ജനീവ: താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങള്‍ക്കെതിരെ അടിയന്തര യോഗം ചേര്‍ന്ന് ഐക്യരാഷ്ട്രസഭ. സ്ത്രീകള്‍ക്ക് വീടു വിട്ട് പുറത്തിറങ്ങുന്നതിന് ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
കഴിഞ്ഞ ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തത്. അധികാരത്തിലെത്തിയതിന് പിന്നാലെ രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ ചൂഷണം ചെയ്യുന്ന നയങ്ങളാണ് താലിബാന്‍ മുന്നോട്ടുവെക്കുന്നത്.
ശനിയാഴ്ച താലിബാന്‍ പുറത്തുവിട്ട പുതിയ നിയമപ്രകാരം രാജ്യത്തെ സ്ത്രീകള്‍ക്ക് വീടു വിട്ട് പുറത്തിറങ്ങുന്നതിനും ആറാം ക്ലാസിന് മുകളിലുള്ള പെണ്‍കുട്ടികള്‍ക്ക് പഠനം നിഷേധിക്കുകയും ചെയ്തിരുന്നു.
പുരുഷനായ ബന്ധു കൂടെയില്ലാതെ യാത്ര ചെയ്യുന്നതിനും, പൊതു ഇടങ്ങള്‍ സന്ദര്‍ശിക്കാനും സ്ത്രീകള്‍ക്ക് വിലക്കുണ്ട്.
രാജ്യത്തെ സാമ്പത്തിക, മാനുഷിക സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം സ്ത്രീകളെയും പെണ്‍കുട്ടികളെയും അടിച്ചമര്‍ത്തുന്നതിലാണ് താലിബാന്റെ നയങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് യു.എന്‍ കൗണ്‍സില്‍ യോഗത്തിന് മുമ്പ് നോര്‍വേയുടെ ഡെപ്യൂട്ടി യു.എന്‍ അംബാസഡര്‍ ട്രൈന്‍ ഹെയ്മര്‍ബാക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
ഏറ്റവും പുതിയ താലിബാന്‍ തീരുമാനം ഭയാനകമാണെന്ന് ചൂണ്ടിക്കാട്ടി അയര്‍ലന്‍ഡും മെക്സിക്കോയും, സെക്യൂരിറ്റി കൗണ്‍സില്‍ ഇന്‍ഫോര്‍മല്‍ ഗ്രൂപ്പിന് കത്തയച്ചിരുന്നു.
അഫ്ഗാനിലെ നിലവിലെ ഭരണാധികാരികള്‍ക്ക് രാജ്യത്തെ സ്ത്രീകളുടെ ക്ഷേമത്തെയോ അവകാശത്തെയോ പ്രോത്സാഹിപ്പിക്കാന്‍ താത്പര്യമില്ലെന്നും കത്തില്‍ വ്യക്തമാക്കി.
അഫ്ഗാനിസ്ഥാനിലെ ല്ലൊ മേകലകളിലും സ്ത്രീകള്‍ തുല്യമായ പങ്ക് വഹിക്കണമെന്ന കൗണ്‍സിലിന്റെ സന്ദേശത്തിന് നേര്‍വിപരീതമാണ് താലിബാന്റെ നയങ്ങളെന്നും കത്തില്‍ പറയുന്നു.
അഫ്ഗാനിലെ സ്ത്രീകളും പെണ്‍കുട്ടികളും സങ്കല്‍പ്പിക്കാന്‍ കഴിയുന്നതിലും മുകളിലുള്ള നിയന്ത്രണങ്ങളാണ് അനുഭവിക്കുന്നതെന്ന് അയല ന്റെ യു.എന്‍ അംബാസഡര്‍ ജെറാള്‍ഡിന്‍ ബൈര്‍നെ നാസണ്‍ പറഞ്ഞു.
‘കഴിഞ്ഞ 20 വര്‍ഷമായി സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം, ജോലി, സ്വന്തം ഭാവിയെക്കുറിച്ച് തീരുമാനമെടുക്കുക എന്നിവയില്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ഒപ്പം വളരുന്ന സാംസ്‌കാരിക അന്തരീക്ഷത്തിന്റെ ഭാഗമാകാനും സ്ത്രീകള്‍ക്ക് അവകാശമുണ്ട്. താലിബാന്‍ അധികാരത്തിലെത്തുന്നതിന് മുന്‍പ് രാജ്യത്തെ സ്‌കൂളുകളില്‍ 3.6 ദശലക്ഷം പെണ്‍കുട്ടികളായിരുന്നു. നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം നിലനിന്നിരുന്നു. താലിബാന്‍ നിലവില്‍ ഇതിനെയെല്ലാം തുടച്ചുനീക്കാനാണ് ശ്രമിക്കുന്നത്’ ബ്രിട്ടന്റെ യു.എന്‍ അംബാസഡര്‍ ബാര്‍ബറ വുഡ്‌വാര്‍ഡ് പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ യുഎന്‍ രാഷ്ട്രീയ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും അംബാസഡര്‍മാര്‍ ചര്‍ച്ച ചെയ്തു.