ധാക്ക: ജന്മരാജ്യത്ത് രോഹിങ്ക്യന്‍ വംശജര്‍ അനുഭവിക്കുന്ന കഷ്ടതകള്‍ ഇന്നേവരെയുണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങളില്‍ വച്ച് ഏറ്റവും ക്രൂരമായതെന്ന് ഐക്യരാഷ്ട്രസഭ ജനറല്‍ സെക്രട്ടറി അന്റോണിയോ ഗട്ടാറസ്. ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള രോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് രോഹിങ്ക്യന്‍ വംശജരാണ് കടുത്ത ഉരുള്‍പൊട്ടല്‍ ഭീഷണിയെ അതിജീവിച്ചു കൊണ്ട് ഇവിടെ കഴിയുന്നത്.
“മ്യാന്‍മറില്‍ ക്രൂരമായ അതിക്രമങ്ങള്‍ക്കിരയായിട്ടുള്ള ഇവര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലും ബുദ്ധിമുട്ടു നേരിടേണ്ടി വരുന്ന അവസ്ഥ അംഗീകരിക്കാനാവില്ല.” ഗട്ടാറസ് മാധ്യമങ്ങളോടു പറഞ്ഞു. അഭയാര്‍ത്ഥികള്‍ക്ക് ഇടം നല്‍കിയതിന് ബംഗ്ലാദേശ് സര്‍ക്കാരിനെയും ജനങ്ങളെയും അഭിനന്ദിക്കാനും യു.എന്‍. അധ്യക്ഷന്‍ മറന്നില്ല.
മ്യാന്‍മറിലും ബംഗ്ലാദേശിലുമായി കടുത്ത സാഹചര്യങ്ങളില്‍ ജീവിക്കുന്ന രോഹിങ്ക്യന്‍ സമൂഹത്തിനോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാന്‍ ഗട്ടാറസ് ലോകരാജ്യങ്ങളോടാവശ്യപ്പെട്ടു. “രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്താനായി പ്രയത്‌നിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായമടക്കമുള്ളവ ചെയ്തു കൊടുക്കാന്‍ ലോക സമൂഹത്തോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.” ഗട്ടാറസ് പറയുന്നു.
ജന്മനാട്ടിലേക്ക് തിരികെ പോകാനുള്ള രോഹിങ്ക്യകളുടെ അവകാശത്തെ ഐക്യരാഷ്ട്ര സഭ പിന്താങ്ങുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രോഹിങ്ക്യന്‍ വിഷയത്തിലേക്ക് രാജ്യാന്തര ശ്രദ്ധ ക്ഷണിക്കുക എന്ന ഉദ്ദേശവുമായാണ് ഐക്യരാഷ്ട്ര സഭാ സംഘം ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. ലോകബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ജിം യോങ് കിമ്മും ഗട്ടാറസിനെ അനുഗമിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അഭയാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാനായി ലോകബാങ്ക് ബംഗ്ലാദേശിന് 500 മില്യണ്‍ ഡോളര്‍ ഗ്രാന്റ് അനുവദിച്ചത്.
പൊലീസ് ഔട്ട്‌പോസ്റ്റുകള്‍ അക്രമിച്ചുവെന്നാരോപിച്ച് കഴിഞ്ഞ ആഗസ്തിലാണ് സൈന്യം ന്യൂനപക്ഷമായ രോഹിങ്ക്യന്‍ വംശജര്‍ക്കെതിരെ അതിക്രമങ്ങള്‍ അഴിച്ചുവിട്ടത്. മ്യാന്‍മറില്‍ അരങ്ങേറുന്നത് വംശഹത്യയാണെന്ന് ഐക്യരാഷ്ട്രസഭ ഉള്‍പ്പടെയുള്ള മനുഷ്യാവകാശ സംഘടനകള്‍ പ്രസ്താവിച്ചിട്ടുണ്ട്.
അതിക്രമങ്ങളെത്തുടര്‍ന്ന് ഏഴു ലക്ഷത്തോളം വരുന്ന രോഹിങ്ക്യന്‍ വംശജരാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുള്ളത്. മുന്‍പുണ്ടായിട്ടുള്ള പലായനങ്ങളുടെ ഭാഗമായി ഇതിനോടകം തന്നെ രണ്ടു ലക്ഷത്തോളം രോഹിങ്ക്യന്‍ വംശജര്‍ ബംഗ്ലാദേശിലെ ക്യാമ്പുകളില്‍ അഭയം തേടിയിരുന്നു.
കാലവര്‍ഷത്തിന്റെ സമയമായതോടെ, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, ഉരുള്‍പൊട്ടല്‍ എന്നീ വിപത്തുകളുടെ ഭീഷണിയിലാണ് ബംഗ്ലാദേശിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍.