ഇസ്രഈലിലേക്കുള്ള എണ്ണ വിതരണം നിർത്തലാക്കാൻ രാജ്യങ്ങളോടും എണ്ണ കമ്പനികളോടും യു.എൻ വിദഗ്ധർ
World News
ഇസ്രഈലിലേക്കുള്ള എണ്ണ വിതരണം നിർത്തലാക്കാൻ രാജ്യങ്ങളോടും എണ്ണ കമ്പനികളോടും യു.എൻ വിദഗ്ധർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th March 2024, 3:33 pm

ഗസ: ഗസയിലെ ഫലസ്തീനികൾക്കെതിരെ ഇസ്രഈൽ നടത്തുന്ന വംശഹത്യയിൽ എണ്ണയുടെ നിർണായക പങ്ക് കണക്കിലെടുത്ത് ഇസ്രഈൽ സൈന്യത്തിന് എണ്ണ വിതരണം നിർത്തിവെക്കാൻ എണ്ണ കമ്പനികളോടും രാജ്യങ്ങളോടും യു.എൻ മനുഷ്യാവകാശ വിദഗ്ധർ.

ഭക്ഷണത്തിനുള്ള അവകാശത്തിനായി പ്രവർത്തിക്കുന്ന യു.എൻ സ്പെഷ്യൽ റിപ്പോർട്ടർ മൈക്കൽ ഫാഖ്രി ഓയിൽ ചേഞ്ച്‌ ഇന്റർനാഷണലിന്റെ (ഒ.സി.ഐ) ഗവേഷണത്തെ കുറിച്ച് തന്റെ എക്സ് അക്കൗണ്ടിൽ പോസ്റ്റ്‌ ചെയ്തു.

ഈ പഠന പ്രകാരം യു.എസ്, ബ്രസീൽ, റഷ്യ, അസർബൈജാൻ, കസാക്കിസ്ഥൻ എന്നീ രാജ്യങ്ങൾ വഴി മൂന്ന് കമ്പനികളാണ് ഇസ്രഈൽ സൈന്യത്തിന് എണ്ണ വിതരണം ചെയ്യുന്നത്.

എത്രയും വേഗം രാജ്യങ്ങളോട് സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട ഫാഖ്രി ഇസ്രഈൽ സേനക്ക് എണ്ണ വിതരണം ചെയ്യുന്ന രാജ്യങ്ങൾ ഗസ വംശഹത്യക്ക് കൂട്ടുനിൽക്കുകയാണെന്നും ചൂണ്ടിക്കാട്ടി.

ഇസ്രഈലിന് സ്ഥിരമായി സൗദി അറേബ്യ, യു.എ.ഇ, ഇറാഖ്, ഈജിപ്ത് എന്നീ രാജ്യങ്ങൾ വഴിയാണ് എണ്ണയുടെ ഷിപ്മെന്റുകൾ ലഭിക്കുന്നതെന്ന് ഗവേഷണത്തെ ഉദ്ധരിച്ചുകൊണ്ട് ഫാഖ്രി പറഞ്ഞു.

ഈ രാജ്യങ്ങളെല്ലാം ഗസയിലെ ഇസ്രഈൽ നടപടിയെ അപലപിച്ചു രംഗത്ത് വന്നിരുന്നു എന്നതാണ് മറുവശം.

ഫൈറ്റർ ജെറ്റുകളും ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും പ്രവർത്തിപ്പിക്കാൻ ഇസ്രഈൽ ഭരണകൂടം ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലാണ് ഉപയോഗിക്കുന്നത്.

യു.എസാണ് ഇസ്രഈലിലേക്ക് നേരിട്ട് ജെറ്റ് ഇന്ധനം ഇറക്കുമതി ചെയ്യുന്നതിൽ പ്രധാനി. ബി.പി, ഷെവ്റോൺ, എക്സൺമൊബൈൽ, ഷെൽ, ടോട്ടൽഎനർജീസ് തുടങ്ങിയ കമ്പനികളാണ് പ്രധാനമായും എണ്ണ വിതരണം ചെയ്യുന്നത്.

ഇസ്രഈൽ ഉത്പന്നങ്ങളുടെ അന്താരാഷ്ട്ര തലത്തിലുള്ള ബഹിഷ്കരണ പ്രസ്ഥാനമായ ബി.ഡി.എസ് ഷെവ്റോണിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ആപ്പ് ബേസ്ഡ് ഗതാഗത തൊഴിലാളികളുടെ അന്താരാഷ്ട്ര കൂട്ടായ്മ ഷെവ്റോണിന്റെ ഗ്യാസ് സ്റ്റേഷനുകൾ ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

Content Highlight: UN experts urge oil firms to halt supplies to Israeli army amid Gaza genocide