| Thursday, 29th March 2018, 9:12 am

'സൗദി സഖ്യം യുദ്ധം അവസാനിപ്പിക്കണം; വേണ്ടത് രാഷ്ട്രീയമായ പരിഹാരമാണ്' യെമനിലെ ദുരിതാശ്വാസത്തിന് ഫണ്ട് നല്‍കിയ സൗദി രാജകുമാരനോട് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

യുനൈറ്റഡ് നാഷണ്‍സ്: യെമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനോട് യെമനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരമാണ് വേണ്ടതെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗട്ടേഴ്‌സ്.

930 മില്യണ്‍ ഡോളറിന്റെ ചെക്കാണ് യെമനിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സൗദി രാജകുമാരന്‍ നല്‍കിയത്. എന്നാല്‍ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം യെമനില്‍ തുടരുന്ന യുദ്ധം അവസാനിപ്പിക്കുകയാണ് വേണ്ടതെന്ന് ഗട്ടേഴ്‌സ് സല്‍മാനോട് ആവശ്യപ്പെടുകയായിരുന്നു.


Also Read: ‘ഭരണഘടന സംരക്ഷിക്കൂ’; കേന്ദ്രസര്‍ക്കാരിന്റെ ദളിത് അവഗണനയ്‌ക്കെതിരെ ബി.ജെ.പി എം.പിയുടെ മാര്‍ച്ച്


യെമനിലെ പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയമായ പരിഹാരം കൂടിവേണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ” മാനുഷിക പ്രശ്‌നങ്ങള്‍ക്ക് മാനുഷിക പരിഹാരമില്ല.” ഗട്ടേഴ്‌സ് പറഞ്ഞു. “പരിഹാരമെന്നത് രാഷ്ട്രീയമായ പരിഹാരമാണ്. പരിഹാരം കണ്ടെത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നിങ്ങളില്‍ നിന്നുണ്ടാവേണ്ടത്. അതാണ് യെമനിലെ മനുഷ്യരുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാക്കുക.” അദ്ദേഹം പറഞ്ഞു.

സൗദി സഖ്യത്തിന്റെ നേതൃത്വത്തില്‍ യെമനില്‍ നടക്കുന്ന യുദ്ധത്തില്‍ ഏതാണ്ട് 10,000 യെമനീസ് കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. ലോകത്തിലെ ഏറ്റവും മോശം മാനുഷിക പ്രതിസന്ധിയെന്നാണ് യു.എന്‍ ഇതിനെ വിശേഷിപ്പിച്ചത്. 22.2 മില്യണ്‍ ആളുകളാണ് സഹായം കാത്ത് യെമനിലുള്ളത്. ക്ഷാമം, കോളറ വ്യാപിക്കല്‍ തുടങ്ങിയ ഭീഷണികളും ഇവരെ കാത്തിരിക്കുന്നുണ്ട്.


Must Read: ലക്ഷ്യം മഹാരാഷ്ട്രയില്‍ നിന്നും ബി.ജെ.പിയെ പിഴുതെറിയല്‍; തെരഞ്ഞെടുപ്പിനു മുമ്പ് സഖ്യമുണ്ടാക്കി കോണ്‍ഗ്രസ്-എന്‍.സി.പി ജനപ്രതിനിധികള്‍


സൗദി രാജകുമാരനും യു.എന്‍ ജനറല്‍ സെക്രട്ടറിയും ഇത് രണ്ടാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. യെമനിലെ യുദ്ധം അസംബന്ധമാണെന്ന ഗട്ടേഴ്‌സിന്റെ പ്രസ്താവന മുഹമ്മദ് ബിന്‍ സല്‍മാനെ രോഷാകുലനാക്കിയിരുന്നു. യു.എന്‍ തത്വം ഉയര്‍ത്തിപ്പിടിച്ചാണ് സൗദി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും മറ്റ് രാജ്യത്തിന്റെ കാര്യത്തില്‍ ഇടപെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇറാന്‍ ഹൂതികളെ പിന്തുണയ്ക്കുന്നത് പരോക്ഷമായി സൂചിപ്പിച്ചായിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്റെ പരാമര്‍ശം.


ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം

We use cookies to give you the best possible experience. Learn more