ന്യൂദല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിയെ ബഹുമാനിക്കണമെന്ന് യുനൈറ്റഡ് നാഷന്‍സ് സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ്.
“നിങ്ങള്‍ക്കറിയാവുന്നതു പോലെ ഇത് സുപ്രീം കോടതി അഭിപ്രായം പറഞ്ഞ വിഷയമാണ്. അതിനാല്‍ ഈ വിഷയം ഇന്ത്യയിലെ നിയമ നിര്‍മ്മാണ വിദഗ്ദരുടെ കൈകളില്‍ ഞങ്ങള്‍ വിട്ടു കൊടുത്തിരിക്കുന്നു. തീര്‍ച്ചയായും എല്ലാവരും നിയമത്തെ ബഹുമാനിക്കണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്, മാത്രവുമല്ല അവകാശങ്ങളെക്കുറിച്ചും തുല്യാവകാശങ്ങളെക്കുറിച്ചും യു.എന്നിനുള്ള അടിസ്ഥാനപരമായ നിലപാടിനെക്കുറിച്ച് നിങ്ങള്‍ ബോധവാന്മാരായിരിക്കുമല്ലോ”- സെക്രട്ടറി ജനറലിന്റെ ഔദ്യോഗിക വക്താവ് ഫര്‍ഹാന്‍ ഹഖ് മാധ്യമങ്ങളോട് പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് അക്രമ സംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ വിഷയത്തില്‍ യു.എനിന്റെ നിലപാടിനെക്കുറിച്ച് ആരാഞ്ഞ മാധ്യപ്രവര്‍ത്തകരോടായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി വന്ന സാഹചര്യത്തിലും സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് മനുഷ്യാവകാശ ലംഘനമല്ലെ എന്ന ചോദ്യത്തിന് “തീര്‍ച്ചയായും നിയമത്തെ ബഹുമാനിക്കാന്‍ യു.എന്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു” എന്ന മറുപടി അദ്ദേഹം ആവര്‍ത്തിച്ചു.
സ്ത്രീകള്‍ക്കുള്ള അവകാശത്തെക്കുറിച്ചുള്ള യു.എനിന്റെ കാഴ്ചപ്പാട് എല്ലാ മതങ്ങളുടേയും കാര്യത്തില്‍ സമാനമാണോ എന്ന ചോദ്യത്തിന് “ഇത് എല്ലാവര്‍ക്കും ബാധകമാണ്. എങ്ങനെ നടപ്പില്‍ വരുത്തും എന്നതാണ് ചോദ്യം. ഇക്കാര്യത്തില്‍ ഞാന്‍ പറഞ്ഞത് പോലെ, ആത്യന്തികമായി കോടതി നിലപാട് വ്യക്തമാക്കിയ കാര്യമാണിത്. നിയമത്തെ ബഹുമാനിക്കാന്‍ ഞങ്ങള്‍ എല്ലാവരേയും പ്രോത്സാഹിപ്പിക്കുന്നു” എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി.
ശബരിമലയില്‍ കനകദുര്‍ഗയും ബിന്ദുവും കയറിയതിനു പിന്നാലെ സംഘപരിവാര്‍ സംഘടനകള്‍ സംസ്ഥാനത്തുടനീളം വ്യാപകമായ ആക്രമണങ്ങളാണ് അഴിച്ചു വിട്ടത്. എന്നാല്‍ ഇതിനു പിന്നാലെ ശ്രീലങ്കയില്‍ നിന്നും 47കാരിയായ ശശികലയും ശബരിമലയില്‍ ദര്‍ശനം നടത്തിയിരുന്നു. ശബരിമലയെ ചൊല്ലി കേരളത്തിലുണ്ടായ ആക്രമണങ്ങളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കേരള സര്‍ക്കാരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Image Credits: New Indian Express