ഫലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യു.എൻ ഏജൻസിക്ക് ധനസഹായം നൽകൂ: അഭ്യർത്ഥനയുമായി യു.എൻ മേധാവി
Worldnews
ഫലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യു.എൻ ഏജൻസിക്ക് ധനസഹായം നൽകൂ: അഭ്യർത്ഥനയുമായി യു.എൻ മേധാവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 13th July 2024, 1:51 pm

വാഷിങ്ടൺ: ഗസയിലെയും മിഡിൽ ഈസ്റ്റിലെയും ഫലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്ന യു.എൻ ഏജൻസിക്ക് ധന സഹായം നൽകണമെന്ന അഭ്യർത്ഥനയുമായി യു.എൻ മേധാവി അന്റോണിയോ ഗുട്ടെറസ്.

യു.എൻ.ആർ.ഡബ്ള്യു.എ എന്നറിയപ്പെടുന്ന ഏജൻസിക്ക് ഗസയിലേക്ക് സഹായം നൽകാൻ മതിയായ ഫണ്ട് ഇല്ലെന്നും അതിനായി സഹായം വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. കഴിഞ്ഞ ദിവസം നടന്ന ഡോണേഴ്സ് കോൺഫെറൻസിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന.

ഓഗസ്റ് വരെ പ്രവർത്തിക്കാനുള്ള ഫണ്ട് മാത്രമേ ഏജൻസിയുടെ പക്കൽ നിലവിലുള്ളു എന്ന് യു .എൻ.ആർ.ഡബ്ള്യു.എ കമ്മീഷണർ ജനറൽ ആയ ഫിലിപ്പ് ലസാറിൻ ഡോണേഴ്സ് കോൺഫെറൻസിൽ പറഞ്ഞിരുന്നു.

850 മില്യൺ ഡോളർ വാർഷിക ബജറ്റിൽ സെപ്റ്റംബർ അവസാനം വരെയെങ്കിലും ഏജൻസി പ്രവർത്തിപ്പിക്കാൻ സാധിക്കുമെന്ന് തങ്ങൾ പ്രതീക്ഷിക്കുന്നതായി ഫിലിപ്പ് ലസാറിൻ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

യു.എൻ.ആർ.ഡബ്ല്യു.എയുടെ 30,000 ജീവനക്കാർ ഗസ, വെസ്റ്റ് ബാങ്ക്, ജോർദാൻ, ലെബനൻ, സിറിയ എന്നിവിടങ്ങളിലെ 6 ദശലക്ഷം ഫലസ്തീൻ അഭയാർഥികൾക്ക് വിദ്യാഭ്യാസം, പ്രാഥമിക ആരോഗ്യ സംരക്ഷണം, മറ്റ് വികസന പ്രവർത്തനങ്ങൾ എന്നിവ നൽകുന്നു.

യു.എൻ.ആർ.ഡബ്ല്യു.എക്ക് സാമ്പത്തിക പിന്തുണ ലഭിച്ചില്ലെങ്കിൽ ഗസയിലെ ജനങ്ങൾക്ക് ലഭിക്കുന്ന പരിമിതമായ സഹായങ്ങളുടെ അളവ് കൂടി കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതോടൊപ്പം ഗസയിലെ വംശഹത്യയെ യു.എൻ മേധാവി വിമർശിക്കുകയും ചെയ്തു.

‘ഗസയിൽ നടക്കുന്ന യുദ്ധത്തെ ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതും ക്ഷമിക്കാൻ കഴിയാത്തതുമാണ്. ഗസയിലെ പ്രശ്നങ്ങൾ വഷളാക്കരുതെന്ന് ഞങ്ങൾ ആഗ്രഹിച്ചപ്പോൾ അത് കൂടുതൽ മോശമാവുകയാണ് ചെയ്യുന്നത്,’ അദ്ദേഹം പറഞ്ഞു.

അതോടൊപ്പം ഗസയിൽ 195 യു.എൻ.ആർ.ഡബ്ല്യു.എ സ്റ്റാഫ് അംഗങ്ങൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹവും കൂട്ടിച്ചേർത്തു.

വർഷങ്ങളായി, യു.എൻ.ആർ.ഡബ്ല്യു.എയ്ക്ക് ഫണ്ട് കുറവായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഒക്‌ടോബർ 7 ന് നടന്ന ഹമാസിന്റെ ആക്രമണത്തിൽ യു.എൻ.ആർ.ഡബ്ല്യു.എ സ്റ്റാഫിൽ 12 പേർ പങ്കെടുത്തുവെന്ന ഇസ്രഈൽ ആരോപണത്തെത്തുടർന്ന് ഫണ്ട് വരവ് ക്രമാതീതമായി കുറയുകയായിരുന്നു.

ആരോപണങ്ങളുടെ ഫലമായി ,16 രാജ്യങ്ങൾ യു.എൻ.ആർ.ഡബ്ല്യു.എയ്ക്കുള്ള ധനസഹായം നിർത്തിവച്ചു. ഏകദേശം 450 മില്യൺ ഡോളർ ധനസഹായമാണ് നിലച്ചത്.

 

 

Content Highlight: UN chief urges funds for Palestinians, saying Israel is forcing Gazans ‘to move like human pinballs’