റിയാദ്: സൗദി അറേബ്യ തടവിലാക്കിയ മനുഷ്യാവകാശ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ ലൗജെയിന്‍ അല്‍ ഹധ്ലൂലിന്റെ വിചാരണ ആരംഭിച്ചതിന് പിന്നാലെ ആശങ്കയറിയിച്ച് ഐക്യരാഷ്ട്ര സംഘടന. സൗദി തടവിലാക്കിയ യുവതിയെ ഉടന്‍ വിട്ടയക്കണമെന്ന് യു.എന്‍ ആവശ്യപ്പെട്ടു.
സൗദിയിലെ പുരുഷാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയ ലൗജെയിന്‍ വനിതകള്‍ക്ക് വാഹനമോടിക്കാനുളള അനുവാദം നേടിയെടുക്കുന്നതിനായി സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
വ്യാജ ആരോപണങ്ങളില്‍ രണ്ടുവര്‍ഷത്തിലേറെയായി തടവില്‍ കഴിയുന്ന ലൗജെയിനിനോട് സൗദി സ്വീകരിക്കുന്ന നിലപാട് ശരിയല്ലെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി പ്രതിഷേധിക്കാനുമുള്ള അവരുടെ മൗലീകാവകാശമാണ് നിഷേധിക്കുന്നതെന്നും യു.എന്‍ പറഞ്ഞു.
സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനങ്ങള്‍ ചെറുക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന യു.എന്നിന്റെ ചെയര്‍പേഴ്‌സണായ എലിസബത്ത് ബ്രോഡറികാണ് ലൗജെയിനിനു വേണ്ടി രംഗത്തെത്തിയത്.
”ലിംഗ വിവേചനത്തിലൂടെയും സ്റ്റീരിയോടൈപ്പിലൂടെയും സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു രാജ്യത്ത് സാമൂഹിക പുരോഗതിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയ വനിതക്ക് നേരെ സൗദി സ്വീകരിച്ച നടപടികള്‍ ശരിയല്ല. അവരെ എത്രയും പെട്ടെന്ന് വിട്ടയക്കണം,” എലിസബത്ത് പറഞ്ഞു.
ദേശീയ സുരക്ഷയുടെ കാരണങ്ങള്‍ പറഞ്ഞ് 2018 മെയിലാണ് ലൗജെയിനെ തടവിലാക്കുന്നത്.
ലൗജെയിന്‍ അല്‍ ഹധ്ലൂലിന്റെ വിചാരണ തീവ്രവാദ കോടതിയിലേക്ക് മാറ്റിയിരുന്നു.
ലൗജെയിനിനെ കൂടാതെ മെയ്സ അല്‍-അമൗഡി, എന്നിവര്‍ക്കെതിരായ നടപടികളും തീവ്രവവാദ കോടതിയിലേക്ക് മാറ്റിയിരുന്നു. വിദേശസംഘടനകളുമായി ചേര്‍ന്ന് രാജ്യത്തിനെതിരെ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ലൗജെയിന്‍ ഉള്‍പ്പെടെ 12 ആക്ടിവിസ്റ്റുകള്‍ക്കെതിരെ കേസ് നിലനില്‍ക്കുന്നുണ്ട്.
സൗദിയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് നീക്കിയ സല്‍മാന്‍ രാജകുമാരന്റെ ഉത്തരവ് പുറത്തുവരുന്നതിന് ആഴ്ചകള്‍ക്ക് മുമ്പാണ് ലൗജെയിനിനെയും കൂട്ടരെയും അറസ്റ്റ് ചെയ്തത്.
സര്‍ക്കാര്‍ വിമര്‍ശകരെയും സ്ത്രീകളെയും തടവിലാക്കിയ സൗദിയുടെ നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ജി 20 ഉച്ചകോടിയിലും വിഷയം ചര്‍ച്ചയായിരുന്നു.
അറസ്റ്റിനുശേഷം ലൗജെയിനിന് കടുത്ത പീഡനങ്ങളാണ് നേരിടേണ്ടിവന്നതെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. ചാട്ടവാറടി, ഇലക്ട്രിക് ഷോക്ക്, ലൈംഗിക പീഡനം എന്നിവ അവര്‍ക്ക് നേരിടേണ്ടി വന്നുവെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.
പീഡനവിവരങ്ങള്‍ പുറത്ത് പറയാതിരുന്നാല്‍ മോചിപ്പിക്കാമെന്നും ജയിലധികൃതര്‍ ലൗജെയിനിനോട് പറഞ്ഞതായി കുടുംബാംഗങ്ങള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ സൗദി അധികൃതര്‍ നിഷേധിക്കുകയായിരുന്നു.\