വെടിനിര്‍ത്തല്‍ കരാറുകള്‍ ബഹുമാനിക്കപ്പെടണം; ബഫര്‍ സോണുകളിലെ ഇസ്രഈല്‍ കൈയേറ്റം അനുവദിക്കാനാവില്ല: യു.എന്‍
World News
വെടിനിര്‍ത്തല്‍ കരാറുകള്‍ ബഹുമാനിക്കപ്പെടണം; ബഫര്‍ സോണുകളിലെ ഇസ്രഈല്‍ കൈയേറ്റം അനുവദിക്കാനാവില്ല: യു.എന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th December 2024, 3:05 pm

ന്യൂയോര്‍ക്ക്: 1974ലെ കരാര്‍ മറികടന്ന് സിറിയ-ഇസ്രഈല്‍ അതിര്‍ത്തിയിലെ ബഫര്‍ സോണ്‍ മറികടന്നുള്ള ഇസ്രഈല്‍ സൈന്യത്തിന്റെ കൈയേറ്റം അനുവദിക്കാനാവില്ലെന്ന് ഐക്യരാഷ്ട്രസംഘടന. യു.എന്നിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രഈല്‍ നഗ്നമായി ലംഘിച്ചെന്നും എന്നാല്‍ ഇത്തരം കരാറുകള്‍ ബഹുമാനിക്കപ്പെടേണ്ടതാണെന്നും യു.എന്‍ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ഡുജാറിക് പറഞ്ഞു.

ഡിസംബര്‍ എട്ടിന് സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് വിമത ഭീഷണിയെത്തുടര്‍ന്ന് റഷ്യയിലേക്ക് പലായനം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് അധിനിവേശ ഗോലാന്‍ കുന്നുകളിലെ യു.എന്നിന്റെ ബഫര്‍ സോണ്‍ ഇസ്രഈലി സൈന്യം പിടിച്ചെടുത്തത്. ഇസ്രഈലിന്റെ ഈ അധിനിവേശത്തിനെതിരെ ഖത്തറും സൗദി അറേബ്യയും പോലുള്ള രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിട്ടും ഇസ്രഈല്‍ ഗോലാന്‍ കുന്നുകളില്‍ നിന്ന് പിന്മാറിയിട്ടില്ല.

ബഫര്‍ സോണ്‍ പിടിച്ചെടുത്തതിന് പിന്നാലെ സിറിയയുടെ വിമതഭാഗങ്ങളില്‍ ഇസ്രഈല്‍ സൈന്യം ആക്രമണവും നടത്തിയിരുന്നു. ഇതോടെ 50 വര്‍ഷത്തോളം പഴക്കമുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് ഐക്യരാഷ്ട്രസഭ ഇസ്രഈലിനെ വിമര്‍ശിച്ചിരുന്നു.

‘ബഫര്‍ സോണിലെ ഇസ്രഈല്‍ സൈന്യത്തിന്റെ സാന്നിധ്യം 1974 ലെ വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമാണ്. കരാര്‍ ബഹുമാനിക്കപ്പെടേണ്ടതുണ്ട്. കടന്നുകയറ്റം എപ്പോഴും അധിനിവേശം തന്നെയാണ്. അത് ഒരാഴ്ചയോ ഒരു മാസമോ ഒരു വര്‍ഷമോ നീണ്ടുനിന്നാലും അതില്‍ മാറ്റമില്ല,’ സ്റ്റെഫാന്‍ ജുഡാറിക് പറഞ്ഞു.

1973ലെ അറബ്-ഇസ്രഈല്‍ യുദ്ധത്തിന് ശേഷം ഐക്യരാഷ്ട്രസഭയാണ് ഇസ്രല്‍ അധിനിവേശ ഗോലാന്‍ കുന്നുകളില്‍ ബഫര്‍ സോണ്‍ സൃഷ്ടിച്ചത്. ഏകദേശം 1,100 സൈനികരുടെ ഒരു യു.എന്‍ സേന ഈ സംഭവത്തിന് ശേഷം പ്രദേശത്ത് പട്രോളിങ് നടത്തിയിരുന്നു.

അസദിന്റെ പതനത്തിനുശേഷം, ഇസ്രഈല്‍ സിറിയയുടെ നാവികസേന കേന്ദ്രങ്ങള്‍, കപ്പലുകള്‍, മിസൈലുകള്‍, ഹെലികോപ്റ്ററുകള്‍, വിമാനങ്ങള്‍, വ്യോമതാവളങ്ങള്‍ എന്നിവിടങ്ങളിലെല്ലാം വ്യാപകമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ആയുധങ്ങള്‍ വിമതരുടെ കൈയില്‍പ്പെടാതിരിക്കാനാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്നാണ് ഇസ്രഈല്‍ നല്‍കുന്ന വിശദീകരണം.

ഇതിന് പുറമെ ഗോലാന്‍ കുന്നുകളിലെ ജൂത സെറ്റില്‍മെന്റുകള്‍ വര്‍ധിപ്പിക്കാനും ഇസ്രഈല്‍ ഭരണകൂടം പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

Content Highlight: UN criticize Israel for violating 1974 Syria truce deal after conquering buffer zone