| Monday, 22nd August 2022, 9:44 am

സൗദിയില്‍ യുവതിക്ക് 34 വര്‍ഷം തടവുശിക്ഷ; ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് യു.എന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: ട്വിറ്റര്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സൗദി അറേബ്യ 34 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ച യുവതിയെ മോചിപ്പിക്കണമെന്ന ആവശ്യവുമായി ഐക്യരാഷ്ട്ര സഭ.

സൗദിയില്‍ 34 വര്‍ഷം തടവുശിക്ഷക്ക് വിധിക്കപ്പെട്ട 33കാരിയായ സല്‍മ അല്‍-ഷെഹാബിനെ മോചിപ്പിക്കണമെന്നാണ് യു.എന്നിന്റെ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് ആവശ്യപ്പെട്ടിരിക്കുന്നത്.

സല്‍മ അല്‍-ഷെഹാബിന് ശിക്ഷ വിധിച്ചതില്‍ വെള്ളിയാഴ്ചയായിരുന്നു യു.എന്‍ ബോഡിയുടെ പ്രതികരണം. ”അല്‍-ഷെഹാബിന്റെ ശിക്ഷ റദ്ദാക്കാനും അവരെ ഉടനടി നിരുപാധികം മോചിപ്പിക്കാനും ഞങ്ങള്‍ സൗദി അധികാരികളോട് അഭ്യര്‍ത്ഥിക്കുന്നു. അവരെ ഒരിക്കലും അറസ്റ്റ് ചെയ്യാനും കുറ്റം ചുമത്താനും പാടില്ലായിരുന്നു,” യു.എന്‍ ഹ്യൂമന്‍ റൈറ്റ്‌സ് ഓഫീസ് വക്താവ് ലിസ് ത്രോസല്‍ പറഞ്ഞു.

സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി സമാധാനപരമായി ആക്ടിവിസം നടത്തിയിരുന്ന വ്യക്തിയാണ് അല്‍-ഷെഹാബ്.

ജയില്‍ശിക്ഷയടക്കം നേരിട്ടിട്ടുള്ള, പ്രമുഖ ആക്ടിവിസ്റ്റ് കൂടിയായ തന്റെ സഹോദരി ലൗജൈന്‍ അല്‍-ഹത്ലൂലിനെ (Loujain al-Hathloul) പിന്തുണച്ചതിനും സമൂഹമാധ്യമങ്ങളില്‍ ഫോളോ ചെയ്തതിനുമാണ്
അല്‍-ഷെഹാബിനെ അറസ്റ്റ് ചെയ്തിരുന്നത്.

ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയാണ് സല്‍മ അല്‍-ഷെഹാബ്. 2021 ജനുവരിയില്‍ അവധിക്കാലം ആഘോഷിക്കാന്‍ ബ്രിട്ടനില്‍ നിന്നും തിരിച്ച് സ്വന്തം നാടായ സൗദിയില്‍ എത്തിയ സമയത്തായിരുന്നു. ഇവരെ അറസ്റ്റ് ചെയ്തത്.

ആദ്യം ആറ് വര്‍ഷത്തെ തടവായിരുന്നു അല്‍-ഷെഹാബിന് കഴിഞ്ഞ വര്‍ഷം വിധിച്ചത്. ഇതിനെതിരെ ഇവര്‍ അപ്പീല്‍ നല്‍കിയപ്പോഴാണ് ശിക്ഷ 34 വര്‍ഷമാക്കി ഉയര്‍ത്തിയതെന്നാണ് വിവിധ രേഖകളെ ഉദ്ധരിച്ച് കൊണ്ടുള്ള സി.എന്‍.എന്നിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്‌പെഷ്യലൈസ്ഡ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. 34 വര്‍ഷത്തേക്ക് അല്‍-ഷെഹാബ് സൗദിക്ക് പുറത്തേക്ക് യാത്ര ചെയ്യരുതെന്നും ഉത്തരവുണ്ട്.

പബ്ലിക് പ്രോസിക്യൂഷന്‍ അല്‍-ഷെഹാബിനെതിരെ ചുമത്തിയ കുറ്റങ്ങളില്‍ ‘പൊതു ക്രമസമാധാനം തടസപ്പെടുത്താനും പൊതുജനങ്ങളുടെ സുരക്ഷയും രാജ്യത്തിന്റെ സ്ഥിരതയും തകര്‍ക്കാനും ശ്രമിക്കുന്നവര്‍ക്ക് സഹായം നല്‍കി, ട്വിറ്ററില്‍ തെറ്റായതും പ്രകോപനപരവുമായ അപവാദപ്രചരണങ്ങള്‍ പ്രസിദ്ധീകരിക്കല്‍’ എന്നിവയാണ് ഉള്‍പ്പെടുന്നത് എന്ന് സൗദി മനുഷ്യാവകാശ സംഘടനയായ എ.എല്‍.ക്യു.എസ്.ടി എന്‍.ജി.ഒ വ്യക്തമാക്കി.

ട്വിറ്ററില്‍ ഇവര്‍ ആരെയൊക്കെയാണ് ഫോളോ ചെയ്യുന്നത് എന്നതും ശിക്ഷക്ക് കാരണമായി.

വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും കൂടിയാണ് സല്‍മ അല്‍-ഷെഹാബ്. തന്റെ കുട്ടികളെയും പ്രായമായ അമ്മയെയും പരിചരിക്കേണ്ടതുണ്ടെന്നും ശിക്ഷയില്‍ ഇളവ് വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് കണക്കിലെടുത്തില്ല.

Content Highlight: UN calls for the release of Saudi woman activist sentenced to 34 years for twitter activity

We use cookies to give you the best possible experience. Learn more