World News
മെക്സിക്കൻ അഭയാർത്ഥി ക്യാമ്പ് തീപിടിത്തത്തെ അപലപിച്ച് യു.എൻ; തീയിട്ടത് അഭയാർത്ഥികൾ തന്നെയെന്ന് പ്രസിഡന്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 29, 10:44 am
Wednesday, 29th March 2023, 4:14 pm

മെക്സിക്കോ: മെക്‌സിക്കോ-യു.എസ് അതിർത്തിയിലെ അഭയാർത്ഥി ക്യാമ്പിലുണ്ടായ തീപിടിത്തത്തെ അപലപിച്ച് യു.എൻ. സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും അഭയാർത്ഥികൾക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ സാധിക്കുന്ന പദ്ധതികൾ നടപ്പിലാക്കാൻ രാജ്യങ്ങളിലെ അധികാരികളുമായി കൂടുതൽ പ്രതിജ്ഞാബദ്ധമായി പെരുമാറുമെന്നും യു.എൻ ജനറൽ സെക്രട്ടറി ആന്റോണിയോ ​ഗുട്ടെറസ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന അപകടത്തിൽ 40 പേർ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയത്തിന്റെ നാഷണൽ മൈഗ്രേഷൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു. അതിർത്തി നഗരമായ സിയുദാദ് ജുവാരസിലെ മൈഗ്രന്റ് ഹോൾഡിംഗ് സെന്ററിലായിരുന്നു തീപിടിത്തമുണ്ടായത്.

തീപിടുത്തത്തിന്റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിക്കുകയാണെന്നും നിലവിൽ സാഹചര്യങ്ങൾ നിയന്ത്രണത്തിലാണെന്നും അധികൃതർ അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ തീപിടിത്തതിന് കാരണം അഭയാർത്ഥികൾ തന്നെയാണെന്ന് മെക്സിക്കോ പ്രസിഡന്റ് ആൻദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ പറഞ്ഞിരുന്നു.

അഭയാർത്ഥികളെ നാടുകടത്തുമെന്ന ഉത്തരവ് അറിയച്ചതിന് പിന്നാലെ ഇവർ കിടക്കകൾക്ക് സ്വയം തീയിടുകയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം തീപിടിത്തത്തിന് കാരണക്കാർ അഭയാർത്ഥികൾ തന്നെയാണെന്ന ഔദ്യോ​ഗിക പ്രസ്താവനയെ തങ്ങൾ വിശ്വസിക്കുന്നില്ലെന്നും മൃ​ഗങ്ങളെപ്പോലെയാണ് തങ്ങളോട് അധികാരികൾ പെരുമാറുന്നതെന്നും അഭയാർത്ഥികൾ പറഞ്ഞതായി ദല്ലാസ് മോണിങ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

പ്രാദേശിക ഭരണകൂടം തങ്ങളുടെ സാന്നിധ്യം ക്രിമിനൽ കുറ്റമാക്കുകയും അമിത ബലപ്രയോഗം നടത്തുകയും ചെയ്തുവെന്ന് കുടിയേറ്റക്കാർ ആരോപിച്ച് ദിവസങ്ങൾക്കുള്ളിലായിരുന്നു ആക്രമണം.

മരിച്ചവരിൽ ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഒരു മെക്സിക്കൻ ഉദ്യോഗസ്ഥനെ ഉ​ദ്ധരിച്ച് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. മധ്യ, തെക്കേ അമേരിക്കയിൽ നിന്നുള്ള 68 മുതിർന്ന പുരുഷന്മാർ ഇവിടെ താമസിക്കുന്നുണ്ടെന്നും അവരിൽ 29 പേർക്ക് തീപിടുത്തത്തിൽ പരിക്കേറ്റതായും പ്രദേശത്തെ നാല് ആശുപത്രികളിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

Content Highlight: Un condemns fire at mexico migrant camp