ഗസ: ഇസ്രഈൽ സൈനികരിൽ നിന്നുള്ള തുടർച്ചയായ ആക്രമണം മൂലം ഗസയിലേക്കുള്ള സഹായങ്ങൾ യു.എൻ ഫുഡ് ഏജൻസി നിർത്തിവെച്ചു. ഗസയിലേക്ക് എത്തിച്ചേരാൻ യു.എസ് നിർമിച്ച താത്കാലിക കടൽപ്പാലം ലക്ഷ്യമാക്കിയും ഇസ്രഈൽ ആക്രമണം നടത്തിയതിനെ തുടർന്നാണ് യു.എൻ ഫുഡ് ഏജൻസിയുടെ നീക്കം.
യു.എസ് നിർമിത കടൽപ്പാലത്തിലൂടെയായിരുന്നു ഗസയിലേക്കാവശ്യമായ സഹായങ്ങൾ യു.എൻ ഫുഡ് ഏജൻസി എത്തിച്ചിരുന്നത്. എന്നാൽ ഇസ്രഈൽ ആക്രമണം ശക്തമാക്കിയതോടെ തങ്ങളുടെ ടീം അംഗങ്ങളുടെ സുരക്ഷയെ മാനിച്ച് യു.എൻ ഫുഡ് ഏജൻസി സഹായങ്ങൾ എത്തിക്കുന്നതിൽ നിന്നും പിന്മാറുകയായിരുന്നു.
‘ഇസ്രഈൽ ആക്രമണം ശക്തമാകുന്ന ഈ അവസരത്തിൽ ഞങ്ങളുടെ ടീം അംഗങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ട്. അതിനാൽ താത്കാലികമായി സഹായങ്ങൾ നൽകുന്നത് നിർത്തി വെക്കുകയാണ്,’ വേൾഡ് ഫുഡ് പ്രോഗ്രാം ഡയറക്ടർ സിണ്ടി മക്കയിൻ യു.എസ് ബ്രോഡ്കാസ്റ്റർ സി.ബി.എ.എസിനോട് പറഞ്ഞു.
നിലവിൽ ആക്രമണങ്ങൾ നടക്കുന്നത് യു.എസ് നിർമിത കടൽപ്പാലത്തിനടുത്താണെന്നും രാജ്യത്തെ മറ്റ് സ്ഥലങ്ങളിൽ തങ്ങൾ ഇപ്പോഴും സഹായം എത്തിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗസയിലെ രണ്ട് വേൾഡ് ഫുഡ് പ്രോഗ്രാം വെയർഹൗസുകൾക്ക് നേരെ റോക്കറ്റ് ആക്രമണം ഉണ്ടായെന്നും അതിൽ ഒരു ജീവനക്കാരന് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു.
ഗസയിലെ നിലവിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് പഠനം നടത്തുന്നത് വരെ താത്കാലികമായാണ് സഹായങ്ങൾ നിർത്തിവെച്ചതെന്ന് യു.എസ് ഏജൻസി ഫോർ ഡെവലപ്മെന്റ് മാധ്യമങ്ങളോട് പറഞ്ഞു.
നാല് ഇസ്രഈലി ബന്ദികളെ മോചിപ്പിക്കാനായി 270 ഫലസ്ഥീനികളെ കൊന്നൊടുക്കിയ ന്യൂസെയ്‌റത് ആക്രമണത്തിൽ യു.എസിനും പങ്കുണ്ടെന്ന് റിപോർട്ടുകൾ വന്നിരുന്നു.
യു.എസ് നിർമിത കടൽപ്പാലത്തിന് മുകളിലൂടെ ഇസ്രഈൽ ഹെലികോപ്റ്ററുകൾ പറക്കുന്നത് ആശങ്ക വർധിപ്പിക്കുന്നുണ്ടെന്ന് മാധ്യമങ്ങൾ പറഞ്ഞു. എന്നാൽ യു.എസ് ഇവയെല്ലാം തന്നെ തള്ളുകയായിരുന്നു.
അതോടൊപ്പം മാറ്റം വരുത്തിയ വെടിനിർത്തൽ കരാർ യു.എസ് വോട്ടിങ്ങിനായി പുറത്തിറക്കിയിട്ടുണ്ട്. ഗസയിൽ ബഫർ സോൺ സ്ഥാപിക്കുന്നത് ഇസ്രഈലിന് തിരിച്ചടിയാകുമെന്നതിനാൽ ഇസ്രഈലിന്റെ സമ്മർദം മൂലം അത് നീക്കം ചെയ്തിട്ടുണ്ട്. മാറ്റം വരുത്തിയ കരാർ ഇസ്രഈൽ അംഗീകരിച്ചെന്നും വാർത്തകൾ വരുന്നുണ്ട്.
മൂന്ന് ഘട്ടങ്ങളായി നടത്താൻ തീരുമാനിച്ച കരാറിന്റെ അടുത്ത ഘട്ടത്തെക്കുറിച്ചുള്ള ചർച്ചകൾ നിലനിൽക്കുവോളം ഗസയിൽ വെടിവയ്പ്പ് ഉണ്ടാകുമെന്ന് പുതിയ കരാറിൽ പറയുന്നുണ്ട്. എന്നാൽ സ്ഥിരമായ വെടിനിർത്തൽ ഉറപ്പുവരുത്താത്ത കരാറുമായി സഹകരിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
Content Highlight: UN food agency pauses Gaza aid operations on US pier citing safety concerns