ലോകത്ത് ഓരോ പതിനൊന്ന് മിനിട്ടിലും ഒരു സ്ത്രീയെ അവരുടെ ഏറ്റവുമടുത്ത കുടുംബാംഗമോ പങ്കാളിയോ കൊലപ്പെടുത്തുന്നു; യു.എന്‍ സെക്രട്ടറി ജനറല്‍
World News
ലോകത്ത് ഓരോ പതിനൊന്ന് മിനിട്ടിലും ഒരു സ്ത്രീയെ അവരുടെ ഏറ്റവുമടുത്ത കുടുംബാംഗമോ പങ്കാളിയോ കൊലപ്പെടുത്തുന്നു; യു.എന്‍ സെക്രട്ടറി ജനറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 23rd November 2022, 8:31 am

ന്യൂയോര്‍ക്ക്: ലോകത്ത് ഓരോ പതിനൊന്ന് മിനിട്ടിലും ഒരു സ്ത്രീയെയോ പെണ്‍കുട്ടിയെയോ അവരുടെ ഏറ്റവുമടുത്ത കുടുംബാംഗമോ ജീവിത പങ്കാളിയോ കൊലപ്പെടുത്തുന്നുവെന്ന് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്.

സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ ലോകത്തെ തന്നെ ഏറ്റവും വ്യാപകമായ മനുഷ്യാവകാശ ലംഘനങ്ങളാണെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.

”ലോകത്തിലെ ഏറ്റവും വ്യാപകമായ മനുഷ്യാവകാശ ലംഘനമാണ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമം. ഓരോ 11 മിനിട്ടിലും ഒരു സ്ത്രീയോ പെണ്‍കുട്ടിയോ പങ്കാളിയാലോ കുടുംബാംഗമാലോ കൊല്ലപ്പെടുന്നു.

കൂടാതെ കൊവിഡ് മഹാമാരി മുതല്‍ സാമ്പത്തിക പ്രതിസന്ധി വരെയുള്ള മറ്റ് സമ്മര്‍ദ്ദങ്ങള്‍ ശാരീരികവും അല്ലാത്തതുമായ
ചൂഷണങ്ങളിലേക്കും ഉപദ്രവങ്ങളിലേക്കും നയിക്കുമെന്ന് നമ്മള്‍ക്കറിയാം,” അന്റോണിയോ ഗുട്ടറസ് പറഞ്ഞു.

”മനുഷ്യരാശിയുടെ വലിയൊരു വിഭാഗത്തെ ലക്ഷ്യംവെച്ചുള്ള ഈ വിവേചനവും അക്രമവും ദുരുപയോഗവും വളരെ വിലയേറിയതാണ്. ഇത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും പങ്കാളിത്തം പരിമിതപ്പെടുത്തുന്നു. അവരുടെ മൗലികാവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു,” യു.എന്‍ സെക്രട്ടറി ജനറല്‍ കൂട്ടിച്ചേര്‍ത്തു.

സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ അവസാനിപ്പിക്കേണ്ട, പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരുത്തേണ്ട സമയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

നവംബര്‍ 25ന് ആചരിക്കുന്ന ‘സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിന’ത്തിന് (International Day for the Elimination of Violence against Women) മുന്നോടിയായിട്ടായിരുന്നു ഗുട്ടറസിന്റെ പ്രതികരണം.

‘UNITE: Activism to End Violence Against Women and Girls’ എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ പ്രമേയം.

മാറ്റത്തിനായി ആഹ്വാനം ചെയ്യുന്ന ലോകമെമ്പാടുമുള്ള ആക്ടിവിസ്റ്റുകള്‍ക്കൊപ്പം നില്‍ക്കുകയും അക്രമത്തെ അതിജീവിക്കുന്നവരെ പിന്തുണയ്ക്കുകയും ചെയ്യുക, എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ ഗുട്ടെറസ്, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്കും മറ്റ് പ്രസ്ഥാനങ്ങള്‍ക്കും നല്‍കിവരുന്ന ധനസഹായം 2026ഓടെ 50 ശതമാനം വര്‍ധിപ്പിക്കണമെന്നും ലോകരാജ്യങ്ങളിലെ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.

‘സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ശബ്ദമുയര്‍ത്തുകയും’ ചെയ്യണമെന്നും ‘തങ്ങള്‍ എല്ലാവരും ഫെമിനിസ്റ്റുകളാണ്’ എന്ന് അഭിമാനത്തോടെ ഉറക്കെ പ്രഖ്യാപിക്കണമെന്നും ഗുട്ടെറസ് ആഹ്വാനം ചെയ്തു.

പുരുഷാധിപത്യത്തെ വെല്ലുവിളിക്കുകയും സ്ത്രീവിരുദ്ധതയെയും അക്രമങ്ങളെയും തള്ളിക്കളയുകയും ചെയ്യുന്ന ക്യാമ്പെയിനുകളെ പ്രോത്സാഹിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Content Highlight: UN chief says a woman or girl killed in every 11 minutes by intimate partner or family member