ന്യൂയോര്‍ക്ക്: കിഴക്കന്‍ ഉക്രൈനിലെ ഡൊനെറ്റ്സ്‌ക് (Donetsk), ലുഹാന്‍സ്‌ക് (Luhansk), സപ്പോരിഷ്യ (Zaporizhzhia), കെര്‍സണ്‍ (Kherson) എന്നീ പ്രവിശ്യകള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ത്ത നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പ്.
എന്നാല്‍ റഷ്യന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരായ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനിന്നു.
അനധികൃതമായാണ് ഈ നാല് പ്രദേശങ്ങള്‍ റഷ്യയുമായി കൂട്ടിച്ചേര്‍ത്തതെന്ന് നിരീക്ഷിച്ച് കൊണ്ടും അനക്‌സേഷനെ അപലപിച്ച് കൊണ്ടുമായിരുന്നു യു.എന്‍ ജനറല്‍ അസംബ്ലി ബുധനാഴ്ച വോട്ടെടുപ്പ് നടത്തിയത്.
‘നാലു ഉക്രൈനിയന്‍ പ്രദേശങ്ങള്‍ കീഴടക്കിയ റഷ്യയുടെ ഉടനടി പിന്‍വലിക്കണമെന്നാണ്’ യു.എന്‍ ആവശ്യപ്പെടുന്നത്.
ഏഴ് മാസം പിന്നിട്ടിരിക്കുന്ന റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ ഐക്യരാഷ്ട്ര സഭയുടെ ഭാഗത്ത് നിന്നും വന്നിരിക്കുന്ന ഏറ്റവും വലിയ എതിര്‍പ്പാണിത്.
193 അംഗ യു.എന്‍ ജനറല്‍ അസംബ്ലിയില്‍ 143 അംഗരാജ്യങ്ങള്‍ അനുകൂലിച്ചുകൊണ്ടും അഞ്ച് രാജ്യങ്ങള്‍ എതിര്‍ത്തും വോട്ട് രേഖപ്പെടുത്തി. ഇന്ത്യയടക്കം 35 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്ന 35 രാജ്യങ്ങളില്‍ 19 എണ്ണവും ആഫ്രിക്കന്‍ രാജ്യങ്ങളാണ്. പാകിസ്ഥാന്‍, ക്യൂബ, ചൈന എന്നീ രാജ്യങ്ങളും വോട്ടെടുപ്പില്‍ നിന്നും മാറിനിന്നു.
വോട്ടെടുപ്പിനെ ചരിത്രപരമായ നിമിഷമാണെന്നായിരുന്നു ഉക്രൈന്റെ യു.എന്‍ അംബാസിഡര്‍ വിശേഷിപ്പിച്ചത്.
ഉക്രൈന്‍ അധിനിവേശത്തിനും നാല് പ്രദേശങ്ങള്‍ റഷ്യ പിടിച്ചടക്കിയതിനുമെതിരായി, ഉക്രൈന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യരാഷ്ട്ര സഭ ഇതുവരെ നടത്തിയതില്‍ ഏറ്റവും നിര്‍ണായകമായ നീക്കമാണ് ഇത്.
സെപ്റ്റംബര്‍ അവസാനമായിരുന്നു റഷ്യന്‍ അധിനിവേശത്തിന് കീഴിലുള്ള ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക്, സപ്പോരിഷ്യ, കെര്‍സണ്‍ എന്നീ നാല് പ്രവിശ്യകളെ റഷ്യ ഔദ്യോഗികമായി കൂട്ടിച്ചേര്‍ത്തത്.
ഡൊനെറ്റ്സ്‌ക്, ലുഹാന്‍സ്‌ക് എന്നിവ ഉക്രൈന്‍ അധിനിവേശത്തില്‍ റഷ്യയെ പിന്തുണക്കുന്ന പ്രവിശ്യകള്‍ കൂടിയാണ്.
മോസ്‌കോയില്‍ വലിയ ആഘോഷത്തോടെയായിരുന്നു ചടങ്ങ് നടന്നത്.