെപ്പ് നടത്തുക തുടങ്ങിയവക്ക് വേണ്ടി ആഗോളതലത്തില്‍ മാര്‍ഗരേഖ രൂപപ്പെടുത്തുക എന്നതും ഉച്ചകോടിയുടെ ലക്ഷ്യമാണ്. ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍ തുടങ്ങി ജൈവിക ആവാസവ്യവസ്ഥകളെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വ്യവസായ മേഖലകള്‍ അതിന്റെ ലാഭവും പ്രയോജനങ്ങളും തുല്യമായി പങ്കുവെക്കണമെന്നും ഉച്ചകോടി ആവശ്യപ്പെടുന്നുണ്ട്.

അതേസമയം പരിസ്ഥിതി സംരക്ഷണ പദ്ധതികള്‍ക്കുള്ള ഫണ്ടിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്നുണ്ട്. സമ്പന്ന രാഷ്ട്രങ്ങള്‍ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിലേക്ക് കൂടുതല്‍ തുക നീക്കിവെക്കേണ്ടതുണ്ടെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാല്‍ ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തില്‍ സര്‍ക്കാരുകള്‍ ഇത്തരം നടപടികള്‍ക്ക് തയ്യാറാകുമോ എന്ന ആശങ്കയുമുണ്ട്.

Content Highlight: UN General Secretary Antonio Guterres says humanity is using nature like toilet and that will cost them a lot